kozhikode local

മുഖംരക്ഷിക്കാനുള്ള തത്രപ്പാടില്‍ പോലിസും രാഷ്ട്രീയപ്പാര്‍ട്ടികളും

പി കെ സി ചോയിമഠം
താമരശ്ശേരി: കഴിഞ്ഞ തിങ്കളാഴ്ച നടന്ന സോഷ്യല്‍ മീഡിയ ഹര്‍ത്താലുമായി ബന്ധപ്പെട്ട് പോലിസിന്റെയും പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെയും മുഖം രക്ഷിക്കാനുള്ള ശ്രമം ഏറെ ചര്‍ച്ചയാവുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ സോഷ്യല്‍ മീഡിയകളില്‍ കശ്മീരി പെണ്‍കുട്ടിക്കായി വിവധ കോണുകളില്‍ നിന്ന് പ്രതിഷേധമുയരുകയും അത് തിങ്കളാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപനത്തില്‍ എത്തുകയും ചെയ്തിരുന്നു. ഏകദേശം മൂന്ന് ലക്ഷത്തോളം പേര്‍ സോഷ്യല്‍ മീഡിയയില്‍ ഇത് ഷെയര്‍ചെയ്തിട്ടും രഹസ്യാന്വേഷണ വിഭാഗത്തിനു ഹര്‍ത്താല്‍ മുന്‍കൂട്ടി കാണാനും അവ പോലിസിനെ കൊണ്ട് തടയാനും സാധിക്കാതെ പോയത് ഏറെ ജാള്യത ഉണ്ടാക്കിയ സംഭവമാണ്.
കേരള പോലിസിന്റെ ചരിത്രത്തില്‍ തന്നെ ഇങ്ങനെയൊരു ചീത്തപ്പേര് ഉണ്ടായിട്ടില്ല. തൊട്ടതിനും പിടിച്ചതിനുമൊക്കെ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ മുന്നറിയിപ്പ് നല്‍കുമ്പോള്‍ എന്തുകൊണ്ട്് ഇത്തരത്തിലുള്ള ഒരു കൂട്ടായ്മ രൂപപ്പെട്ടത് ശ്രദ്ധിക്കാന്‍ സാധിക്കാതെ പോയി എന്നത് ചോദ്യ ചിഹ്നം തന്നെയാണ്. ഹര്‍ത്താല്‍ തലേന്ന് നടത്തിയ പ്രകടനങ്ങള്‍ കണ്ടിട്ടെങ്കിലും മനസ്സിലാക്കാന്‍ പോലിസിനു സാധിച്ചില്ലെന്നത് ഗുരുതരമായ വീഴ്ചയാണ്. ഇതേ അവസ്ഥ തന്നെയാണ് ഇവിടെയുള്ള ചെറുതും വലുതുമായ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സംഭവിച്ചത്.
പാര്‍ട്ടി നേതാക്കന്‍മാര്‍ പറയാതെയും അറിയാതെയും ഒരു സമരവും ഹര്‍ത്താലും നടക്കില്ലെന്നും തങ്ങള്‍ക്ക്് അണികളെ നിയന്ത്രിക്കാന്‍ സാധിക്കുമെന്ന വിശ്വാസവുമാണ് പൊളിഞ്ഞത്. രാഷ്ടീയ -മത നേതാക്കളെ പോലും തങ്ങള്‍ക്ക് ശരിയെന്നു തോന്നിയ കാര്യത്തില്‍ തള്ളിക്കളായാന്‍ അണികള്‍ തയ്യാറാണെന്ന സന്ദേശവും ഈ ഹര്‍ത്താലില്‍ നിന്നു നേതാക്കള്‍ പഠിച്ചു. അതിന്റെ ഏറ്റവും പ്രത്യക്ഷമായ തെളിവാണ് ഹര്‍ത്താല്‍ ദിനത്തില്‍ വിവിധ പാര്‍ട്ടി നേതാക്കള്‍ ഈ ഹര്‍ത്താലുമായി ബന്ധമില്ലെന്ന പത്ര-മാധ്യമ ,സോഷ്യല്‍മീഡിയ വഴി നടത്തിയ പ്രചാരണം. ഇത്തരം ഒഴിഞ്ഞുമാറലുകളെ നിഷ്‌കരുണമാണ് യുവത തള്ളിയത്.
ഇതില്‍ നിന്നു മുഖം രക്ഷിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്നത്. തങ്ങളുടെ അണികളില്ലെന്നും അത് മറ്റുള്ളവരാണ് നടത്തിയതെന്നും പറഞ്ഞു ഫലിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മലപ്പുറം ജില്ലയില്‍ കഴിഞ്ഞ ദിവസം നടന്ന ഒരു പാര്‍ട്ടി കുടുംബ സംഘമത്തില്‍ ഒരു നേതാവ് പ്രസംഗിച്ചത് ഹര്‍ത്താല്‍ നടത്തിയത് നമ്മുടെ പാര്‍ട്ടിയിലെ ചെറുപ്പക്കാരാണെന്നും അവരെ സഹായിച്ചാ ല്‍ അത് തെറ്റാവുമെന്നും സഹായിച്ചില്ലെങ്കില്‍ അവരും കുടംബവും മറ്റേ പാര്‍ട്ടിയിലേക്ക് മാറുമെന്നുമാണ്. ഇത്തരം ദയനീയാവസ്ഥയിലാണ് എല്ലാ രാഷ്ട്രീയ നേതൃത്വങ്ങളും.
ഇതിന്റെ ഭാഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ ഹര്‍ത്താലിനു ആഹ്വാനം ചെയ്തവരെയും അവ പ്രചരിപ്പിച്ച വാട്‌സ് ആപ്പ് ഗ്രൂപ്പ് അഡ്മിനുകളേയും  കണ്ടെത്തി പേടിപ്പിക്കാനും ജയിലിലടക്കാനുമുള്ള പോലിസിന്റെ ശ്രമം. അതിനു ഭരണ പ്രിപക്ഷ പാര്‍ട്ടികളുടെ സഹകരണവുമുണ്ട്.
സോഷ്യല്‍ മീഡിയ വഴി പ്രചാരണം നടത്തിയവര്‍ക്കെതിരേ പോലിസ് കേസ് എടുത്താല്‍ തന്നെ അവ കോടതിയില്‍ നില നില്‍കില്ലെന്ന് നിയമ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് പോലിസിനും ബോധ്യമുണ്ട്. തങ്ങള്‍ക്ക് പിണഞ്ഞ പോരായ്മ മറച്ചു വയ്ക്കാനുള്ള കൊണ്ടുപിടിച്ച ശ്രമാണ് ഇപ്പോള്‍ നടക്കുന്നത്. അറസ്റ്റിലായവരില്‍ ഭൂരിഭാഗവും ഭരണ-പ്രതിപക്ഷ പാര്‍ട്ടികളില്‍ പെട്ടവരായിട്ടും അത് അംഗീകരിക്കാതെ മറ്റ് പാര്‍ട്ടികളുടെ തലയില്‍ വച്ചുകൊട്ടാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനു വര്‍ഗീയ നിറം നല്‍കാനും ചില കോണുകളില്‍ ശ്രമം നടക്കുന്നുണ്ട്. ഹര്‍ത്താലുകള്‍ക്കു ഒരു പഞ്ഞവുമില്ലാത്ത സംസ്ഥാനമാണ് നമ്മുടേത്. സോഷ്യല്‍ മീഡിയ നടത്തിയ ഹര്‍ത്താലില്‍ ഉണ്ടായതിനേക്കാള്‍ അക്രമങ്ങളും നാശ നഷ്ടങ്ങളും മരണവും വരെ പാര്‍ട്ടികള്‍ നടത്തിയപ്പോള്‍ ഉണ്ടായത് മലയാളികള്‍ക്ക് മറക്കനാവില്ല.
കഴിഞ്ഞ ദിവസം പോലിസ് രഹസ്യാന്വേഷണ വിഭാഗം ഡിജിപിക്ക് നല്‍കിയ റിപോര്‍ട്ടില്‍ ഹര്‍ത്താല്‍ മെനഞ്ഞത് സംഘപരിവാര്‍ സൈബര്‍ വിങ് ആണെന്ന് റിപോര്‍ട്ട് കൊടുത്തിരുന്നു. എന്നാല്‍ ഇതിന്റെ ചുവടുപിടിച്ചു അന്വേഷണം മുന്നോട്ട് പോവാതെ ഹര്‍ത്താല്‍ നടത്തിയവരെയും അതിനു പ്രചാരണം നടത്തിയവരേയും തേടിയാണ് പോലിസ് പോവുന്നത്. ഇത് സംഘപരിവാരത്തിന്റെ അജണ്ട നടപ്പാക്കുന്നതിനു അറിഞ്ഞോ അറിയാതയോ പോലിസ് കൂട്ടു നില്‍കുന്ന തരത്തിലാണെന്നും വ്യാപക പരാതി ഉയര്‍ന്നു. ദളിത് സംഘടനകള്‍ നടത്തിയ ഹര്‍ത്താലിനെ മുന്‍ വിധിയോടെ കണ്ട അതേ മനസ്സുകളാണ് ഇപ്പോള്‍ കഴിഞ്ഞ ദിവസം നടന്ന ഹര്‍ത്താലിന്റെ പേരില്‍ കാടടക്കി വെടിവച്ചത്്.
Next Story

RELATED STORIES

Share it