Kottayam Local

മുഖംമൂടി ധരിച്ച് കാര്‍ കൊള്ളയടിക്കാന്‍ ശ്രമം; അഞ്ചംഗ സംഘം പിടിയില്‍

ചെങ്ങന്നൂര്‍: മുഖംമൂടി ധരിച്ച് കാര്‍ തടഞ്ഞു നിര്‍ത്തി കൊള്ളയടിക്കാന്‍ ശ്രമിച്ച അഞ്ചംഗ സംഘത്തെ ചെങ്ങന്നൂര്‍ പോലിസ് അറസ്റ്റ് ചെയ്തു. പുല്ലൂര്‍ പേരിശ്ശേരി മുളക്കിത്തറ തുണ്ടിയില്‍ ബിജോകോശി (18), പേരിശ്ശേരി പുതുവേലില്‍ വീട്ടില്‍ വിഷ്ണു റെജി (19), പേരിശ്ശേരി പത്മാലയത്തില്‍ ശ്രീനാഥ് (19), പേരിശ്ശേരി കൊയ്പ്പള്ളിതെക്കേതില്‍ അഖില്‍നാഥ് (18), സഹോദരന്‍ രാഹുല്‍നാഥ് (19) എന്നിവരാണ് പോലിസിന്റെ പിടിയിലായത്. മാന്നാര്‍ കുട്ടന്‍പേരുര്‍ ചിത്തിരയില്‍ വൈശാഖ് (19), സുഹൃത്ത് വിവേക് എന്നിവര്‍ സഞ്ചരിച്ച കാറാണ് തടഞ്ഞുനിര്‍ത്തി മോഷണത്തിനു ശ്രമിച്ചത്.
സംഭവത്തെപ്പറ്റി പോലിസ് പറയുന്നതിങ്ങനെ: കഴിഞ്ഞ ഫെബ്രുവരി 18ന് പുലര്‍ച്ചെ ശബരിമല ദര്‍ശനം കഴിഞ്ഞ് വൈശാഖും സുഹൃത്തും കാറില്‍ മാന്നാറിലേക്കു മടങ്ങും വഴി പുലര്‍ച്ചെ ഒന്നോടെ പുലിയൂരില്‍ എത്തി. ഈ സമയം ബിജോകോശിയും സംഘവും മുഖം മൂടി ധരിച്ച് കാര്‍ തടഞ്ഞു നിര്‍ത്തി വാതിലുകള്‍ തുറക്കാന്‍ ആവശ്യപ്പെട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കാര്‍ തുറക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ കാര്‍ സെന്റര്‍ലോക്ക് ചെയ്തിരുന്നതിനാല്‍ വാതിലുകള്‍ തുറക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. വാഹനത്തിനു ചുറ്റും നില ഉറപ്പിച്ച അഞ്ചംഗ സംഘം ഏറെ നേരം ഇവരെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി. ഇതിനിടെ കാറിന് മുന്‍ഭാഗത്തുനിന്നും ഇവര്‍ മാറിയതോടെ കാര്‍ മുന്നോട്ടെടുത്ത് ഇവര്‍ രക്ഷപെടുകയായിരുന്നു. സംഭവത്തിനു ശേഷം രക്ഷപ്പെട്ട പ്രതികളെ കഴിഞ്ഞ ദിവസം ഇടുക്കി ജില്ലയിലെ കട്ടപ്പനയില്‍ നിന്നാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്.
ചെങ്ങന്നൂരിലെത്തിച്ച പ്രതികളെ വൈശാഖ് വിളിച്ചുവരുത്തി ഇവരാണെന്ന് ഉറപ്പിച്ചശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികളെ മജിസ്‌ട്രേറ്റിനു മുമ്പില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it