wayanad local

മുഖംമൂടി ആക്രമണം; കര്‍ണാടകയില്‍ മലയാളികള്‍ കവര്‍ച്ചയ്ക്കിരയായി



സുല്‍ത്താന്‍ ബത്തേരി: ബംഗളൂരു-മൈസൂര്‍ യാത്രാമധ്യേ ശ്രീരംഗണപട്ടണത്തിനു സമീപം പിക്കപ്പ് ജീപ്പില്‍ യാത്രചെയ്യുകയായിരുന്ന കേണിച്ചിറ സ്വദേശികളില്‍ നിന്നു പണവും മൊബൈല്‍ ഫോണുകളും തട്ടിയെടുത്തതായി പരാതി. കേണിച്ചിറ സ്വദേശികളായ എ ബി ജയപ്രകാശ്, പി ഡി ഷൈജു, ഷിജു എന്നിവരെയാണ് ആധുധധാരികളായ മുഖംമൂടി സംഘം ആക്രമിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. ഇതുസംബന്ധിച്ച് ശ്രീരംഗപട്ടണം പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നു ജൈവ പച്ചക്കറികളെടുത്ത് ബംഗളൂരുവില്‍ വില്‍പന നടത്തി തിരികെവരുന്ന വഴിക്കാണ് കേണിച്ചിറ സ്വദേശികള്‍ക്ക് ഈ ദുരനുഭവമുണ്ടായത്.യാത്രയ്ക്കിടയില്‍ ഇവര്‍ വാഹനം റോഡരികില്‍ നിര്‍ത്തി ഉറങ്ങുമ്പോഴാണ് മുഖംമൂടി സംഘം വളഞ്ഞത്. തുടര്‍ന്ന് അക്രമികള്‍ വടിവാള്‍, കത്തി എന്നിവ കാണിച്ച് ഭീഷണിപ്പെടുത്തി. ജയപ്രകാശിന്റെയും ഷൈജുവിന്റെയും കൈയില്‍നിന്ന് ഏഴായിരത്തോളം രൂപ, എടിഎം കാര്‍ഡുകള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവ ബലമായി പിടിച്ചുവാങ്ങി. വാഹനത്തിന്റെ ഡ്രൈവറായ ഷിജുവിനെ മര്‍ദിക്കുകയും ചെയ്തു. പിന്നീട് സംഘം തങ്ങളെ പോവാന്‍ അനുവദിക്കുകയായിരുന്നുവെന്നു ജയപ്രകാശ് പറഞ്ഞു. തുടര്‍ന്ന് ജയപ്രകാശും കൂട്ടരും ശ്രീരംഗപട്ടണം പോലിസ് സ്‌റ്റേഷനിലെത്തി രാത്രിതന്നെ പരാതി നല്‍കി. പോലിസ് അപ്പോള്‍ തന്നെ സംഭവസ്ഥലവും പരിസരവും പരിശോധിച്ചെങ്കിലും ആരെയും കണ്ടെത്താന്‍ സാധിച്ചില്ല. ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണ്. കര്‍ണാടക പോലിസ് വളരെ ഉത്തരവാദിത്തത്തോടെയാണ് പെരുമാറിയത്. പുലരുംവരെ വിശ്രമിക്കാനുള്ള സൗകര്യമൊരുക്കുകയും ചെയ്തു. രാവിലെ ഭക്ഷണമടക്കം വാങ്ങിത്തന്നതിനു ശേഷമാണ് തിരിച്ചയച്ചതെന്നും ജയപ്രകാശ് പറഞ്ഞു. കര്‍ണാടകയിലെത്തുന്ന മലയാളി യാത്രക്കാര്‍ക്കെതിരേ കവര്‍ച്ചാസംഘത്തിന്റെ ആക്രമണങ്ങള്‍ ഇതിനു മുമ്പുതന്നെ ചര്‍ച്ചാവിഷയമാണ്.
Next Story

RELATED STORIES

Share it