malappuram local

മുക്കുപണ്ടം വില്‍ക്കാനെത്തിയ ഇതര സംസ്ഥാന യുവതി പിടിയില്‍

മലപ്പുറം: മുക്കുപണ്ടം വില്‍ക്കാനെത്തിയ അന്യ സംസ്ഥാന യുവതിയെ മലപ്പുറം പോലിസ് അറസ്റ്റ് ചെയ്തു. മലപ്പുറം കോട്ടപ്പടിയില്‍ പ്രവര്‍ത്തിക്കുന്ന ദുബയ് ഗോള്‍ഡിന്റെ ഷോറുമില്‍ സ്വര്‍ണമാണെന്ന് ധരിപ്പിച്ച് മുക്കുപണ്ടം വില്‍ക്കുന്നതിനിടെയാണു രാജസ്ഥാന്‍ കോട്ട സ്വദേശിനിയായ അനിത (25) യെ പോലിസ് പിടികൂടിയത്. ഇവരുടെ കൂടെ രണ്ട് വയസ്സുള്ള കുഞ്ഞുമുണ്ടായിരുന്നു.
സ്വര്‍ണം വില്‍ക്കാനെന്ന് പറഞ്ഞ് മൂന്നര പവന്‍ മാലയുമായി ഇന്നലെ രാവിലെയാണ് യുവതി മലപ്പുറത്തെ സ്വര്‍ണ വ്യാപാര കേന്ദ്രത്തിലെത്തിയത്. പ്രഥമിക പരിശോധനയിലും പ്യൂരിറ്റി അനലൈസര്‍ വെച്ചുള്ള പരിശോധനിയിലും 916 കാരറ്റ് സ്വര്‍ണമെന്ന് കാണിച്ചിരുന്നു. യുവതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ജ്വല്ലറി ജീവനക്കാര്‍ സ്വര്‍ണം ചൂടാക്കി സൂക്ഷമ പരിശോധന നടത്തുകയായിരുന്നു.
ചൂടാക്കിയ ഉടന്‍ തന്നെ സ്വര്‍ണം ഉരുകി ഇല്ലാതെയായി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ആഭരണം ചെമ്പാണെന്ന് തെളിഞ്ഞത്. വെറും രണ്ട് ഗ്രാമം സ്വര്‍ണം മാത്രമാണ് ഇതില്‍ ഉണ്ടായിരുന്നത്. ജീവനക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഉടന്‍ മലപ്പുറം പോലിസ് എത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. മഹാരാഷ്ട്ര, സൂറത്ത് എന്നിവിടങ്ങളില്‍നിന്ന് വ്യാജ സ്വര്‍ണം സംസ്ഥാനത്തെത്തിക്കുന്ന വലിയ റാക്കറ്റാണ് ഇതിനു പിന്നിലെന്ന് പോലിസ് പറഞ്ഞു.
ഈ റാക്കറ്റിലെ കണ്ണിയാണ് അറസ്റ്റിലായ അനിത. ഇവര്‍ ഇത്തരത്തില്‍ വിവിധ ജില്ലകളില്‍ സ്വര്‍ണ വില്‍പന നടത്തിയിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു. കോഴിക്കോട് കേന്ദ്രീകരിച്ചാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. വില്‍പനയ്ക്ക് മുമ്പ് ഇവരുടെ കൂടെയുണ്ടായിരുന്ന രാജേഷ് എന്നയാള്‍ ഒളിവിലാണ്. യുവതി നല്‍കിയ നമ്പറില്‍ രാജേഷിനെ ബന്ധപ്പെട്ടെങ്കിലും ഇയാളെ കണ്ടെത്താനായിട്ടില്ല.
യുവതിയെ മലപ്പുറം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ബാങ്ക് പണവുമായി ബന്ധപ്പെട്ട മലപ്പുറം പോലിസില്‍ ഇത്തരത്തിലൊരു കേസ് മാസങ്ങള്‍ക്ക് മുമ്പ് റജിസ്റ്റര്‍ ചെയ്തിരുന്നു. ഈ ആഭരണങ്ങള്‍ ഇതേ വ്യാപര സ്ഥാപനത്തിലെത്തി പരിശോധന നടത്തിയാണ് വ്യാജമാണെന്ന് തെളിയിച്ചത്. ഈ സംഭവമാണ് ജീവനക്കാരെ സൂക്ഷമമായി പരിശോധിക്കാന്‍ പ്രേരിപ്പിച്ചതെന്ന് എസ്‌ഐ റിച്ചാര്‍ഡ് വര്‍ഗീസ് പറഞ്ഞു.
Next Story

RELATED STORIES

Share it