Kottayam Local

മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങള്‍ തട്ടിയ യുവാവ് പിടിയില്‍

പാലാ: വിവിധ സഹകരണ ബാങ്കുകളില്‍ മുക്കുപണ്ടം വച്ചും ബന്ധുക്കളും സുഹൃത്തുക്കളുമായ സ്ത്രീകളെ കൊണ്ട് മുക്കുപണ്ടം പണയം വപ്പിച്ചും ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവാവിനെ പോലിസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടി. കുറുമണ്ണ് ചീരാംകുഴിയില്‍ പ്രിന്‍സ് ജേക്കബ് (42) ആണ് പോലിസ് പിടിയിലായത്. കഴിഞ്ഞ മൂന്നു വര്‍ഷമായി സമാനരീതിയില്‍ തട്ടിപ്പ് നടത്തിയ ഇയാള്‍ ലക്ഷങ്ങള്‍ തട്ടിയതായി സംശയിക്കുന്നതായി പോലിസ് പറഞ്ഞു. പ്രിന്‍സിന് മുക്കുപണ്ടങ്ങള്‍ കൈമാറിയെന്ന് സംശയിക്കുന്ന ഒരാള്‍ പോലിസിന്റെ നിരീക്ഷണത്തിലാണ്. കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തി വരുകയാണ്. വലവൂര്‍ സര്‍വീസ് സഹകരണ ബാങ്ക്, നീലര്‍ സഹകരണ ബാങ്ക്, കോട്ടയം ജില്ലാ ബാങ്കിന്റെ കൊല്ലപ്പള്ളി ശാഖ, കൊല്ലപ്പള്ളിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനം എന്നിവടങ്ങളില്‍ മുക്കുപണ്ടം പണയംവച്ച് പണം വാങ്ങിയതായി പ്രിന്‍സ് സമ്മതിച്ചുവെന്ന് പോലിസ് പറഞ്ഞു. കൊല്ലപ്പള്ളിയിലെ ഒരു സൂപര്‍ മാര്‍ക്കറ്റില്‍ കുറച്ചുകാലം ജോലി ചെയ്തിരുന്ന ഇയാള്‍ അവിടെയുള്ള സഹജോലിക്കാരായ സ്ത്രീകളെ കൊണ്ടും ബന്ധുക്കളായ ചില സ്ത്രീകളെക്കൊണ്ടുമാണ് മുക്കുപണ്ടം പണയം വയ്പ്പിച്ചിരുന്നത്. കാലാവധി കഴിഞ്ഞിട്ടും സ്വാര്‍ണം തിരികെ എടുക്കാത്തതിനെ തുടര്‍ന്ന് ഒരു സഹകരണ ബാങ്ക് അധികൃതര്‍ സ്വര്‍ണം വീണ്ടും പരിശോധിച്ചപ്പോഴാണ് ഇതു മുക്കുപണ്ടമാണെന്ന് തെളിഞ്ഞത്. ഒരു വിധത്തില്‍ പണമുണ്ടാക്കി ഇവ തിരികെയെടുത്ത് സ്ത്രീയും കുടുംബാംഗങ്ങളും പിന്നീട് പാലാ ഡിവൈഎസ്പി വി ജി വിനോദ്കുമാറിനെ വിവരം അറിയിക്കുകയായിരുന്നു ഇതേത്തുടര്‍ന്ന് പാലാ എസ്‌ഐ അഭിലാഷ് കുമാര്‍, സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ സുനില്‍കുമാര്‍, തോമസ്‌സേവ്യര്‍, അനില്‍കുമാര്‍ എസ് എന്നിവര്‍ ചേര്‍ന്ന് കുറുമണ്ണിലെ വീട്ടില്‍ നിന്നും പ്രിന്‍സിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പാലാ സിഐ രാജന്‍ കെ അരമനയുടെ നേതൃത്വത്തില്‍ ഇയാളെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്.
Next Story

RELATED STORIES

Share it