kozhikode local

മുക്കം, സേലം എന്നിവിടങ്ങളില്‍ നിന്നായി 10.5 ലക്ഷത്തിന്റെ കള്ളനോട്ട് പിടികൂടി

വടകര/മുക്കം: മുക്കത്ത് വന്‍ കള്ളനോട്ട് വേട്ട. 1.5 ലക്ഷം രൂപയുടെ വ്യാജ നോട്ടുമായി തമിഴ്‌നാട് സ്വദേശികളായ യുവതിയും യുവാവുമാണ് പിടിയിലായത്. കോഴിക്കോട് റൂറല്‍ എസ്പിയുടെ പ്രത്യേക അന്വേഷണ സംഘം മുക്കത്തും സേലത്തും വച്ചാണ് ഇവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. സേലം സ്വദേശികളായ സുരേഷ്‌കുമാര്‍ (35), നിര്‍മല (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ പുലര്‍ച്ചെ മുക്കത്ത് വച്ച് കള്ളനോട്ട് കൈമാറാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് കോഴിക്കോട് റൂറല്‍ എസ്പി കെ പുഷ്‌കരന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുക്കത്തെ ഒരു ലോഡ്ജില്‍ വച്ച് സുരേഷ് കുമാര്‍ പിടിയിലായത്. സുരേഷ്‌കുമാറിന്റെ കൈവശമുണ്ടായിരുന്ന 500 ന്റെയും നൂറിന്റെയും നോട്ടുകളടങ്ങിയ 50,000 രൂപയുടെ കള്ളനോട്ടുമായി അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കള്ളനോട്ട് കോഴിക്കോട് ഭാഗത്ത് വിതരണം ചെയ്യാന്‍ കൊണ്ടുവന്നതാണെന്നും സേലം സ്വദേശിയായ നിര്‍മലയും മറ്റൊരാളും ചേര്‍ന്നാണ് നിര്‍മിച്ച് വിതരണം ചെയ്യുന്നതെന്നും കണ്ടെത്തി. നിര്‍മല കഴിഞ്ഞവര്‍ഷം തൃശൂര്‍ ജില്ലയിലെ മണ്ണൂത്തി  5 ലക്ഷം രൂപയുടെ കള്ളനോട്ടുമായി പിടിയിലായിരുന്നെന്നും ആ കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും കള്ളനോട്ട് നിര്‍മാണം നടത്തുന്നുണ്ടെന്നും പ്രതി സുരേഷില്‍ നിന്ന് ലഭിച്ച വിവരമാണ് അന്വേഷണ സംഘത്തിന് നിര്‍മലയെ സേലത്ത് വച്ച് അറസ്റ്റ് ചെയ്യാന്‍ സഹായകമായത്.നിര്‍മലയെ പിടികൂടുമ്പോള്‍ ഇവരുടെ  കൈവശം 2000, 500, 200,100 എന്നിവയുടെ 10 ലക്ഷത്തോളം രൂപയുടെ കള്ളനോട്ടുകളും ഉണ്ടായിരുന്നു. 2017 മെയ് മാസത്തില്‍ 5 ലക്ഷം രൂപയുടെ കള്ളനോട്ടുമായി നിര്‍മല ഉള്‍പ്പട്ട തമിഴ്‌നാട്ടുകാരായ നാലംഗ സംഘത്തെ സ്‌കോര്‍പിയോ കാര്‍ സഹിതം മണ്ണുത്തി പോലിസ് പിടികൂടിയിരുന്നു. അന്ന് നിര്‍മലയുടെ വീട്ടില്‍ നിന്ന് കള്ളനോട്ട് സാമഗ്രികള്‍ പോലിസ് കണ്ടെടുത്തി. 3 മാസത്തിന് ശേഷം ആ കേസില്‍ ജാമ്യത്തിലിറങ്ങിയ നിര്‍മല വീണ്ടു കള്ളനോട്ടു നിര്‍മാണവും വിതരണവും നടത്തി വരുന്നതിനിടയിലാണ് ഇപ്പോള്‍ പിടിയിലായത്. കോഴിക്കോട് റൂറല്‍ പോലിസ് പരിധിയില്‍ കഴിഞ്ഞ 3 മാസത്തിനിടെ ഇത് മൂന്നാം തവണയാണ് കള്ളനോട്ടുസംഘങ്ങളെ പിടികൂടുന്നത്. 2017 നവംബര്‍ മാസത്തില്‍ കൊടുവള്ളി പോലിസ് സ്റ്റേഷനില്‍  50 ലക്ഷത്തോളം രൂപയുടെ കള്ളനോട്ടും നിര്‍മാണ സാമഗ്രികളുമായി കോട്ടയം, കോഴിക്കോട് സ്വദേശികളായ 7 പേരേ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിന് അന്താരാഷ്ട്ര ബന്ധം സംശയിക്കുന്നതിനാല്‍ എന്‍ഐഎ അന്വേഷണം നടത്തുകയാണ്. കഴിഞ്ഞ മാസം വടകര പോലിസ് സ്റ്റേഷനില്‍ 3 ലക്ഷം രൂപയുടെ കള്ള നോട്ടു നിര്‍മാണ സാമഗ്രികളുമായി 2 പേരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസുകളിലെ പ്രതികള്‍ക്കെല്ലാം തമ്മില്‍ പരസ്പര ബന്ധമുണ്ടോയെന്നും ഈ കേസില്‍ കൂടുതല്‍ ആളുകള്‍ പെട്ടിട്ടുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്. പ്രതിയായ നിര്‍മല സേലത്ത് വലിയ ചിട്ടികള്‍ നടത്തി ആളുകളെ കബളിപ്പിച്ചിട്ടുണ്ട്. എത്രത്തോളം കള്ളനോട്ട് അടിച്ചിട്ടുണ്ടെന്നും വിപണിയിലെത്ര ഇറക്കിയെന്നും ഇവരുടെ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ചും അന്വേഷിച്ചുവരികയാണ്. താമരശ്ശേരി ഡിവൈഎസ്പി .സജീവന്‍, മുക്കം എസ്‌ഐ കെ പി അഭിലാഷ്, ക്രൈം സ്വാഡ് അംഗങ്ങളായ എഎസ്‌ഐ. രാജീവ് ബാബു, ഷിബില്‍ ജോസഫ്, ഹരിദാസന്‍ ,എഎസ്‌ഐ .സതിഷ് കുമാര്‍, ബേബി മാത്യു , ജസ്സി മാത്യു, ഷഫീഖ് എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.
Next Story

RELATED STORIES

Share it