kozhikode local

മുക്കം സഹകരണ ബാ ങ്ക്: അവിശ്വാസപ്രമേയ ചര്‍ച്ച 16ന്

മുക്കം: യു ഡി.എഫ് ഭരിക്കുന്ന മുക്കം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റിനെതിരെ ഭരണ സമിതിയിലെ ഒരു വിഭാഗം കോണ്‍ഗ്രസ് അംഗങ്ങള്‍  നല്‍ കിയ അവിശ്വാസ പ്രമേയം ഈ മാസം 16 ന് ചര്‍ച്ചക്കെടുക്കും.
മുസ്‌ലിംലീഗിലെ അബ്ദുല്‍ ജബ്ബാറാണ് പ്രസിഡന്റ്. ഇദ്ദേഹത്തിനെതിരെ  കോണ്‍ഗ്രസിലെ എ ഗ്രൂപ്പും ഐ ഗ്രൂപ്പിലെ ഒരു വിഭാഗവുമാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. 13 അംഗ ഭരണസമിതിയില്‍ കോണ്‍ഗ്രസിന് 8 ഉം മുസ്‌ലിംലീഗിന് 5 ഉം അംഗങ്ങളാണുള്ളത്. ഇതില്‍ എ ഗ്രൂപ്പിലെ 4 പേരും ഐ ഗ്രൂപ്പിലെ 2 പേരുമാണ് നോട്ടീസ് നല്‍കിയത്.
അവിശ്വാസം പാസ്സാവുന്നതിന് 7 അംഗങ്ങളുടെ പിന്തുണ വേണമെന്നിരിക്കേ ലീഗിലെ ഒരംഗത്തെ തങ്ങള്‍ക്കൊപ്പം നിര്‍ത്താനാവുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.
അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ട് എം ഐ ഷാനവാസ് എംപിയും, ഡിസിസി യും ഇടപെട്ട്  ചര്‍ച്ച നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. സംഭവത്തില്‍ ലീഗ് നേതൃത്വം ഡിസിസി പ്രസിഡന്റിന് പരാതി നല്‍കിയിരുന്നു. ഭരണസമിതിയിലെ മുസ്‌ലിംലീഗ് അംഗത്തിനെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം പക്ഷം പിടിച്ച് രംഗത്തിറങ്ങിയതാണ് അസ്വാരസ്യത്തിന് കാരണം.
മലയോര മേഖലയിലെ ആദ്യ സഹകരണ ബാങ്കുകളിലൊന്നായ മുക്കം ബാങ്ക് കാലങ്ങളായി ഭരണം നടത്തുന്നത് കോണ്‍ഗ്രസ് -  ലീഗ് പാര്‍ട്ടികളാണ്.  ഇടക്കിടക്കുണ്ടായ പല അഭിപ്രായ വ്യത്യാസങ്ങളും ചര്‍ച്ചയിലൂടെ പരിഹരിക്കാനായെങ്കിലും നിലവിലെ പ്രശ്‌നങ്ങള്‍ക്ക് മാസങ്ങളായി പ്രതിവിധിയുണ്ടായില്ല.
അതേസമയം പ്രസിഡന്റിന്റെ  ഏകപക്ഷീയമായ നിലപാടാണ്  പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് എതിര്‍വിഭാഗം ആരോപിക്കുന്നത്. എന്നാല്‍  ചില കാര്യങ്ങള്‍ക്ക്  കൂട്ടുനില്‍ക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് പ്രസിഡന്റുമായി ബന്ധപ്പെട്ടവര്‍  ആരോപിക്കുന്നു.
Next Story

RELATED STORIES

Share it