kozhikode local

മുക്കം പോളിടെക്‌നിക് : റവന്യൂ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു; സ്ഥലത്ത് സംഘര്‍ഷം

മുക്കം: മുക്കം മുനിസിപ്പാലിറ്റിയിലെ മംഗലശ്ശേരി തോട്ടത്തില്‍ സര്‍ക്കാര്‍ അനുവദിച്ച ഗവണ്‍മെന്റ് പോളിടെക്‌നിക്കിനായി കണ്ടത്തിയ സ്ഥലത്തെ മുറിച്ചു മാറ്റുന്ന മരങ്ങള്‍ക്ക് നമ്പറിടാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞത് സംഘര്‍ഷത്തിന് കാരണമായി. ഇന്നലെ രാവിലെ 10.15ഓടെയാണ് സംഭവം.
മുനിസിപ്പല്‍ കൗണ്‍സിലര്‍ ശഫീഖ് മാടായിയുടെ നേതൃത്വത്തിലാണ് നാട്ടുകാര്‍ തടഞ്ഞത്. നേരത്തെ ചിലര്‍ തടഞ്ഞതിന്റെ പേരില്‍ മരങ്ങള്‍ക്ക് നമ്പറിടാനാവാതെ ഉദ്യോഗസ്ഥര്‍ തിരിച്ചു പോയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോളിടെക്‌നിക്ക് പയ്യോളിയിലേക്ക് മാറ്റാനും ശ്രമം നടന്നിരുന്നു. ഈ സാഹചര്യത്തില്‍ നാട്ടുകാര്‍ ജില്ലാ കലക്ടര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച മരങ്ങള്‍ക്ക് നമ്പറിടാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കിയത്.
രാവിലെ 10 മണിയോടെ നമ്പറിടാനായി ഉദ്യോഗസ്ഥരെത്തിയിരുന്നു. കൊടുവള്ളി സിഐ പ്രേംജിത്ത്, മുക്കം എസ്‌ഐ പ്രഭാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ വലിയ പോലിസ് സംഘവും സ്ഥലത്തെത്തി. നാട്ടുകാര്‍ സംഘടിച്ച് നമ്പറിടുന്നത് തടഞ്ഞതോടെ പോലിസ് സംരക്ഷണത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ മരങ്ങള്‍ക്ക് നമ്പറിടുകയായിരുന്നു. തഹസില്‍ദാര്‍മാരായ റോഷ്‌നി നാരായണന്‍, സുബ്രഹ്മണ്യന്‍, അഡീഷണല്‍ തഹസില്‍ദാര്‍ ബാലന്‍ എന്നിവരുടെ നേതൃത്വത്തിലാണ് റവന്യൂ സംഘമെത്തിയത്. ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ ശ്രീലേഖയും സ്ഥലത്തെത്തിയിരുന്നു. അതിനിടെ മുസ്‌ലിം ലീഗ് നേതാവ് കെ പി അഹമ്മദ് കുട്ടി സ്ഥലത്തെത്തിയതോടെ നാട്ടുകാരുടെ പ്രതിഷേധം ഇയാള്‍ക്ക് നേരയായി.
പോലിസ് ഇടപെട്ട് അഹമ്മദ് കുട്ടിയെ ഇവിടെ നിന്ന് മാറ്റിയതോടെയാണ് സംഘര്‍ഷത്തിന് അയവ് വന്നത്. ഒരു മണിയോടെ അഞ്ച് ഏക്കര്‍ സ്ഥലത്തെ തേക്ക്, മഹാഗണി ,മാവ് തുടങ്ങിയ 88 മരങ്ങള്‍ക്ക് നമ്പറിട്ട് ഉദ്യോഗസ്ഥരും മടങ്ങി .
മംഗലശ്ശേരി തോട്ടത്തിലെ സര്‍ക്കാര്‍ സ്ഥലം സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കൈമാറുന്നതിന് തടസ്സങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ പോളിടെക്‌നിക്ക് മറ്റൊരു സ്ഥലത്തേക്ക് മാറ്റാന്‍ അധികൃതര്‍ ശ്രമിച്ചിരുന്ന.പോളിടെക്‌നിക്കിന് കണ്ടെത്തിയിട്ടുള്ള റവന്യു പുറമ്പോക്ക് ഭൂമി കൈമാറുന്നതിന്റെ ഭാഗമായി സ്ഥലത്തുള്ള 88 മരങ്ങള്‍ക്ക് നമ്പറിടേണ്ടതുണ്ടായിരുന്നു .ഇതിനായി സോഷ്യല്‍ ഫോറസ്റ്റ് ഓഫീസര്‍ വന്നപ്പോഴും പിന്നീട് വില്ലേജ് ഓഫീസര്‍ വന്നപ്പോഴും സ്ഥലത്ത് താമസിക്കുന്ന ചിലരുടെ നേതൃത്വത്തില്‍ തഞ്ഞെിരുന്നു .
Next Story

RELATED STORIES

Share it