മുകേഷ് എംഎല്‍എയെ കാണാനില്ലെന്ന പ്രതീകാത്മക പരാതി സ്വീകരിച്ചു; കൊല്ലം വെസ്റ്റ് എസ്‌ഐയ്‌ക്കെതിരേ നടപടിക്കു ശുപാര്‍ശ

കൊല്ലം: ചലച്ചിത്രതാരവും കൊല്ലത്തെ എംഎല്‍എയുമായ മുകേഷിനെ കാണാനില്ലെന്നു കാട്ടി പ്രതീകാത്മകമായി യൂത്ത് കോണ്‍ഗ്രസ് നല്‍കിയ പരാതി സ്വീകരിച്ച എസ്‌ഐയ്‌ക്കെതിരേ നടപടിക്കു ശുപാര്‍ശ. കൊല്ലം വെസ്റ്റ എസ്‌ഐ എന്‍ ഗിരീഷിനെതിരേയാണ് കൊല്ലം സ്‌പെഷ്യല്‍ ബ്രാഞ്ച് എസിപി റക്‌സ് ബോബി അര്‍വിന്‍ റിപോര്‍ട്ട് നല്‍കിയത്. കമ്മീഷണര്‍ക്കു നല്‍കിയ റിപോര്‍ട്ടിന്‍മേല്‍ ഇന്ന് നടപടിയുണ്ടാവുമെന്നാണു സൂചന. രണ്ടു വര്‍ഷമായി കൊല്ലം വെസ്റ്റ് എസ്‌ഐയായ ഗിരീഷ് നിലവില്‍ അവധിയിലാണ്.
കഴിഞ്ഞ 23നാണ് യൂത്ത് കോണ്‍ഗ്രസ് കൊല്ലം അസംബ്ലി കമ്മിറ്റി കൊല്ലം വെസ്റ്റ് എസ്‌ഐയ്ക്ക് പരാതി നല്‍കിയത്. നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം കൊല്ലം എംഎല്‍എ മുകേഷിനെ കാണാാനില്ലന്നാണ് പരാതിയില്‍ ആരോപിച്ചിരുന്നത്. പ്രകൃതിക്ഷോഭം മൂലം കൊല്ലത്തിന്റെ തീര—മേഖലയില്‍ വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടും എംഎല്‍എയെ കാണാനോ പരാതി പറയാനോ പൊതുജനങ്ങള്‍ക്കു കഴിഞ്ഞിട്ടില്ല. കൊല്ലം കലക്ടറേറ്റില്‍ ബോംബ് സ്‌ഫോടനം ഉണ്ടായപ്പോള്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ചിട്ടും കൊല്ലം എംഎല്‍എ മുകേഷിനെ മാത്രം കണ്ടില്ല.
പൊതുജന താല്‍പര്യാര്‍ഥം എംഎല്‍എ എവിടെ ഉണ്ടെന്ന് അറിഞ്ഞാല്‍ മാത്രം മതിയെന്നായിരുന്നു പരാതിയില്‍ സൂചിപ്പിച്ചിരുന്നത്. യൂത്ത് കോണ്‍ഗ്രസ്സിന്റെ പരാതി സ്വീകരിച്ച പോലിസ് ഇവര്‍ക്ക് രശീതിയും നല്‍കി. എന്നാല്‍ പരാതി സ്വീകരിച്ച എസ്‌ഐയ്‌ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിപിഎം കൊല്ലം എസിപിക്ക് പരാതി നല്‍കി. വ്യക്തിഹത്യ നടത്തുന്നതിനുള്ള രാഷ്ട്രീയനീക്കമാണ് യൂത്ത് കോണ്‍ഗ്രസ് നടത്തുന്നതെന്നു കാണിച്ചായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ എസിപി സ്‌പെഷ്യല്‍ ബ്രാഞ്ചിന് നിര്‍ദേശം നല്‍കി. ഈ റിപോര്‍ട്ടിലാണ് പരാതി സ്വീകരിച്ച എസ്‌ഐയ്‌ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. എംഎല്‍എയെ കാണാനില്ലെന്ന പരാതി രാഷ്ട്രീയനീക്കത്തിന്റെ ഭാഗമാണെന്നു മനസ്സിലാക്കേണ്ടിയിരുന്നു. അല്ലാതെ കാണാനില്ലെന്ന പരാതി സ്വീകരിച്ച് രശീതി നല്‍കിയതു ശരിയായില്ലെന്നാണ് റിപോര്‍ട്ടിലുള്ളത്.
അതേസമയം, യൂത്ത് കോ ണ്‍ഗ്രസ് നല്‍കിയ പരാതിക്കെതിരേ കഴിഞ്ഞ ദിവസം മുകേഷ് തന്നെ രംഗത്തെത്തിയിരുന്നു. രാഹുല്‍ ക്ലബ്ബില്‍ അംഗമാവാന്‍ പോയ തനിക്ക് അവിടെ അംഗത്വം ലഭിച്ചില്ലെന്നായിരുന്നു മുകേഷിന്റെ മറുപടി. വീട്ടില്‍ പറയാതെ നാലുമാസമെങ്കിലും മാറിനിന്നാല്‍ മാത്രമേ അംഗത്വം നല്‍കുകയുള്ളൂവെന്ന് തന്നോടു പറഞ്ഞു. ഇതൊരു തമാശയായാണു കണക്കാക്കേണ്ടതെന്നും അല്ലാതെ മറ്റൊന്നുമില്ലെന്നുമായിരുന്നു മുകേഷിന്റെ പ്രതികരണം. എന്നാല്‍ പരാതി സ്വീകരിച്ച എസ്‌ഐയെ സ്ഥലംമാറ്റുന്ന നടപടി മുകേഷിന്റെ ബ്ലാക്ക് മെയിലിങ് തന്ത്രത്തിന്റെ തെളിവാണന്ന് യൂത്ത് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
Next Story

RELATED STORIES

Share it