മുംബൈ സ്‌ഫോടന പരമ്പര: 5 പേര്‍ക്ക് വധശിക്ഷ

മുംബൈ: 2006ലെ മുംബൈ ട്രെയിന്‍ സ്‌ഫോടനപരമ്പര കേസിലെ അഞ്ച് പ്രതികള്‍ക്ക് വധശിക്ഷ. മുംബൈ മക്കോക്ക കോടതി പ്രത്യേക ജഡ്ജി യതിന്‍ ഡി.ഷിന്‍ഡെയാണ് ശിക്ഷ വിധിച്ചത്. ഏഴുപേരെ ജീവപര്യന്തം തടവിനും ശിക്ഷിച്ചിട്ടുണ്ട്. ഒരാളെ വെറുതെ വിടുകയും ചെയ്തു. ഫൈസല്‍ ഷെയ്ഖ്, ആസിഫ് ഖാന്‍, കമാല്‍ അന്‍സാരി, ഇഹ്‌തെഷാം സിദ്ദീഖി, നവീദ് ഖാന്‍ എന്നിവര്‍ക്കാണ് വധശിക്ഷ.12 പ്രതികള്‍ കുറ്റക്കാരെന്നു പ്രത്യേക മക്കോക്ക കോടതി കണ്ടെത്തിയിരുന്നു. ഇതില്‍ എട്ടുപേര്‍ക്ക് വധശിക്ഷ വേണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്.

സ്‌ഫോടനങ്ങളില്‍ 188 പേര്‍ കൊല്ലപ്പെടുകയും 829 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട്്് 13 പ്രതികളായിരുന്നു അറസ്റ്റിലായത്. കൊല്ലപ്പെട്ടവരില്‍ ആറു മലയാളികളും ഉള്‍പ്പെട്ടിരുന്നു. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 19നു വിചാരണ പൂര്‍ത്തിയായ കേസിലാണ് വിധി. സുപ്രിംകോടതിയുടെ നിര്‍ദേശ പ്രകാരം 2008ല്‍ നിര്‍ത്തിവച്ച വിചാരണ 2010ല്‍ പുനരാരംഭിക്കുകയായിരുന്നു. പൊലിസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 192 സാക്ഷികളെ കോടതിയില്‍ വിസ്തരിച്ചു. 2006 ജൂലൈ 11 ന് മുംബൈ വെസ്‌റ്റേണ്‍ ലൈനിലെ ട്രെയിനുകളില്‍ ആര്‍ഡിഎക്‌സ് ഉപയോഗിച്ച് ഏഴ് സ്‌ഫോടനങ്ങള്‍ നടത്തിയെന്നാണ് കേസ്.
Next Story

RELATED STORIES

Share it