മുംബൈ വിമാനാപകടംവിമാനത്തിന് ഗുരുതരമായ തകരാറുകളുണ്ടായിരുന്നു

മുംബൈ: അഞ്ചു പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തില്‍പ്പെട്ട വിമാനത്തിന് ഗുരുതര തകരാറുണ്ടായിരുന്നുവെന്നതിന്റെ തെളിവുകള്‍ പുറത്ത്. ഉത്തര്‍പ്രദേശ് സര്‍ക്കാരില്‍ നിന്നു ദീപക് കോത്താരിയുടെ യുവൈ ഏവിയേഷന്‍ വാങ്ങിയ ബീച്ച്ക്രാഫ്റ്റ് കിങ് എയര്‍ സി 90 എ വിമാനത്തിന് 22 വര്‍ഷത്തോളം പഴക്കമുണ്ട്. വിമാനത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായി മാത്രം ഏതാണ്ട് 8 കോടി രൂപയോളം ചെലവാക്കിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു. മൂന്ന് വര്‍ഷത്തോളമെടുത്ത് നടത്തിയ അറ്റകുറ്റ പ്പണികള്‍ക്കും യന്ത്രങ്ങള്‍ മാറ്റിവച്ചതിനും ശേഷമുള്ള ആദ്യ പരീക്ഷണ യാത്രയിലാണ് വിമാനം അപകടത്തില്‍ പെട്ടത്.
2009-10 കാലത്ത് വിമാനം അപകടത്തില്‍ പെട്ടിരുന്നുവെന്നു മുതിര്‍ന്ന യുവൈ ഏവിയേഷന്‍ ഉദ്യോഗസ്ഥനും വ്യക്തമാക്കി. യുപി സര്‍ക്കാരിന്റെ ഉടമസ്ഥതയിലായിരുന്ന വിമാനം അപകടത്തില്‍ പെട്ടതിനെ തുടര്‍ന്നാണ് യുവൈ ഏവിയേഷന് വിറ്റതെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
വിമാനം പറത്തിയത് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഐ) അനുമതി ഇല്ലാതെയെന്നും റിപോര്‍ട്ടുണ്ട്. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് വിമാന ക്കമ്പനിയായ യുവൈ ഏവിയേഷന്‍ പരീക്ഷണ പറക്കല്‍ നടത്തിയതെന്നാണു വിവരം.
എന്നാല്‍ ഇക്കാര്യം യുവൈ ഏവിയേഷന്‍ ചെയര്‍മാന്‍ അനില്‍ ചൗഹാന്‍ നിഷേധിച്ചു. എല്ലാ അനുമതിയും വാങ്ങിയ ശേഷമാണ് പരീക്ഷണപ്പറക്കല്‍ നടത്തിയതെന്നു ചെയര്‍മാന്‍ പറഞ്ഞു. വിമാനം അവസാനമായി പറത്തിയത് 10 വര്‍ഷം മുമ്പാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലായിരുന്ന വിമാനം 2008 ഫെബ്രുവരിയിലാണ് അവസാനമായി പറത്തിയത്. പിന്നീട് 2014ലാണ് യുവൈ ഏവിയേഷന്‍ ഈ വിമാനം ഏറ്റെടുക്കുന്നത്. അതേസമയം കേടായ വിമാനത്തിലാണ് യാത്രയ്‌ക്കൊരുങ്ങുന്ന—തെന്ന് ദുരന്തത്തില്‍ മരിച്ച എന്‍ജിനീയര്‍ സുരഭി ഗുപ്ത തന്നോട് പറഞ്ഞിരുന്നതായി അവരുടെ പിതാവ് വെളിപ്പെടുത്തി. ഞങ്ങള്‍ തമ്മില്‍ നിരന്തരം ഫോണില്‍ സംസാരിക്കാറുണ്ട്.
അപകടത്തിന്റെ തലേന്ന് രാവിലെയാണ് സുരഭി തന്നെ ഫോണില്‍ ബന്ധപ്പെട്ട് താന്‍ കേടായ വിമാനത്തിലാണ് യാത്രയ്‌ക്കൊരുങ്ങുന്നതെന്നും വിമാനത്തിന്റെ അവസ്ഥ വളരെ മോശമാണെന്നും പറഞ്ഞത്- സുരഭിയുടെ പിതാവ് എസ് പി ഗുപ്ത പറഞ്ഞു. കേടായ വിമാനം പറത്താന്‍ അനുമതി നല്‍കിയവരെ കുറിച്ച് അന്വേഷിക്കണം. കുറ്റക്കാരെ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷമാണ് മകളുടെ കല്ല്യാണം കഴിഞ്ഞത്. ഭര്‍ത്താവ് പൈലറ്റാണെന്നും ഗുപ്ത പറഞ്ഞു. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ്   വിമാനം തക ര്‍ന്നു വീണത്.
Next Story

RELATED STORIES

Share it