Flash News

മുംബൈ റെയില്‍വേ സ്‌റ്റേഷനിലെ ദുരന്തം : മരണം 23



മുഹമ്മദ് പടന്ന

മുംബൈ: മുംബൈ റെയില്‍വേ സ്റ്റേഷനിലെ നടപ്പാലത്തില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 23 ആയി. മരിച്ചവരില്‍ ഒരു മലയാളിയും ഉള്‍പ്പെടും. മുംബൈ എല്‍ഫിന്‍സ്റ്റണ്‍ എന്നറിയപ്പെടുന്ന ലോക്കല്‍ ട്രെയിന്‍ സ്‌റ്റേഷന്റെ നടപ്പാലത്തിലാണ് കഴിഞ്ഞ വെള്ളിയാഴ്ച രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്. തിക്കിലും തിരക്കിലും പെട്ട് 11കാരനും എട്ടു സ്ത്രീകളും ഉള്‍പ്പെടെ 23 പേരാണ് കൊല്ലപ്പെട്ടത്. 39 പേര്‍ക്കു പരിക്കേറ്റു.  കാസര്‍കോട് ഉപ്പള സോങ്കാലിലെ പരേതനായ മഹാബല ഷെട്ടിയുടെ മകള്‍ സുജാത പി ആല്‍വ(51)യാണ് മരിച്ച മലയാളി.  സംഭവത്തെകുറിച്ച് മഹാരാഷ്ട്ര സര്‍ക്കാരും റെയില്‍വേ മന്ത്രാലയവും അന്വേഷണത്തിന് ഉത്തരവിട്ടു. അപകടദിവസം രാവിലെ മുംബൈയില്‍ കനത്ത മഴ പെയ്തിരുന്നു. ഇതോടെ ആളുകള്‍ കൂട്ടമായി പാലത്തില്‍ കയറിയതോടെ തിക്കും തിരക്കുമുണ്ടായി. ദശഹര ഉല്‍സവസമയം കൂടി ആയതിനാല്‍ തിരക്കു വര്‍ധിച്ചു. ലോക്കല്‍ ട്രെയിനുകളില്‍ ചിലത് വൈകുകയും മിനിറ്റുകളുടെ വ്യത്യാസത്തില്‍ നാലു ട്രെയിനുകള്‍ സ്‌റ്റേഷനില്‍ എത്തുകയും ചെയ്തതോടെ ആളുകള്‍  നിറഞ്ഞു. മഴ കാരണം പലരും പോവാന്‍ മടിച്ച് മേല്‍പ്പാലത്തില്‍ നിന്നതോടെയാണ് തിരക്ക് അനിയന്ത്രിതമായതും ദുരന്തം സംഭവിച്ചതും. ബ്രിട്ടിഷ് ഭരണകാലത്തെ ഈ പാലത്തില്‍ തിരക്ക് സര്‍വസാധാരണമാണ്. പാലം മാറ്റാന്‍ ഒരു ദുരന്തം വരെ കാത്തിരിക്കണോ എന്ന ചോദ്യവുമായി മുന്‍ റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിനും പ്രധാനമന്ത്രിക്കും യാത്രക്കാര്‍ കഴിഞ്ഞവര്‍ഷം ട്വിറ്റര്‍ സന്ദേശം അയച്ചിരുന്നു. ഇടുങ്ങിയ പാലത്തിലൂടെയുള്ള യാത്ര അപകടമാണെന്നു കാണിച്ച് പ്രധാനമന്ത്രിക്കും റെയില്‍വേ മന്ത്രിക്കും നിരവധി പരാതികള്‍ നല്‍കിയിട്ടും ഒരു നടപടിയും എടുത്തില്ലെന്ന് ആരോപണമുണ്ട്. ശിവസേന എംപിമാരായ അരവിന്ദ് സാവന്തും രാഹുല്‍ ഷവാലെയും രണ്ടു കൊല്ലം മുമ്പ് സുരേഷ് പ്രഭുവിന് നിവേദനവും നല്‍കിയതാണ്. അപകടത്തിന്റെ പശ്ചാത്തലത്തില്‍ നരേന്ദ്രമോദിയെയും കേന്ദ്രസര്‍ക്കാരിനെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് രംഗത്തെത്തി.റെയില്‍വേ മന്ത്രിമാരെ മാറ്റാതെ റെയില്‍വേയുടെ മുഖമാണ് മാറ്റേണ്ടതെന്ന് മോദിയോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. 2016-17 വര്‍ഷത്തെ ബജറ്റില്‍ നടപ്പാലത്തിന് 11.86 കോടി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പ്രഖ്യാപനം കടലാസിലൊതുങ്ങി.  മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാരും റെയില്‍വേ മന്ത്രാലയവും അഞ്ചു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും മറ്റുള്ളവര്‍ക്ക് 50,000 രൂപയും റെയില്‍വേ മന്ത്രാലയം നല്‍കും. പരിക്കേറ്റവരുടെ ചികില്‍സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നു മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് പറഞ്ഞു.
Next Story

RELATED STORIES

Share it