Fortnightly

മുംബൈ കലാപത്തിന് കാല്‍ നൂറ്റാണ്ട്: ഒരു കൂട്ടക്കൊലയുടെ ബാക്കി പത്രം

മുംബൈ കലാപത്തിന് കാല്‍ നൂറ്റാണ്ട്: ഒരു കൂട്ടക്കൊലയുടെ ബാക്കി പത്രം
X
കുന്നത്തൂര്‍ രാധാകൃഷ്ണന്‍
1992 ഡിസംബര്‍ ആറിന് അയോധ്യയിലെ ബാബരി മസ്ജിദ് ഹിന്ദുത്വവാദികള്‍ പൊളിച്ചതും തുടര്‍ന്ന് രാജ്യത്ത് നിരവധിയിടങ്ങളിലുണ്ടായ വര്‍ഗീയ കലാപങ്ങളും ഇന്ത്യയെ മുമ്പെങ്ങുമില്ലാത്തവിധം വലതുപക്ഷത്തേക്ക് ആനയിക്കാന്‍ സഹായിച്ച സംഭവങ്ങളാണ്. വര്‍ഗീയത ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ രൂപം കൈവരിക്കുന്നത് യഥാര്‍ഥത്തില്‍ അതിനുശേഷമാണ്. ഒരു മതസമൂഹത്തെ രാഷ്ട്രീയ സമൂഹമായി കണക്കാക്കുന്ന പ്രത്യയശാസ്ത്രമാണിത്. വിഭാഗീയമായ അധികാര സംസ്‌കാരം ജനങ്ങളില്‍ അടിച്ചേല്‍പ്പിച്ചുകൊണ്ട് ഏകാധിപത്യ ഭരണം സ്ഥാപിക്കുക എന്നതാണ് അതിന്റെ ലക്ഷ്യം. ജനങ്ങളെ മതാടിസ്ഥാനത്തില്‍ ധ്രുവീകരിക്കേണ്ടത് ഈ ലക്ഷ്യപ്രാപ്തിക്ക് പ്രധാനമാണ്. കലാപം, കെട്ടുകഥാ പ്രചാരണം, അപരവിദ്വേഷം എന്നിവ നടേ പറഞ്ഞ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്ന ഉപകരണങ്ങളാണ്.
ബാബരി മസ്ജിദ് തകര്‍ത്തതിനു പിന്നാലെ 1992 ഡിസംബറിലും 1993 ജനുവരിയിലുമായി ബോംബെ (ഇപ്പോള്‍ മുംബൈ)യില്‍ നടന്ന വര്‍ഗീയ കലാപത്തിന്റെ സ്വഭാവം എന്തായിരുന്നുവെന്ന് 25 വര്‍ഷത്തിനു ശേഷം ഇന്നു തിരിഞ്ഞുനോക്കുമ്പോള്‍ മേല്‍പ്പറഞ്ഞ ഉപകരണങ്ങള്‍ കൂടുതല്‍ തിളങ്ങിനില്‍ക്കുന്നത് കാണാം.
ബാബരി മസ്ജിദ് പൊളിച്ചതിനെ തുടര്‍ന്ന് രാജ്യത്തിന്റെ പല ഭാഗങ്ങളിലും വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉടലെടുത്തു. മുംബൈയില്‍ അത് ആളിപ്പടര്‍ന്നു. ബാല്‍താക്കറെയുടെ നേതൃത്വത്തില്‍ സംഘര്‍ഷം ആളിക്കത്തിച്ചുവെന്നു പറയുന്നതാവും ശരി.


ബാബരി മസ്ജിദ് പൊളിച്ചതിന്റെ തൊട്ടടുത്ത ദിവസം ഡിസംബര്‍ ഏഴിനാണ് മുംബൈയില്‍ കലാപത്തിനു തുടക്കം കുറിച്ചത്. അക്രമം അവിരാമം തുടര്‍ന്നു. അല്‍പ്പനാളുകളിലെ ഇടവേളയ്ക്കു ശേഷം 1993 ജനുവരി ഏഴിന് വീണ്ടും കലാപം തുടങ്ങി. ജനുവരി 25 വരെ കലാപകാരികള്‍ മുംബൈയെ ചുടലക്കളമാക്കി. കൊള്ളയും കൊലയും ബലാല്‍സംഗവും രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനത്തെ നരകതുല്യമാക്കി.
ആ കൊല്ലത്തെ ക്രിസ്മസ്-പുതുവര്‍ഷാഘോഷങ്ങള്‍ കലാപത്തില്‍ മുങ്ങി. ശിവസേനയുടെ കാര്‍മികത്വത്തിലായിരുന്നു അക്രമങ്ങള്‍ സംഘടിപ്പിച്ചത്. ശിവസേനയുടെ മുഖപത്രമായ സാമ്‌നയില്‍ പാര്‍ട്ടി നേതാവ് ബാല്‍താക്കറെ എഴുതിയ ലേഖനങ്ങള്‍ ഹിന്ദുത്വവാദികളെ അക്രമത്തിനു പ്രേരിപ്പിച്ചു. ന്യൂനപക്ഷങ്ങളെ തിരഞ്ഞുപിടിച്ചു ശിവസേനക്കാര്‍ വേട്ടയാടുമ്പോള്‍ പോലിസ് സംവിധാനം നോക്കുകുത്തിയായി.
കലാപത്തിലും പോലിസ് വെടിവയ്പിലുമായി 900 പേര്‍ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്ക്. 3036 പേര്‍ക്ക് പരിക്കേറ്റു. ആയിരങ്ങള്‍ ഭവനരഹിതരായി. മൂന്നു ബലാല്‍സംഗങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടു. കലാപവുമായി ബന്ധപ്പെട്ട പല സംഭവങ്ങളും പുറത്തുവന്നിട്ടില്ലെന്ന് പീപ്പിള്‍സ് വെര്‍ഡിക്ട് ചൂണ്ടിക്കാണിക്കുന്നു.
യഥാര്‍ഥത്തില്‍ 1992 ജൂലൈ മുതല്‍ തന്നെ സാമ്‌നയില്‍ പ്രകോപനപരമായ രചനകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍, സുധാകര്‍ റാവു നായികിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ സാമ്‌നയ്‌ക്കെതിരേ യാതൊരു നടപടിയുമെടുത്തില്ല. മുംബൈ പോലിസ് അനങ്ങിയില്ലെന്നു മാത്രമല്ല, പലപ്പോഴും അക്രമികളുടെ പക്ഷവും ചേര്‍ന്നു. ഇരകളെ രക്ഷിക്കാന്‍ ഫലത്തില്‍ ആരുമില്ലാതായി. ജനാധിപത്യവും നിയമ സംവിധാനങ്ങളും നിശ്ചലമായി.
ബാബരി മസ്ജിദ് പൊളിച്ചത് 3,000ഓളം കേന്ദ്ര സേനാംഗങ്ങള്‍ നോക്കിനില്‍ക്കെയാണ്. അതിനു പിന്നാലെ ആര്‍.എസ്.എസ്, വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ മുംബൈയിലെ ധാരാവിയിലും മറ്റിടങ്ങളിലും വിജയഘോഷയാത്ര നടത്തി. അതു മുസ്‌ലിംകളുടെ മുറിവില്‍ ഉപ്പു തേയ്ക്കുന്നതിനു തുല്യമായിരുന്നു. ഇന്ത്യന്‍ ഭരണകൂടത്തിന്റെ വഞ്ചനയ്‌ക്കെതിരേ മുസ്‌ലിംകള്‍ രോഷാകുലരായി തെരുവിലിറങ്ങി. അതു സ്വാഭാവികമായ പ്രതികരണമായിരുന്നു. എന്നാല്‍, മുംബൈ പോലിസ് അതിനു വര്‍ഗീയ നിറം നല്‍കി. പോലിസ് വെടിവയ്പില്‍ മരിച്ച 163 പേരില്‍ മൂന്നില്‍ രണ്ടും മുസ്‌ലിംകളായിരുന്നു. സ്ത്രീകളും പെണ്‍കുട്ടികളും അവരുടെ വീടുകളിലാണ് വെടിയേറ്റു മരിച്ചത്.
മുംബൈ കലാപത്തിന് ഉത്തരവാദികള്‍ പാകിസ്താന്റെ ഇന്റര്‍സര്‍വീസസ് ഇന്റലിജന്‍സ് (ഐ.എസ്.ഐ) ബംഗ്ലാദേശി കുടിയേറ്റക്കാരുമാണെന്നാണ് അടിസ്ഥാനമില്ലാതെ ബി.ജെ.പിയും ശിവസേനയും ആരോപിച്ചത്. ഈ ആരോപണത്തിന്റെ പൊള്ളത്തരം സര്‍ക്കാര്‍ നിയമിച്ച ശ്രീകൃഷ്ണ കമ്മീഷന്‍ തുറന്നുകാണിച്ചിട്ടുണ്ട്. മാര്‍ച്ച് 12ന് മുംബൈയിലുണ്ടായ സ്‌ഫോടനപരമ്പര കലാപത്തിന്റെ ഫലമായിരുന്നുവെന്നു ശ്രീകൃഷ്ണ കമ്മീഷന്‍ റിപോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. രണ്ടു സംഭവങ്ങളും ബന്ധിപ്പിക്കുന്നതാണ് റിപോര്‍ട്ട്.
വര്‍ഷങ്ങള്‍ക്കുശേഷം സംഭവം വളച്ചൊടിക്കുന്നത് തുടരുകയാണ് കാവി സംഘടനകള്‍. ആദ്യം നടന്നത് സ്‌ഫോടന പരമ്പരയായിരുന്നുവെന്നും തുടര്‍ന്നാണ് കലാപമുണ്ടായതെന്നുമാണ് ഹിന്ദുത്വര്‍ കൊട്ടിഘോഷിക്കുന്നത്. ഒരു നുണ പലവട്ടം പറഞ്ഞാല്‍ സത്യമാവുമെന്ന ഗീബല്‍സിന്റെ സിദ്ധാന്തത്തില്‍ വിശ്വസിക്കുന്നവരില്‍ നിന്ന് ഇതില്‍പ്പരം യാതൊന്നും പ്രതീക്ഷിക്കാനില്ല. പക്ഷേ, ചരിത്രാന്വേഷണം താരതമ്യേന കുറഞ്ഞ പുതിയ തലമുറ ഹിന്ദുത്വരുടെ നുണപ്രചാരണം വിശ്വസിക്കാനിടയുണ്ട്.
കലാപവേളയില്‍ പക്ഷപാതപരമായ സമീപനമാണ് പോലിസ് സ്വീകരിച്ചത്. കലാപത്തിനു ബാല്‍താക്കറെ എന്നതുപോലെ, അന്നത്തെ മുംബൈ പോലിസ് കമ്മീഷണര്‍ ശ്രീകാന്ത് ബപതിനെയും ശ്രീകൃഷ്ണ കമ്മീഷന്‍ കുറ്റപ്പെടുത്തുന്നുണ്ട്.
കലാപകാരികള്‍ക്ക് ഓശാന പാടുന്ന നടപടിയാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. ജനങ്ങളുടെ സമ്മര്‍ദത്തിനു വഴങ്ങി പോലിസ് കമ്മീഷണറെ മാറ്റിയതുപോലും കലാപം അവസാനിച്ചതിനു ശേഷമാണ്.
മുംബൈയില്‍ എല്ലായിടത്തും ഭീതിയും വിദ്വേഷവും നിറഞ്ഞുനിന്നു. ആഡംബര ഹൗസിങ് കോളനികളിലെ താമസക്കാരുടെ പട്ടികയില്‍ നിന്നു മുസ്‌ലിം പേരുകള്‍ മുസ്‌ലിംകള്‍ തന്നെ ഭയം മൂലം മായ്ച്ചുകളഞ്ഞു. താടി വളര്‍ത്തിയ മുസ്‌ലിംകള്‍ക്ക് മരണഭയം മൂലം ഷേവ് ചെയ്യേണ്ടിവന്നു. ശിവസൈനികര്‍ വോട്ടര്‍പ്പട്ടികയുമായിട്ടാണ് ആയുധങ്ങളുമായി ഇരകളെ തേടിനടന്നത്. അത് ഇരകളെ എളുപ്പത്തില്‍ കണ്ടെത്താന്‍ അവരെ സഹായിച്ചു.
മുംബൈയിലെ രക്തച്ചൊരിച്ചിലിനു കാരണക്കാര്‍ ഹിന്ദുത്വ സംഘടനകളാണെന്നു ശ്രീകൃഷ്ണ കമ്മീഷന്‍ അക്കമിട്ട് നിരത്തിയെങ്കിലും ആരും ശിക്ഷിക്കപ്പെട്ടില്ല. കലാപത്തിന് അടിത്തറയൊരുക്കിയ രഥയാത്ര നടത്തിയതിനു ബി.ജെ.പി നേതാവ് എല്‍.കെ അഡ്വാനിയെയും കമ്മീഷന്‍ കുറ്റപ്പെടുത്തുന്നുണ്ട്.
കലാപാനന്തരം 1995ല്‍ മഹാരാഷ്ട്രയില്‍ അധികാരത്തില്‍വന്ന ശിവസേനാ-ബി.ജെ.പി സര്‍ക്കാര്‍ കമ്മീഷന്‍ റിപോര്‍ട്ട് തള്ളി. ന്യൂനപക്ഷങ്ങളുടെ ചോരയില്‍നിന്നു കെട്ടിപ്പൊക്കിയ ഒരു സര്‍ക്കാരില്‍ നിന്ന് ഇതിലധികം പ്രതീക്ഷിക്കാനുമാവില്ല.
ശ്രീകൃഷ്ണ കമ്മീഷന്‍ റിപോര്‍ട്ട് നടപ്പാക്കുമെന്നു വാഗ്ദാനം ചെയ്തുകൊണ്ടായിരുന്നു 1999ല്‍ കോണ്‍ഗ്രസ്-എന്‍.സി.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. കമ്മീഷന്‍ കുറ്റവാളികളെന്നു കണ്ടെത്തിയ 31 പോലിസുകാരെ വിചാരണ ചെയ്യുമെന്നായിരുന്നു പ്രധാന വാഗ്ദാനം. എന്നാല്‍, റിപോര്‍ട്ട് ശീതസംഭരണിയില്‍ തന്നെ കിടന്നു. വാഗ്ദാനം ജലരേഖയായി. മാത്രമല്ല, കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റവും നല്‍കി. (സാമൂഹിക പ്രവര്‍ത്തക ടീസ്താ സെറ്റില്‍വാദ് സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് ഇക്കാര്യം പറയുന്നത്.)
മുംബൈയിലെ ഉസ്മാന്‍ ബേക്കറിയിലെ അക്രമവുമായി ബന്ധപ്പെട്ട് 18 കേസുകള്‍ പോലിസുകാര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ ഒമ്പതുപേരെ വിചാരണക്കോടതി 2003ല്‍ വിട്ടയച്ചു. വിട്ടയക്കപ്പെട്ടവരില്‍ ജോയിന്റ് പോലിസ് കമ്മീഷണര്‍ ആര്‍.ഡി. ത്യാഗിയും ഉള്‍പ്പെട്ടിരുന്നു. ഇതിനെതിരേ കലാപത്തെ അതിജീവിച്ച ഒരു ഇര അപ്പീല്‍ നല്‍കി. പോലിസ് വെടിവയ്പ് ക്രൂരമായിരുന്നെങ്കിലും ത്യാഗിക്കെതിരേ മതിയായ തെളിവില്ലെന്നായിരുന്നു മേല്‍ക്കോടതി വിധി. ഈ കേസില്‍ സുപ്രിംകോടതി പോലും 2011ല്‍ പോലിസുകാരെ കുറ്റവിമുക്തരാക്കി. എന്നാല്‍, ബപതിയെ മാറ്റിയശേഷം മുംബൈ പോലിസ് കമ്മീഷണര്‍ സ്ഥാനത്തു നിയമിതനായ സതീഷ് സാഹ്‌നിയുടെ ശക്തമായ നടപടിമൂലം ഒരു പോലിസുകാരനെ സര്‍വീസില്‍ നിന്നു പിരിച്ചുവിട്ടു. ഒരു മുസ്‌ലിം യുവാവിനെ രക്തദാഹികളായ ജനക്കൂട്ടത്തിന്റെ കൈകളിലേക്ക് എറിഞ്ഞുകൊടുത്തതിനായിരുന്നു പിരിച്ചുവിടല്‍.
പ്രകോപനപരമായ പ്രസംഗം നടത്തി ജനങ്ങളെ അക്രമത്തിനും കൊലപാതകത്തിനും പ്രേരിപ്പിച്ചതിനു ബാല്‍താക്കറെക്കെതിരേ പൗരാവകാശ ജനകീയ യൂനിയന്‍ (പി.യു.സി.എല്‍) ബോംബെ ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നു. താക്കറെക്കെതിരേ കേസെടുക്കാന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. ഹരജി കോടതി തള്ളി. താക്കറെ സാമ്‌നയിലെഴുതിയ പ്രകോപനവാക്കുകളെ കോടതി ന്യായീകരിക്കുകയും ചെയ്തു. അതിനു കാരണമായി കോടതി നടത്തിയ നിരീക്ഷണം ആരെയും അമ്പരപ്പിക്കുന്നതാണ്. ദേശവിരുദ്ധരായ മുസ്‌ലിംകള്‍ക്കെതിരേ മാത്രമാണ് താക്കറെ എഴുതിയത് എന്നായിരുന്നു കോടതിയുടെ വിചിത്രമായ കണ്ടെത്തല്‍.
കലാപത്തിനുശേഷം താക്കറെക്കും സാമ്‌നയ്ക്കുമെതിരേ ദാദര്‍ പോലിസ് ഒമ്പതു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ ആറെണ്ണം കോടതി തള്ളി. മൂന്നു കേസുകള്‍ അവസാനിപ്പിക്കുകയും ചെയ്തു. ഇതിനെതിരേ ചിലര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.
താക്കറെക്കെതിരായ ഹരജി ഹൈക്കോടതി പരിഗണിച്ചപ്പോള്‍ അദ്ദേഹം ജഡ്ജിമാര്‍ക്കെതിരേ സംസാരിച്ചിട്ടും നടപടി കോടതിയലക്ഷ്യ നോട്ടീസില്‍ ഒതുങ്ങി. മിക്ക ജഡ്ജിമാരും പ്ലാഗ് ബാധിച്ച എലികളാണെന്നും അവര്‍ക്കെതിരേ നേരിട്ടുള്ള നടപടി വേണമെന്നുമാണ് താക്കറെ പറഞ്ഞത്.
കലാപകാലത്ത് വിദ്വേഷപ്രസംഗം നടത്തിയതിനു ശിവസേനാ നേതാവ് മധുകര്‍ സര്‍വോദ്കര്‍ ഒരു വര്‍ഷത്തെ വെറും തടവിനു ശിക്ഷിക്കപ്പെട്ടു. താന്‍ വിദ്വേഷപ്രസംഗം നടത്തിയ സ്ഥലത്തുനിന്നു തന്നെ പിന്നീട് അദ്ദേഹം പാര്‍ലമെന്റംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
പരാതി നല്‍കിയവരെ പോലിസ് മര്‍ദ്ദിച്ച സംഭവങ്ങള്‍ ശ്രീകൃഷ്ണന്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. പോലിസ് കാഴ്ചക്കാരായി നോക്കിനില്‍ക്കുമ്പോഴാണ് അബ്ദുല്‍ ഹഖ് അന്‍സാരിയുടെ മഡ്ഗാവിലുള്ളവര്‍ക്ക് ഷോപ്പ് അക്രമികള്‍ കൊള്ളയടിക്കുകയും കത്തിക്കുകയും ചെയ്തത്. പരാതി നല്‍കിയപ്പോള്‍ പോലിസ് സ്‌റ്റേഷനില്‍ കൊണ്ടുപോയി അന്‍സാരിയെ ഇന്‍സ്‌പെക്ടര്‍ വുഹുലെ മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ അന്‍സാരിയുടെ കൈ ഒടിഞ്ഞു.
കലാപകാലത്ത് പോലിസ് ശിവസേനയുമായി ഒത്തുകളിച്ചതിനു സ്പഷ്ടമായ തെളിവുകളുണ്ട്. പോലിസ് കമ്മീഷണര്‍ ശ്രീകാന്ത് ബപത് കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിച്ച 172 പേജ് വരുന്ന സത്യവാങ്മൂലത്തില്‍ ശിവസേനയുടെ പേരു പോലുമില്ലായിരുന്നു. എന്തുകൊണ്ടാണ് ശിവസേനയുടെ പേരില്ലാത്തതെന്നും നിങ്ങള്‍ രാഷ്ട്രീയ നേതാവല്ലെന്നും കമ്മീഷനു ബപതിനോട് പറയേണ്ടിവന്നു. ജോയിന്റ് പോലിസ് കമ്മീഷണറായ ആര്‍.ഡി. ത്യാഗി, സര്‍വീസില്‍ നിന്നു വിരമിച്ച ശേഷം ശിവസേനയില്‍ ചേര്‍ന്നതും ഇതുമായി കൂട്ടിവായിക്കുന്നതാണ്. മുംബൈ കലാപക്കേസില്‍ സാക്ഷിയായി ശ്രീകൃഷ്ണ കമ്മീഷന്‍ വിസ്തരിച്ച ഉദ്യോഗസ്ഥനാണ് ത്യാഗി.
ശ്രീകൃഷ്ണ കമ്മീഷന്‍ റിപോര്‍ട്ട് നടപ്പായില്ലെങ്കിലും അതു കലാപത്തിലെ ഉന്നത രാഷ്ട്രീയ നേതാക്കളുടെ പങ്ക് ധീരമായി തുറന്നുകാണിച്ചു. അതുതന്നെയാണ് റിപോര്‍ട്ടിന്റെ പ്രസക്തി. സ്വാധീനത്തിനു വഴങ്ങാത്ത ഒരു ന്യായാധിപന്റെ ധീരമായ നിലപാടുകളാണ് റിപോര്‍ട്ടില്‍ പ്രതിഫലിക്കുന്നത്. കുറ്റവാളികളെ ശിക്ഷിക്കാന്‍ കമ്മീഷന് അധികാരമില്ലാത്തതിനാല്‍ അവര്‍ ഇപ്പോഴും നെഞ്ച് വിരിച്ചു നടക്കുന്നു.
മുസ്‌ലിംകള്‍ക്കെതിരായ കലാപത്തിനു ചുക്കാന്‍ പിടിച്ച ബാല്‍താക്കറെ അന്തരിച്ചപ്പോള്‍ സര്‍ക്കാര്‍ ബഹുമതികളോടെയാണ് മൃതദേഹം സംസ്‌കരിച്ചത്. മൃതദേഹം ദേശീയപതാകയില്‍ പുതപ്പിച്ചു. ജനക്കൂട്ടത്തെ അക്രമത്തിനും കൂട്ടക്കൊലയ്ക്കും പ്രേരിപ്പിച്ച ഒരാളെ വിശുദ്ധനാക്കുകവഴി, പുറത്തു കണ്ടത് നമ്മുടെ കൊട്ടിഘോഷിക്കുന്ന ജനാധിപത്യത്തിന്റെയും നീതിന്യായ സംവിധാനത്തിന്റെയും അങ്ങേയറ്റം വികൃതമായ മുഖം തന്നെയാണ്. താക്കറെയുടെയും അദ്ദേഹത്തിന്റെ സൈന്യത്തിന്റെയും കൊടുംക്രൂരതകള്‍ പില്‍ക്കാലത്ത് ഗുജറാത്തിലും യു.പിയിലെ മുസഫര്‍നഗറിലും ന്യൂനപക്ഷ വേട്ടയ്ക്ക് ഹിന്ദുത്വര്‍ക്കു വലിയ പ്രചോദനമായി എന്ന യഥാര്‍ഥത്തില്‍ നിന്നാണ് ജനാധിപത്യം തിരിച്ചുപിടിക്കാനുള്ള പ്രതിരോധ യത്‌നം നാം ആരംഭിക്കേണ്ടത്.

Next Story

RELATED STORIES

Share it