മുംബൈ ആക്രമണക്കേസ്: സാക്ഷികളെ ഹാജരാക്കാന്‍ ഇന്ത്യയോട് പാകിസ്താന്‍

ഇസ്‌ലാമാബാദ്: മുംബൈ ആക്രമണക്കേസിന്റെ വിചാരണ എളുപ്പമാക്കുന്നതിന് 24 ഇന്ത്യന്‍ സാക്ഷികളെയും പാകിസ്താനിലേക്ക് അയക്കണമെന്ന് രാജ്യം ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് പാക് വിദേശകാര്യ മന്ത്രാലയം ഇന്ത്യന്‍ സര്‍ക്കാരിന് കത്തെഴുതി. സാക്ഷികളുടെ മൊഴി ഭീകരവിരുദ്ധ കോടതിയില്‍ രേഖപ്പെടുത്തേണ്ടത് വിചാരണ വേഗത്തിലാക്കുന്നതിന് ആവശ്യമാണെന്ന് പ്രോസിക്യൂഷന്‍ മേധാവി ചൗധരി അസ്ഹര്‍ പറഞ്ഞു. പാക് സാക്ഷികളുടെ മൊഴി കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. ഇനി ഇന്ത്യന്‍ സാക്ഷികളുടെ മൊഴിയെടുക്കണം. ഇതിനായി 24 ഇന്ത്യക്കാരെയും ഹാജരാക്കണമെന്ന് കോടതി ഫെഡറല്‍ അന്വേഷണ ഏജന്‍സിയോട് കഴിഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നു. അജ്മല്‍ കസബും കൂട്ടാളികളും ഉപയോഗിച്ചെന്നു പറയുന്ന ബോട്ടുകള്‍ തിരിച്ച് പാകിസ്താനിലെത്തിക്കണമെന്നും കോടതി ഉത്തരവിട്ടു.
പാക് കോടതിയുടെ നിര്‍ദേശപ്രകാരം എട്ടംഗ പാക് ജുഡീഷ്യല്‍ കമ്മീഷന്‍ നേരത്തേ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍, സാക്ഷികളെ എതിര്‍വിസ്താരം നടത്തുന്നത് തടഞ്ഞ മുംബൈ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് എസ് എസ് ഷിന്‍ഡെയുടെ നടപടി വിചാരണയ്ക്ക് തടസ്സമാണെന്ന് കേസിലെ പ്രതിയും ലഷ്‌കര്‍ നേതാവുമായ സഖീഉര്‍ റഹ്മാന്‍ ലഖ്‌വിയുടെ അഭിഭാഷകന്‍ ചോദ്യം ചെയ്തിരുന്നു.
Next Story

RELATED STORIES

Share it