മുംബൈ ആക്രമണം: ജുന്‍ദാലിന്റെ വിചാരണ തടഞ്ഞു

മുംബൈ: മുംബൈ ഭീകരാക്രമണക്കേസില്‍ ലശ്കറെ ത്വയ്യിബ പ്രവര്‍ത്തകന്‍ അബു ജുന്‍ദാലിനെതിരായ വിചാരണ ജൂണ്‍ 11വരെ ബോംബെ ഹൈക്കോടതി സ്റ്റേ ചെയ്തു. യാത്രാ രേഖകള്‍ ജുന്‍ദാലിന് നല്‍കണമെന്ന കീഴ്‌ക്കോടതി ഉത്തരവിനെതിരേ ഡല്‍ഹി പോലിസ് സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി വിചാരണ സ്റ്റേ ചെയ്തത്.
വിചാരണക്കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാണ് പോലിസിന്റെ ആവശ്യം. രേഖകള്‍ രഹസ്യ സ്വഭാവമുള്ളതാണെന്നും അതിനാല്‍, പ്രതിഭാഗവുമായി പങ്കുവയ്ക്കാന്‍ കഴിയില്ലെന്നും പോലിസിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ഹിതന്‍ വെനെഗോങ്കര്‍ വാദിച്ചു. പ്രതിയുടെ അവകാശങ്ങള്‍ വെട്ടിച്ചുരുക്കുകയാണെന്ന് ജുന്‍ദാലിന് വേണ്ടി ഹാജരായ യഗ് ചൗധരി വാദിച്ചു. 2008ലെ മുംബൈ ആക്രമണത്തിനു ശേഷം ജുന്‍ദാല്‍ സൗദി അറേബ്യയിലേക്ക് കടന്നിരുന്നു. പിന്നീട് ഇയാളെ സൗദി സര്‍ക്കാര്‍ ഡല്‍ഹിയിലേക്ക് നാടുകടത്തി. ജുന്‍ദാല്‍ തലസ്ഥാനത്ത് എത്തിയതിന്റെ രേഖകള്‍ പരിശോധിക്കാന്‍ ജുന്‍ദാലിന്റെ അഭിഭാഷകന്‍ ആവശ്യപ്പെടുകയായിരുന്നു.
Next Story

RELATED STORIES

Share it