മുംബൈയെ മുള്‍മുനയില്‍ നിര്‍ത്തി അജ്ഞാത സാറ്റലൈറ്റ് സിഗ്നല്‍

മുംബൈ: ദക്ഷിണ മുംബൈയെ രണ്ടു ദിവസത്തോളം മുള്‍മുനയില്‍ നിര്‍ത്തി അജ്ഞാത സാറ്റലൈറ്റ് സിഗ്നല്‍. ജൂണ്‍ 11ന് രാത്രിയില്‍ മുംബൈ പോര്‍ട്ട് ട്രസ്റ്റിന്റെ മസഗണ്‍ ഡോക്കില്‍ 31 ഡി ബര്‍ത്തില്‍ ജര്‍മന്‍ ചരക്കുകപ്പലായ എംവി ലിഫ്റ്റര്‍ നങ്കൂരമിട്ടതോടെയാണ് മുംബൈ നഗരത്തെയും രഹസ്യാന്വേഷണ ഏജന്‍സികളെയും വിറപ്പിച്ച സംഭവപരമ്പരകള്‍ക്കു തുടക്കം.
മഴ കോരിച്ചൊരിയുന്ന രാത്രിയില്‍ ലിഫ്റ്റര്‍ നങ്കൂരമിട്ടതിനു പിന്നാലെയാണ് നാവിക-തീരസംരക്ഷണ സേനകളുടെ കണ്‍ട്രോള്‍ റൂമുകള്‍ കപ്പലില്‍ നിന്ന് സാറ്റലൈറ്റ് ഫോണിന്റെ സിഗ്‌നലുകള്‍ പിടിച്ചെടുക്കുന്നത്. തുടര്‍ന്ന് മുംബൈ പോലിസ്, തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്, തീരസേന, സൈനിക രഹസ്യാന്വേഷണ വിഭാഗങ്ങള്‍ എന്നിവ മിനിറ്റുകള്‍ക്കുള്ളില്‍ ചരക്കുകപ്പലിനെ വളഞ്ഞു. റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ നിന്ന് ഇന്ത്യന്‍ നേവിക്ക് ആവശ്യമായ പ്രതിരോധ ഉപകരണങ്ങള്‍ മുംബൈ, കൊച്ചി എന്നിവിടങ്ങളിലെ നാവികതാവളങ്ങളിലേക്ക് കൊണ്ടുവന്ന കപ്പലിലെ ക്യാപ്റ്റന്‍ ഉള്‍പ്പെടെയുള്ള 11 ജീവനക്കാരെയും കസ്റ്റഡിയിലെടുത്തു. എന്നാല്‍, സാറ്റലൈറ്റ് ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല, തുറമുഖത്തു നിന്ന് സാറ്റലൈറ്റ് ഫോണ്‍ സിഗ്നല്‍ ദക്ഷിണ മുംബൈയുടെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിക്കുന്നതാണ് പിന്നീട് കാണാനായത്.
2008ല്‍ സാറ്റലൈറ്റ് ഫോണുകള്‍ ഉപയോഗിച്ചായിരുന്നു സായുധസംഘം മുംബൈ ആക്രമണം നടത്തിയിരുന്നത്. മറ്റൊരു ആക്രമണ സാധ്യത മുന്നില്‍ക്കണ്ട ഏജന്‍സികള്‍ വ്യാപകമായ തിരച്ചിലിനാണ് പിന്നീട് തുടക്കം കുറിച്ചത്. ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കുള്ളില്‍ സാറ്റലൈറ്റ് ഫോണുകള്‍ കൈവശംവയ്ക്കുന്നതോ ഉപയോഗിക്കുന്നതോ ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ് നിരോധിച്ചിരുന്നു. അതിനാലാണ് അജ്ഞാത ഫോണ്‍ സിഗ്‌നല്‍ രഹസ്യാന്വേഷണ വിഭാഗങ്ങളെ ജാഗരൂകരാക്കിയത്.
പുലര്‍ച്ചെ ഫോര്‍ട്ട് ജനറല്‍ പോസ്റ്റ് ഓഫിസില്‍ സാറ്റലൈറ്റ് ഫോണ്‍ എത്തിയതായി സിഗ്‌നലുകള്‍ സൂചിപ്പിച്ചു. രണ്ടു മണിക്കൂറിനുശേഷം വാല്‍ചന്ദ് ഹിരാചന്ദ് മാര്‍ഗിലെ ജന്മഭൂമി ചേംബേഴ്‌സില്‍ നിന്നാണ് സിഗ്നല്‍ ലഭിച്ചത്. തുടര്‍ന്ന് കെട്ടിടം ഒഴിപ്പിച്ച് നടത്തിയ വ്യാപക തിരച്ചില്‍ ഉച്ചവരെ നീണ്ടെങ്കിലും ഒന്നും കണ്ടെത്താനായില്ല. മുംബൈയില്‍ ഏതു നിമിഷവും ആക്രമണമുണ്ടാവാം എന്ന തരത്തിലേക്ക് ആശങ്ക വളരുകയായിരുന്നു. തുടര്‍ന്ന് മുംബൈ പോലിസ് സംഘങ്ങളായി തിരിഞ്ഞ് വിവിധയിടങ്ങളില്‍ തിരച്ചില്‍ തുടങ്ങി.
സൈനിക, എടിഎസ് സംഘങ്ങള്‍ തുറമുഖത്തെ കപ്പലുകളും പരിശോധിച്ചു. പിന്നാലെ ദക്ഷിണ മുംബൈയില്‍ അതീവ ജാഗ്രതാനിര്‍ദേശം നല്‍കി. അതിനിടെ, കഫേ പരേഡിലുള്ള സൗദി അറേബ്യന്‍ കോണ്‍സുലേറ്റിനുള്ളില്‍ നിന്ന് സിഗ്‌നലുകള്‍ കിട്ടി. നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ കോണ്‍സുലേറ്റ് കവാടത്തില്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ തിരച്ചില്‍ അവസാനിപ്പിക്കേണ്ടിവന്നു. ആ സാറ്റലൈറ്റ് ഫോണ്‍ കോണ്‍സുലേറ്റിനുള്ളില്‍ ഇപ്പോഴുമുണ്ടെന്ന് പോലിസ് പറയുന്നു. എന്നാലും ട്രാക്ക് ചെയ്യപ്പെടാത്ത സാറ്റലൈറ്റ് ഫോണ്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് പേടിസ്വപ്‌നമായി തുടരുകയാണ്. ദി ഹിന്ദു പത്രത്തിന്റെ സ്‌പെഷ്യല്‍ റിപോര്‍ട്ടാണ് ഈ സംഭവത്തിലേക്ക് വെളിച്ചംവീശിയത്.
Next Story

RELATED STORIES

Share it