Flash News

മുംബൈയെ അവരുടെ മടയില്‍ വീഴ്ത്തി പൂനെ

മുംബൈയെ അവരുടെ മടയില്‍ വീഴ്ത്തി പൂനെ
X


മുംബൈ: ഐഎസ്എല്ലില്‍ പ്ലേഓഫ് സാധ്യതകള്‍ സജീവമാക്കി പൂനെ സിറ്റി കുതിക്കുന്നു. ആവേശപ്പോരില്‍ മുംബൈ സിറ്റിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് പൂനെ മുട്ടുകുത്തിച്ചത്. മല്‍സരത്തിന്റെ ആദ്യാവസാനം വ്യക്തമായ ആധിപത്യം പുലര്‍ത്തിയ പൂനെ ആധികാരിക ജയം അക്കൗണ്ടിലാക്കുകയായിരുന്നു. ജയത്തോടെ 28 പോയിന്റുകള്‍ അക്കൗണ്ടിലാക്കിയ പൂനെ രണ്ടാം സ്ഥാനത്താണുള്ളത്.
മുംബൈയുടെ തട്ടകമായ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ 3-4-3 ശൈലിയില്‍ മുംബൈ ബൂട്ടണിഞ്ഞപ്പോള്‍ 4-2-3-1 ശൈലിയിലായിരുന്നു പൂനെയുടെ പടയൊരുക്കം. പന്തടക്കത്തില്‍ തുടക്കം മുതല്‍ ആധിപത്യം മുംബൈക്കൊപ്പം നിന്നെങ്കിലും ലക്ഷ്യം കാണുന്നതില്‍ ആതിഥേയര്‍ക്ക് പിഴച്ചു. കളി തുടങ്ങി 18ാം മിനിറ്റില്‍ത്തന്നെ സിറ്റി അക്കൗണ്ട് തുറന്നു. ഡിയേഗോ കാര്‍ലോസിലൂടെയായിരുന്നു പൂനെയുടെ ലീഡ് പിറന്നത്. സാര്‍ഥകിന്റെ ക്രോസില്‍ കാര്‍ലോസ് ഹെഡ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും പന്ത് മുംബൈ താരം രാജു ഗെയ്ക്‌വാദിന്റെ കാലില്‍ തട്ടി പോസ്റ്റില്‍ കയറുകയായിരുന്നു. എന്നാല്‍ ഗോള്‍വലയിലെത്തും മുമ്പ് കാര്‍ലോസിന്റെ ചെറിയ ടെച്ച് ഉള്ളതിനാല്‍ ഗോള്‍ കാര്‍ലോസിന് ലഭിക്കുകയായിരുന്നു. പിന്നീടുള്ള സമയത്ത് ആതിഥേയരുടെ ആക്രമണങ്ങളെല്ലാം പൂനെയുടെ പ്രതിരോധത്തിന് മുന്നില്‍ മുട്ടുമടക്കിയതോടെ ഒന്നാം പകുതി 1-0ന്റെ ലീഡോടെയാണ് പൂനെ പിരിഞ്ഞത്.
രണ്ടാം പകുതിയുടെ 83ാം മിനിറ്റില്‍ മാഴ്‌സലീഞ്ഞോയിലൂടെ പൂനെ ലീഡ് രണ്ടാക്കി ഉയര്‍ത്തി.ജോനാഥന്‍ ലൂക്കയുടെ പാസില്‍ നിന്ന് പന്ത് ലഭിച്ച മാഴ്‌സലീഞ്ഞോ മുംബൈ ഗോള്‍ കീപ്പര്‍ അമരീന്ദര്‍ സിങിനെ കാഴ്ചക്കാരനാക്കി വലതുളയ്ക്കുകയായിരുന്നു. ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍  2-0ന്റെ തകര്‍പ്പന്‍ ജയത്തോടെയാണ് പൂനെ ബൂട്ടഴിച്ചത്. തോല്‍വിയോടെ 17 പോയിന്റുള്ള മുംബൈ ഏഴാം സ്ഥാനത്താണുള്ളത്.
Next Story

RELATED STORIES

Share it