മുംബൈയില്‍ മുറി നിഷേധിക്കപ്പെട്ട പാക് കുടുംബം തെരുവില്‍ അന്തിയുറങ്ങി

മുംബൈ: ആതിഥ്യമര്യാദയ്ക്കു പേരുകേട്ട ഇന്ത്യന്‍ സംസ്‌കാരത്തിനു കളങ്കം ചാര്‍ത്തി മുംബൈയില്‍ മാനസിക വൈകല്യമുള്ള ബാലനടങ്ങുന്ന ആറംഗ പാകിസ്താന്‍ കുടുംബത്തിന് തെരുവില്‍ അന്തിയുറങ്ങേണ്ടിവന്നു. മുംബൈയിലെ ഹാജി അലി ദര്‍ഗ സന്ദര്‍ശിക്കാന്‍ പാകിസ്താനില്‍ നിന്നെത്തിയ കുടുംബത്തിനാണ് പാക് പൗരന്‍മാരെന്ന ഒറ്റക്കാരണത്താല്‍ ദക്ഷിണ മുംബൈയിലെ ഹോട്ടലുകാര്‍ മുറി നിഷേധിച്ചത്. തുടര്‍ന്ന് തെരുവില്‍ കിടന്നുറങ്ങി നേരം വെളുപ്പിച്ചശേഷം കുടുംബം തിരികെ പോവുകയായിരുന്നു.ഈ മാസം നാലിനാണ് 40 ദിവസത്തെ സന്ദര്‍ശകവിസയില്‍ നൂര്‍ ബാനു, സഹോദരന്‍ ഇനായത് അലി, അനന്തരവന്‍ ഷക്കീല്‍ അഹ്മദ്, മറ്റ് രണ്ടു സ്ത്രീകള്‍, എഴു വയസ്സുകാരനായ കുട്ടി എന്നിവര്‍ പാകിസ്താനില്‍ നിന്ന് ഇന്ത്യയിലെത്തിയത്. രാജസ്ഥാനിലെ ജോധ്പൂരില്‍ ബന്ധുക്കളോടൊപ്പം താമസിച്ചശേഷം വ്യാഴാഴ്ച രാവിലെയാണ് ഇവര്‍ മുംബൈയിലെത്തിയത്.

ദര്‍ഗ സന്ദര്‍ശിച്ച ശേഷം രാത്രിയായപ്പോള്‍ താമസിക്കുന്നതിനായി ഇവര്‍ ദക്ഷിണ മുംബൈയിലെ ലോഡ്ജിലെത്തി. എന്നാല്‍, പാകിസ്താനില്‍ നിന്നുള്ള കുടുംബമാണെന്നറിയിച്ചതോടെ ലോഡ്ജുടമ മുറി നല്‍കാനാവില്ലെന്ന് അറിയിക്കുകയായിരുന്നു. വിദേശികള്‍ ലോഡ്ജുകളിലെത്തുമ്പോള്‍ പ്രത്യേക 'സി-ഫോം' പൂരിപ്പിച്ചു നല്‍കണമെന്നാണ് ചട്ടം. ഫോം പൂരിപ്പിച്ചു നല്‍കാന്‍ തങ്ങള്‍ തയ്യാറാണെന്നറിയിച്ചിട്ടും നിരവധി ലോഡ്ജുകളില്‍ കയറിയിറങ്ങിയിട്ടും മുറി ലഭ്യമായില്ലെന്ന് ഷക്കീല്‍ അഹ്മദ് പറഞ്ഞു. തുടര്‍ന്ന് രാത്രിതന്നെ ജോധ്പൂരിലേക്കു തിരികെ പോവുന്നതിനായി ഇവര്‍ റയില്‍വേ സ്‌റ്റേഷനിലെത്തി. എന്നാല്‍, രാത്രി ട്രെയിന്‍ ലഭ്യമല്ലാത്തതിനാല്‍ പ്ലാറ്റ്‌ഫോമിലിരുന്നു നേരം വെളുപ്പിക്കാന്‍ തീരുമാനിച്ചു. അവിടെ ആര്‍പിഎഫ് സബ് ഇന്‍സ്‌പെക്ടര്‍ മഹേഷ് ചൗഹാന്‍ ചായയും അല്‍പ്പനേരം തങ്ങാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിക്കൊടുത്തു. രാത്രി 1.30 ആയപ്പോള്‍ റെയില്‍വേ പോലിസെത്തി റെയില്‍വേ ക്യാബിനില്‍ തങ്ങാനാവില്ലെന്ന് അറിയിച്ചു. തുടര്‍ന്ന് റെയില്‍വേ സ്‌റ്റേഷനോടു ചേര്‍ന്നുള്ള നടപ്പാതയില്‍ കിടന്നുറങ്ങിയാണ് തങ്ങള്‍ നേരം വെളുപ്പിച്ചതെന്നും ഷക്കീല്‍ പറഞ്ഞു.
Next Story

RELATED STORIES

Share it