മുംബൈയില്‍ ബസ്സും കാറും കൂട്ടിയിടിച്ച് 17 മരണം

മുഹമ്മദ് പടന്ന

മുംബൈ: ആഡംബര ബസ്സും കാറും കൂട്ടിയിടിച്ച് മുംബൈ-പൂനെ എക്‌സ്പ്രസ് വേയിലുണ്ടായ അപകടത്തില്‍ 17 പേര്‍ മരിച്ചു. 40ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പലരുടേയും നില ഗുരുതരമായി തുടരുകയാണ്. സമീപത്തുള്ള കമോത്തെ എംജിഎം, അഷ്ടവിനായക് എന്നീ ഹോസ്പിറ്റലുകളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്നലെ പുലര്‍ച്ചെ 5.30നു സത്താറയില്‍ നിന്നും മുംബൈയിലേക്കു വരികയായിരുന്ന ആഡംബര ബസ് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ടു കാറുകളില്‍ ഇടിച്ച ശേഷം 20 അടി താഴ്ചയിലേക്കു മറിഞ്ഞാണ് അപകടമുണ്ടായത്.
റായ്ഗഡ് ജില്ലയിലെ ശിവ്ഗറിനു സമീപമാണ് മുംബൈയെ നടുക്കിയ ദുരന്തം. ടയര്‍ പഞ്ചറായതിനെതുടര്‍ന്ന് വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന സ്വിഫ്റ്റ് കാറിനെയും അതിനെ സഹായിക്കാനായി നിര്‍ത്തിയിരുന്ന ഇന്നോവ കാറിനെയും അമിത വേഗതയില്‍ വന്ന ബസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. മരിച്ചവരില്‍ ഏഴോളം സ്ത്രീകളും ഒരു ആറുമാസം പ്രായമായ കൈകുഞ്ഞും ഉള്‍പ്പെടുന്നു. ബസ്സിലുണ്ടായിരുന്നവരാണ് മരിച്ചവരില്‍ ഏറെയും. കാറിലുണ്ടായിരുന്ന ഒരാളും കൊല്ലപ്പെട്ടു. ഇടിയുടെ ആഘാതത്തില്‍ മൂന്നു വാഹനങ്ങളും താഴ്ചയിലേക്ക് മറിയുകയുണ്ടായി. അഗ്നിശമന സേനയുടെയും പോലിസിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ഇന്നലെ വൈകീട്ട് വരെ തുടര്‍ന്നു.
Next Story

RELATED STORIES

Share it