മുംബൈയില്‍ പീഡനക്കേസുകളില്‍ മൂന്നു മടങ്ങ് വര്‍ധന

മുംബൈ: മുംബൈ നഗരത്തില്‍ നാലുവര്‍ഷത്തിനിടയില്‍ ലൈംഗിക പീഡനക്കേസുകള്‍ മൂന്നു മടങ്ങ് വര്‍ധിച്ചതായി സര്‍വേ റിപോര്‍ട്ട്. നഗരത്തിലെ സര്‍ക്കാരിതര സംഘടനയായ പ്രജാ ഫൗണ്ടേഷന്‍ ആണ് സര്‍വേ നടത്തിയത്. 2010 മുതല്‍ 2015 വരെ ബലാല്‍സംഗക്കേസുകള്‍ 290 ശതമാനവും മറ്റു പീഡനക്കേസുകള്‍ 247 ശതമാനവും വര്‍ധിച്ചതായി സംഘടനയുടെ സ്ഥാപകനും മാനേജിങ് ട്രസ്റ്റിയുമായ നിതയ് മേത്ത പറഞ്ഞു.
2014ല്‍ മുന്‍ വര്‍ഷത്തെക്കാള്‍ 49 ശതമാനമാണ് ബലാല്‍സംഗക്കേസുകള്‍ വര്‍ധിച്ചത്. മറ്റു പീഡനങ്ങള്‍ 39 ശതമാനവും കൂടി. 2010-11ല്‍ 165 ബലാല്‍സംഗക്കേസുകള്‍ റിപോര്‍ട്ട് ചെയ്തപ്പോള്‍ 2014-15ല്‍ അത് 643 ആയി വര്‍ധിച്ചു. എന്നാല്‍, ശിക്ഷിക്കപ്പെട്ട കേസുകള്‍ 27 ശതമാനം മാത്രമാണെന്നും സര്‍വേ വെളിപ്പെടുത്തുന്നു. നഗരത്തില്‍ കഴിഞ്ഞ നാലു വര്‍ഷക്കാലത്ത് മൊത്തത്തിലുള്ള കുറ്റകൃത്യങ്ങള്‍ കുറഞ്ഞതായാണ് സര്‍വേയിലുള്ളത്. മാല പിടിച്ചുപറി, കവര്‍ച്ച, വാഹന മോഷണം എന്നിവ കുറഞ്ഞിട്ടുണ്ട്.
എന്നാല്‍, കൊലപാതകക്കേസുകള്‍ 2013-14 വര്‍ഷത്തെക്കാള്‍ 2014-15 വര്‍ഷത്തില്‍ ഒരു ഡസന്‍ കൂടി. കഴിഞ്ഞവര്‍ഷം തെക്കന്‍ മുംബൈയിലെ ബൈക്കുള, കൊളാബ, വര്‍ളി, മലബാര്‍ ഹില്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ കുറ്റകൃത്യങ്ങള്‍ രജിസ്റ്റര്‍ ചെയ്തത്. 9,203 കേസുകള്‍. മിക്കവയും കവര്‍ച്ചക്കേസുകളാണ്. ചെമ്പൂര്‍, സിയോണ്‍-കോളിവാഡ, മാഹിം എന്നിവിടങ്ങളിലാണ് കൂടുതല്‍ ബലാല്‍സംഗക്കേസുകള്‍ രേഖപ്പെടുത്തിയത്. വീടുകള്‍ സന്ദര്‍ശിച്ച് 22,850 പേരില്‍നിന്ന് സംഘടന കുറ്റകൃത്യങ്ങളെക്കുറിച്ച് അഭിപ്രായങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. കുറ്റകൃത്യത്തിനെതിരേ പോലിസിനെ സമീപിക്കുന്നവര്‍ 75 ശതമാനം മാത്രമാണ.്‌
Next Story

RELATED STORIES

Share it