മുംബൈയില്‍ അഗ്നിബാധ; 60ലധികം കടകള്‍ക്കു നാശം

സ്വന്തംപ്രതിനിധി

മുംബൈ: തെക്കന്‍ മുംബൈയിലെ തിരക്കേറിയ ക്രോഫോര്‍ഡ് കമ്പോളത്തിലുണ്ടായ തീപ്പിടിത്തത്തില്‍ 60ലധികം കടകള്‍ കത്തിനശിച്ചു. ഇന്നലെ പുലര്‍ച്ചെയുണ്ടായ തീപ്പിടിത്തം ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണുണ്ടായതെന്ന് പോലിസ് അറിയിച്ചു. ആളപായമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അഗ്നിശമന സേനാ അധികൃതര്‍ അറിയിച്ചു.

പുലര്‍ച്ചെ 5.23നാണ് അപകടം നടന്നതായി സന്ദേശം ലഭിച്ചതെന്ന് അഗ്നിശമന സേന അറിയിച്ചു. എട്ടു മണിയോടെ തീ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചു. ബ്രിഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ കമ്മീഷണര്‍ അജോയ് മേത്ത, മുംബൈ മേയര്‍ സ്‌നേഹള്‍ അംബേദ്കര്‍ തുടങ്ങിയവര്‍ സംഭവസ്ഥലത്തെത്തി കടയുടമകളുമായി കൂടിക്കാഴ്ച നടത്തി. അപകടവാര്‍ത്ത അറിയിച്ചപ്പോള്‍ അഗ്നിശമന സേന ഗൗരവത്തിലെടുത്തില്ലെന്ന് കടയുടമകളില്‍ ചിലര്‍ ആരോപിച്ചു. അഗ്നിശമന സേന ഉടന്‍ നടപടികള്‍ ആരംഭിച്ചിരുന്നെങ്കില്‍ തീ ഇത്രയും പടരില്ലായിരുന്നുവെന്ന് അവര്‍ പറഞ്ഞു. അഗ്നിശമന സേന അവരുടെ എല്ലാ സംവിധാനങ്ങളുമായി സംഭവസ്ഥലത്ത് കാര്യക്ഷമമായി ഇടപെട്ടെന്ന് അംബേദ്കര്‍ പറഞ്ഞു. എന്നാല്‍, സേനയുടെ ഉപകരണങ്ങള്‍ പരിഷ്‌കരിക്കാത്തത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചുവെന്നും ഇതുസംബന്ധിച്ച് മുനിസിപ്പല്‍ കമ്മീഷണറുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
സംഭവത്തെ തുടര്‍ന്ന് ബിജെപി നിയന്ത്രണത്തിലുള്ള മുനിസിപ്പല്‍ കോര്‍പറേഷനെ എന്‍സിപി വിമര്‍ശിച്ചു. ഇത്തരം അപകടങ്ങളെ പ്രതിരോധിക്കുന്നതില്‍ അധികൃതര്‍ പരാജയപ്പെടുകയാണെന്ന് എന്‍സിപി വക്താവ് യു പി സിങ് പറഞ്ഞു. 1869ല്‍ ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മിച്ച ക്രോഫോര്‍ഡ് മാര്‍ക്കറ്റ് മുംബൈയിലെ ഏറ്റവും പഴക്കമുള്ള വാണിജ്യ കേന്ദ്രങ്ങളിലൊന്നാണ്.
Next Story

RELATED STORIES

Share it