kannur local

മീസില്‍സ് -റൂബെല്ല പ്രതിരോധ കുത്തിവയ്പിനു തുടക്കം ; ആദ്യദിനം 15,124 കുട്ടികള്‍ക്ക് കുത്തിവയ്പ് നല്‍കി



കണ്ണൂര്‍: സംസ്ഥാന ആരോഗ്യ വകുപ്പിന്റെ  നേതൃത്വത്തില്‍ നടക്കുന്ന മീസില്‍സ്-റുബെല്ല പ്രതിരോധ കുത്തിവയ്പിനു ജില്ലയില്‍ തുടക്കം. മീസില്‍സ്(അഞ്ചാംപനി), റുബെല്ല(ജര്‍മന്‍ മീസില്‍സ്) എന്നീ മാരക രോഗങ്ങളെ പ്രതിരോധിക്കാനായി ഒമ്പതുമാസം മുതല്‍ 15 വയസ്സ് വരെയുള്ള എല്ലാ കുട്ടികള്‍ക്കും ഒരു ഡോസ് മീസില്‍സ് റുബെല്ല വാക്‌സിനാണ് നല്‍കുന്നത്. ആദ്യ ദിനം 80 സ്‌കൂളുകളിലായി 15,124 കുട്ടികള്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. ഒരിടത്തും ഒരുവിധ പ്രയാസങ്ങളും ഉണ്ടായില്ലെന്ന് അവലോകന യോഗത്തിന് ശേഷം ഡിഎംഒ അറിയിച്ചു. ആദ്യത്തെ രണ്ട്, മൂന്ന് ആഴ്ചകളില്‍ ജില്ലയിലെ 1789 സ്‌കൂളുകളിലായി 3098 വാക്‌സിന്‍ സെഷനുകളും പിന്നീടുള്ള ഒരാഴ്ചക്കാലം മുന്‍കൂട്ടി നിശ്ചയിച്ച കേന്ദ്രങ്ങളും ഉള്‍പ്പെടെ ആകെ 5306 സെഷനുകളിലായി 5,93,129 കുട്ടികള്‍ക്ക് മീസില്‍സ്-റുബെല്ല വാക്‌സിന്‍ നല്‍കുന്ന ബൃഹദ് യജ്ഞത്തിനാണ് തുടക്കമായത്. എല്ലാ കുത്തിവയ്പ് കേന്ദ്രങ്ങളിലും ഡോക്ടറുടെ സേവനം ഉണ്ടാവും. വാക്‌സിനേഷന്‍ നല്‍കുന്നതിനായി പ്രത്യേക പരിശീലനം ലഭിച്ച 450 വാക്‌സിനേറ്റര്‍മാര്‍, സ്റ്റാഫ് നഴ്‌സുമാര്‍ എന്നിവരാണ് കര്‍മനിരതരായിട്ടുള്ളത്. കുത്തിവയ്പ് എടുക്കുന്ന കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ കാര്‍ഡ് നല്‍കുന്നുണ്ട്. കാംപയിന്റെ ഭാഗമായി വീട് വീടാന്തരമുള്ള വാക്‌സിന്‍ വിതരണം ഉണ്ടാവില്ല. കേന്ദ്ര സര്‍ക്കാര്‍, ലോകാരോഗ്യ സംഘടന, യുനിസെഫ് എന്നിവയുടെ സഹകരണത്തോടെ സംസ്ഥാന ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം, വിദ്യാഭ്യാസ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, സാമൂഹിക നീതി വകുപ്പ്, ലയണ്‍സ് ക്ലബ് എന്നിവ സംയുക്തമായാണ് കാംപയിന്‍ നടത്തുന്നത്. പ്രതിരോധ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മേയര്‍ ഇ പി ലത നിര്‍വഹിച്ചു. നമ്മുടെ കുഞ്ഞുങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനുള്ള പ്രതിരോധ കുത്തിവയ്പില്‍നിന്ന് രക്ഷിതാക്കള്‍ മാറി നില്‍ക്കരുതെന്ന് മേയര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ കെ പി ജയബാലന്‍ അധ്യക്ഷത വഹിച്ചു. ഡിഎംഒ(ആരോഗ്യം) ഡോ. കെ നാരായണ നായ്ക് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാനതല നിരീക്ഷകന്‍ ഡോ. സി കെ ജഗദീശന്‍ ആരോഗ്യവകുപ്പ് ഡയറക്ടറുടെ സന്ദേശം വായിച്ചു. ലയണ്‍സ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ അഡ്വ. ഡെന്നീസ് തോമസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോര്‍പറേഷന്‍ ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ അഡ്വ. പി ഇന്ദിര, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കെ വി ലതീഷ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ യു കരുണാകരന്‍, ജില്ലാ സാമൂഹിക നീതി ഓഫിസര്‍ എം എം മോഹന്‍ദാസ്, ഐഎപി കണ്ണൂര്‍ ബ്രാഞ്ച് പ്രസിഡന്റ് ഡോ. റോയ് പുളിക്കന്‍, ഐഎംഎ കണ്ണൂര്‍ ബ്രാഞ്ച് സെക്രട്ടറി ഡോ. കെ ടി സുഹാസ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജോണ്‍ ഫ്രാന്‍സിസ്, ജില്ലാ ആര്‍സിഎച്ച് ഓഫിസര്‍ ഡോ. പി എം ജ്യോതി, ജില്ലാ മാസ് മീഡിയ ഓഫിസര്‍ കെ എന്‍ അജയ് സംസാരിച്ചു. ഇരിട്ടി: ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന മീസില്‍സ്, റൂബെല്ലാ പ്രതിരോധ കുത്തിവയ്പിന്റെ ഇരിട്ടി നഗരസഭാതല ഉദ്ഘാടനം ഇരിട്ടി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ചെയര്‍മാന്‍ പി പി അശോകന്‍  നിര്‍വഹിച്ചു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി വി മോഹനന്‍ അധ്യക്ഷത വഹിച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ട് പി പി രവീന്ദ്രന്‍ പദ്ധതി വിശദീകരിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി പി ഉസ്മാന്‍, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദലി, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി കെ ബള്‍ക്കീസ്, കൗണ്‍സിലര്‍മാരായ പി വി പ്രേമവല്ലി, പി രഘുനാഥ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ പി വിജയലക്ഷ്മി, പിടിഎ പ്രസിഡന്റ് സന്തോഷ് കോയിറ്റി, പ്രധാനധ്യാപിക എന്‍ പ്രീത, ഹെല്‍ത്ത് സൂപ്രണ്ട് കെ ഒ ദേവസ്യ സംസാരിച്ചു.
Next Story

RELATED STORIES

Share it