malappuram local

മീസില്‍സ് - റൂബെല്ല പ്രതിരോധ കുത്തിവയ്പ് രണ്ടാഴ്ച കൂടി നീട്ടും:ജില്ലാ വികസന സമിതി



മലപ്പുറം: മീസില്‍സ്-റൂബല്ല പ്രതിരോധ കുത്തിവയ്പ് രണ്ടാഴ്ച കൂടി നീട്ടാന്‍ ജില്ലാ വികസനസമിതി യോഗത്തില്‍ തീരുമാനം. എംഎല്‍എമാരുമായി ചര്‍ച്ച ചെയ്ത് കുത്തിവയ്പിന് അനുകൂലമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും. സമൂഹ മാധ്യമങ്ങളിലൂടെ നടത്തുന്ന കുപ്രചാരണങ്ങളെ നേരിടാന്‍ കര്‍ശന നടപടി സ്വീകരിക്കും. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച കലക്ടര്‍ അമിത് മീണ പറഞ്ഞു. ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ വകുപ്പുതല ഏകോപനത്തിന് അടിയന്തര നടപടികള്‍ കൈക്കൊള്ളാനും യോഗം തീരുമാനിച്ചു. ലൈഫ് മിഷന്‍ യാഥാര്‍ഥ്യമാക്കാന്‍ ഇനിയും ഭൂമി കണ്ടെത്തേണ്ടതുണ്ട്. അനുയോജ്യമായ ഭൂമി കണ്ടെത്താന്‍ നടപടി സ്വീകരിക്കും. സ്വന്തമായി ഭൂമിയും കെട്ടിടവുമില്ലാത്ത അങ്കണവാടികള്‍ക്ക് ഭൂമി കണ്ടെത്താന്‍ ഐസിഡിഎസ് പ്രൊജക്ട് ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കി. പദ്ധതി നിര്‍വഹണം കാര്യക്ഷമമാക്കാന്‍ നിലവില്‍ ഒഴിവുള്ള തസ്തികകള്‍ നികത്തണമെന്ന് എംഎല്‍എമാര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. എംഎല്‍എമാരായ ടി വി ഇബ്രാഹീം, ആബിദ് ഹുസൈന്‍ തങ്ങള്‍, പി അബ്ദുല്‍ ഹമീദ്, സി മമ്മൂട്ടി, പി ഉബൈദുല്ല, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍, ജില്ലാ പ്ലാനിംങ് ഓഫിസര്‍ എന്‍ കെ ശ്രീലത തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it