wayanad local

മീസില്‍സ്-റൂബെല്ല പ്രതിരോധ കാംപയിന് നാളെ തുടക്കം



മാനന്തവാടി: നാളെ മുതല്‍ സംസ്ഥാനത്ത് ആരംഭിക്കുന്ന എംആര്‍ കാംപയിന്‍ വിജയിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ജില്ലയിലും പൂര്‍ത്തിയായി. ആദ്യത്തെ രണ്ടാഴ്ച സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കുത്തിവയ്പ് നല്‍കും. തുടര്‍ന്നുള്ള രണ്ടാഴ്ചകളില്‍ സബ് സെന്ററുകള്‍, അങ്കണവാടികള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് ഔട്ട് റീച്ച് സെഷനുകള്‍ നടത്താനാണ് ആരോഗ്യവകുപ്പിന്റ തീരുമാനം. നിരവധി കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്ന മീസില്‍സ് (അഞ്ചാംപനി), ഗുരുതര വൈകല്യങ്ങളുണ്ടാക്കുന്ന റൂബെല്ല എന്നിവയില്‍ നിന്നു കുഞ്ഞുങ്ങളെ രക്ഷിക്കുന്നതിനും വൈറസുകള്‍ ഉന്മൂലനം ചെയ്യുന്നതിനുമാണ് എംആര്‍ കാംപയിന്‍ ലക്ഷ്യമിടുന്നത്. 9 മാസത്തിനും 15 വയസ്സിനും ഇടയ്ക്ക് പ്രായമുള്ള കുട്ടികള്‍ക്ക് ഒരു അധിക ഡോസ് എംആര്‍ വാക്‌സിന്‍ ഘട്ടങ്ങളായി നല്‍കും. എന്നാല്‍, കേരളത്തില്‍ പ്രതിരോധ വാക്‌സിനേഷനെതിരേ വ്യാപകമായ പ്രചാരണങ്ങളാണ് സോഷ്യല്‍ മീഡിയ വഴി നടന്നുകൊണ്ടിരിക്കുന്നത്. ഈ കുത്തിവയ്പ് ഇതര സംസ്ഥാനങ്ങളില്‍ നടത്തിയപ്പോള്‍ സംഭവിച്ചതായി പറയപ്പെടുന്ന ചില വീഡിയോകള്‍ കാണിച്ചും രാജ്യത്ത് നടന്ന വാക്‌സിനേഷന്‍ മരണങ്ങള്‍ എന്ന പേരില്‍ വീഡിയോ ലിങ്കുകള്‍ കാണിച്ചും നിര്‍ബന്ധിച്ച് എംആര്‍ വാക്‌സിന്‍ നല്‍കരുതെന്ന് ഹൈക്കോടതി വിധിയുണ്ടെന്നും മറ്റുമുള്ള പ്രചാരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായിട്ടുള്ളത്. ഇതോടെ ആശങ്കയിലായ രക്ഷിതാക്കളെ കാര്യം ബോധ്യപ്പെടുത്തുന്നതിനായി ആരോഗ്യവകുപ്പും രംഗത്തുണ്ട്. എംആര്‍ വാക്‌സിനേഷന്‍ നല്‍കാത്തതിനാല്‍ കുഞ്ഞിനുണ്ടായ അനുഭവം വെളിപ്പെടുത്തിക്കൊണ്ട് വനിതാ ഡോക്ടറുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. നവമാധ്യമങ്ങളിലൂടെ വാക്‌സിനേഷനെതിരേ പ്രചാരണം നടത്തുന്ന അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കുമെതിരേ നടപടിയാവശ്യപ്പെട്ട് സ്ഥാപന മേധാവികള്‍ ജില്ലാ കലക്ടര്‍ക്ക് വിവരം നല്‍കണമെന്ന നിര്‍ദേശം സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. സ്‌കൂളുകളില്‍ അടുത്തുള്ള ഗവ. ആശുപത്രിയിലെ ഡോക്ടറും ജെപിഎച്ച്എന്‍മാരും പരിശീലനം സിദ്ധിച്ച ആരോഗ്യ പ്രവര്‍ത്തകരും ആവശ്യമായ സജ്ജീകരണങ്ങളോടെ കുത്തിവയ്പിനുണ്ടാവും. ഏറ്റവും സുരക്ഷിതമായി വാക്‌സിനേഷന്‍ നല്‍കാനുള്ള എല്ലാ തയ്യാറെടുപ്പുകളും ആരോഗ്യവകുപ്പ് ഇതിനകം പൂര്‍ത്തിയാക്കിക്കഴിഞ്ഞു.
Next Story

RELATED STORIES

Share it