മീസില്‍സ്- റുബെല്ല വാക്‌സിന്‍വിവരങ്ങള്‍ രക്ഷിതാക്കള്‍ക്ക് നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: മീസില്‍സ് റുബെല്ല വാക്‌സിനുകളുടെ ഉല്‍പാദകരുടെ പേരും മരുന്നിന്റെ ബാച്ച് നമ്പറും രക്ഷിതാക്കള്‍ ആവശ്യപ്പെടുകയാണെങ്കില്‍ അവരെ ബോധ്യപ്പെടുത്തണമെന്ന് ഹൈക്കോടതി. വാക്‌സിന്‍ നല്‍കുന്നതിന് മുമ്പ് അത് പൊട്ടിച്ച സമയം രേഖപ്പെടുത്തുന്ന രജിസ്റ്ററില്‍ ഈ വിവരങ്ങളും രേഖപ്പെടുത്തണം. ആവശ്യപ്പെടുക യാണെങ്കില്‍ രക്ഷിതാക്കള്‍ക്ക് ഈ വിവരങ്ങള്‍ കാണിച്ചുകൊടുക്കണമെന്നുമാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. മലപ്പുറം കോക്കൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ രക്ഷിതാക്കള്‍ക്ക് താല്‍പര്യമില്ലാത്തതിനാല്‍ നിര്‍ബന്ധിക്കരുത്. രജിസ്റ്ററില്‍ രേഖപ്പെടുത്തുന്നതുള്‍പ്പെടെ വാക്‌സിന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കുന്നതിന് ഉത്തരവിടണമെന്നുമാവശ്യപ്പെട്ട് അധ്യാപക-രക്ഷകര്‍തൃ സംഘടന നല്‍കിയ ഹരജിയിലാണ് ഉത്തരവ്. വാക്‌സിന്‍ നല്‍കിയ വിദ്യാര്‍ഥികള്‍ക്ക് ദോഷകരമായ ചില പ്രത്യാഘാതങ്ങളുണ്ടായെന്നും അതിനാല്‍ വാക്‌സിന്‍ നല്‍കുന്നതിനെ രക്ഷിതാക്കള്‍ അനുകൂലിക്കുന്നില്ലെന്നുമായിരുന്നു പിടിഎയുടെ വാദം. എന്നാല്‍, പകര്‍ച്ച വ്യാധികള്‍ തടയുകയെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പാക്കുന്ന നയപരമായ നടപടിയെന്ന നിലയില്‍ ഹരജിയില്‍ ആവശ്യപ്പെടുന്നത് പോലെ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ വാക്‌സിന്‍ നല്‍കുന്നത് തടഞ്ഞുകൊണ്ട് ഉത്തരവിടാനാവില്ലെന്ന് കോടതി വ്യക്തമാക്കി. മീസില്‍സ്, റുബെല്ല രോഗങ്ങള്‍ തുടച്ചു നീക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഇപ്പോള്‍ വാക്‌സിനേഷന്‍ നടക്കുന്നത്. ഏതെങ്കിലും രക്ഷിതാവിന് താ ല്‍പര്യമില്ലെങ്കില്‍ അക്കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചാല്‍ ഒഴിവാക്കി കിട്ടും. നിര്‍ബന്ധിച്ച് ആര്‍ക്കും വാക്‌സിന്‍ നല്‍കില്ലെന്ന് സര്‍ക്കാരും വ്യക്തമാക്കി. പത്ത് ഡോസ് അടങ്ങുന്ന ഒരു കുപ്പി വാക്‌സിന്‍ തുറന്നാല്‍ നാല് മണിക്കൂറിനകം ഉപയോഗിക്കണമെന്നാണ് മാര്‍ഗനിര്‍ദേശമെന്നും ഇക്കാര്യങ്ങളെല്ലാം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഹരജിക്കാര്‍ വാദിച്ചു. തുടര്‍ന്നാണ് ഉല്‍പാദകരുടെ പേരും മരുന്നിന്റെ ബാച്ച് നമ്പറും കൂടി രജിസ്റ്ററില്‍ ചേര്‍ക്കണമെന്നും ആവശ്യപ്പെടുന്ന രക്ഷിതാക്കളെ ബോധ്യപ്പെടുത്തണമെന്നും കോടതി വ്യക്തമാക്കിയത്.
Next Story

RELATED STORIES

Share it