Dont Miss

'മീശ' സ്ത്രീകളെ അപമാനിച്ചു; ഹരീഷ് മാപ്പ് പറയണം: മാതൃഭൂമി മാനേജിങ് എഡിറ്റര്‍

മീശ സ്ത്രീകളെ അപമാനിച്ചു; ഹരീഷ് മാപ്പ് പറയണം: മാതൃഭൂമി മാനേജിങ് എഡിറ്റര്‍
X

കോഴിക്കോട്: സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് എസ് ഹരീഷിന്റെ മീശ എന്ന നോവലിലെ പരാമര്‍ശം ഭക്തരെ, പ്രത്യേകിച്ച് സ്ത്രീകളെ അപമാനിക്കുന്നതാണെന്ന് മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി വി ചന്ദ്രന്‍. എന്റെ ഭാര്യയും മക്കളും അമ്പലത്തില്‍ പോകുന്നവരാണ്. അവരെയും കൂടി അപമാനിക്കുന്നതാണ് മീശയിലെ പരാമര്‍ശങ്ങളെന്ന് ചന്ദ്രന്‍ പറഞ്ഞു. ഞങ്ങള്‍ക്കെതിരേ വ്യാപകമായ പ്രതിഷേധമുണ്ടായിരുന്നു. അത് ന്യായമാണെന്നാണ് കരുതുന്നത്. എഴുത്തുകാരന്‍ ആ ഭാഗം ഒഴിവാക്കേണ്ടിയിരുന്നു. ഹരീഷ് സമൂഹത്തോട് മാപ്പ് പറയേണ്ടതുണ്ടെന്നും ദി വയറിനോട് രാമചന്ദ്രന്‍ പ്രതികരിച്ചു.

മാതൃഭൂമി മാനേജ്‌മെന്റ് ഹരീഷിനോട് മാപ്പ് പറയാന്‍ ആവശ്യപ്പെട്ടിരുന്നതായി സ്ഥാപനവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. എന്നാല്‍, അദ്ദേഹം അതിന് തയ്യാറായില്ല. താന്‍ നോവല്‍ പിന്‍വലിക്കുകയാണെന്ന് അറിയിച്ചപ്പോള്‍ പ്രിന്റിങ് പാതിവഴിയില്‍ നിര്‍ത്തി പേജുകള്‍ ഒഴിവാക്കുകയായിരുന്നുവെന്ന് മാതൃഭൂമിയിലെ എഡിറ്റോറിയല്‍ ജീവനക്കാരന്‍ പറഞ്ഞതായി ദി വയര്‍ റിപോര്‍ട്ട് ചെയ്യുന്നു. വിഷയത്തില്‍ മാനേജ്‌മെന്റും എഡിറ്റോറിയല്‍ വിഭാഗവും രണ്ടു തട്ടിലായതിനാല്‍ എഴുത്തുകാരന് പ്രത്യേകിച്ചൊന്നും ചെയ്യാന്‍ സാധിക്കുമായിരുന്നില്ലെന്ന് ഹരീഷിന്റെ സുഹത്തുക്കളിലൊരാള്‍ പറഞ്ഞു.

രാജ്യം ഭരിക്കുന്നവര്‍ക്കെതിരേ പൊരുതാനും മാത്രം ഞാന്‍ അശക്തനാണ്. എനിക്കും കുടുംബത്തിനുമെതിരേ ഉണ്ടായ ആക്രമണങ്ങളെ തുടര്‍ന്നാണ് നോവല്‍ പിന്‍വലിച്ചത്-ഇതായിരുന്നു ഹരീഷ് തന്റെ തീരുമാനത്തെക്കുറിച്ച് പറഞ്ഞത്.

ജാതി സമ്പ്രദായവും കേരളത്തിലെ പഴയ കാല ചരിത്രവും അനാവരണം ചെയ്യുന്ന മീശയിലെ ഒരു ഭാഗം ക്ഷേത്രത്തില്‍ പോവുന്ന ഹിന്ദു സ്ത്രീകളെ അപമാനിക്കുന്നതാണെന്ന് ആരോപിച്ച് ബിജെപിയുടെയും ഹിന്ദു ഐക്യവേദിയുടെയും നേതൃത്തില്‍, തൃപ്പൂണിത്തുറയില്‍ മാതൃഭൂമി നടത്തിയ പുസ്തക മേള കൈയേറിയിരുന്നു.

ഹരീഷിന് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു വന്ന നോവല്‍ പിന്‍വലിക്കേണ്ടി വന്ന സാഹചര്യം വളരെ ലജ്ജാകരമാണെന്ന് കവി സച്ചിതാനന്ദന്‍ പ്രതികരിച്ചു. പുരോമന സംസ്‌കാരത്തെക്കുറിച്ച് അഭിമാനം കൊള്ളുന്ന കേരളത്തില്‍ ഇത് ഒരിക്കലും സംഭവിക്കരുതായിരുന്നു. നമ്മുടെ എഴുത്തുകാര്‍ ചരിത്രത്തിലുടനീളം ആചാരങ്ങളെയും വിശ്വാസങ്ങളെയും ചോദ്യം ചെയ്തിട്ടുണ്ട്. എഴുത്തുകാരന്മാരും കലാകാരന്മാരും ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന മുഴുവന്‍ ആളുകളും ഹരീഷിനും എഴുതാനും പ്രസിദ്ധീകരിക്കാനുമുള്ള സ്വാതന്ത്ര്യത്തിനുമൊപ്പം നില്‍ക്കണമെന്ന് സച്ചിതാനന്ദന്‍ ആവശ്യപ്പെട്ടു.

ഇത് അഭിപ്രായ സ്വാതന്ത്ര്യവുമായി മാത്രം ബന്ധപ്പെട്ടതല്ലെന്ന് എഴുത്തുകാരനും ടെലിവിഷന്‍ ജേണലിസ്റ്റുമായ പ്രമോദ് രാമന്‍ അഭിപ്രായപ്പെട്ടു. പുരോഗമനാശയങ്ങളെയും എതിര്‍ ശബ്ദങ്ങളെയും അടിച്ചമര്‍ത്താനുള്ള ആസൂത്രിത അജണ്ട പൊതുമനസ്സിലേക്ക് സംഘപരിവാരം കുത്തിവച്ചതിന്റെ ഉദാഹരണമാണിത്. 2014ല്‍ രാജ്യം ഉണ്ടായിരുന്ന അവസ്ഥയില്‍ നിന്നുള്ള വ്യക്തമായ വ്യതിയാനമാണിത്. സമൂഹത്തിലെ ഒരു വിഭാഗത്തിന്റെ മതവികാരത്തെ ചൂഷണം ചെയ്താണ് ഹിന്ദുത്വം സ്വീകാര്യത നേടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ എഴുത്തുകാര്‍ക്കും ബുദ്ധിജീവികള്‍ക്കുമെതിരേ സംഘപരിവാര ഭീഷണിയും അക്രമവും നടക്കുന്നത് ഇതാദ്യമല്ല. 2016ലെ നോട്ട്‌നിരോധനത്തിനെതിരേ പ്രതികരിച്ചതിന്റെ പേരില്‍ ജ്ഞാനപീഠം ജേതാവ് എം ടി വാസുദേവന്‍ നായര്‍ക്കെതിരേ ബിജെപി സംസ്ഥാന സെക്രട്ടറി എ എന്‍ രാധാകൃഷ്ണ്‍ തുടങ്ങിവച്ച ആക്രമണം വലിയ വിവാദം സൃഷ്ടിച്ചിരുന്നു.  ദേശീയ ഗാനം തിയേറ്ററുകളില്‍ പ്ലേ ചെയ്യണോ എന്ന വിവാദത്തില്‍ ചലചിത്ര അക്കാദമി ചെയര്‍മാന്‍ കമലിനെ പാകിസ്താനിലേക്കയക്കും എന്നാണ് സംഘപരിവാരം ഭീഷണിപ്പെടുത്തിയത്.

വടയമ്പാടിയിലെ ജാതിമതിലുമായി ബന്ധപ്പെട്ട വിവാദത്തില്‍ കവി കുരീപ്പുഴ ശ്രീകുമാറിനെ ഹിന്ദുത്വ ശക്തികള്‍ ആക്രമിച്ചത് കഴിഞ്ഞ ഫെബ്രുവരിയിലാണ്. ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോദിയുടെ പങ്കിനെക്കുറിച്ച് പരാമര്‍ശിച്ച എഴുത്തുകാരന്‍ സക്കരിയയെ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ ഭീഷണിപ്പെടുത്തിയതും അടുത്ത കാലത്താണ്.

എന്നാല്‍, മുന്‍ സംഭവങ്ങളില്‍ എഴുത്തുകാര്‍ക്കും സംവിധായകര്‍ക്കുമൊക്കെ സമൂഹത്തില്‍ നിന്ന് ലഭിച്ച പിന്തുണ ഹരീഷിന് കിട്ടുന്നില്ലെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ അഭിപ്രായപ്പെടുന്നു. അവരെപ്പോലെ രാഷ്ട്രീയത്തിലോ തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനങ്ങളിലോ അദ്ദേഹം സജീവമല്ലാത്തതിനാലായിരിക്കാം ഇതെന്ന് സുഹൃത്തുക്കളിലൊരാള്‍ അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it