മീറ്റ് റെക്കോഡും മറികടന്ന പ്രകടനം; ഒടുവില്‍ സംഗീതയ്ക്ക് വെള്ളി

മുജീബ് പുള്ളിച്ചോല

കോഴിക്കോട്: മീറ്റ് റെക്കോഡും മറികടന്ന സീനിയര്‍ പെണ്‍കുട്ടികളുടെ ഹൈജംപ് മല്‍സരത്തില്‍ കേരളത്തിന്റെ എന്‍പി സംഗീതയ്ക്ക് വെള്ളി കൊണ്ട് തൃപ്തിപെടേണ്ടിവന്നു. കേരളത്തിന്റെ തന്നെ ടിസി ചെഷ്മ വെങ്കലം കൈക്കലാക്കി. ഡല്‍ഹിയില്‍ നിന്നുള്ള വന്‍ചിക സെജ്‌വാള്‍ സ്വര്‍ണത്തിന് അവകാശിയായി. സംഗീതയും വന്‍ചിക സെജ്‌വാളും മീറ്റ് റെക്കോഡ് തുല്ല്യമായി പങ്കിടുകയും ചെയ്തു.
ഒളിംപ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തിലെ തിങ്ങിനിറഞ്ഞ ആയിരങ്ങളുടെ ആരവങ്ങളോടെ നടന്ന മല്‍സരം ശരിക്കും പെണ്‍പോര് തീര്‍ക്കുന്നതായി. 12 പേരാണു മല്‍സരത്തിനായി ജംബിങ് പിറ്റിലിറങ്ങിയത്. 1.40 ഉയരത്തില്‍ നിന്നു തുടങ്ങിയ ചാട്ടത്തില്‍ 1.62ലെത്തിയപ്പോഴേക്കും എട്ടുപേര്‍ പിറ്റില്‍ നിന്നും പുറത്തുപോയി. 1.65 ഉയരത്തില്‍ മല്‍സരിക്കാന്‍ നാലു പേര്‍ മാത്രം. കേരളത്തിന്റെ ചെഷ്മയും സംഗീതയും ഡല്‍ഹിയുടെ വന്‍ചിക സെജ്‌വാളും ആസാമിന്റെ ലൈമണ്‍ നര്‍സറിയും. പക്ഷേ ഈ ഉയരത്തില്‍ ആസാമുകാരിക്ക് വിജയം കണ്ടെത്താനായില്ല. ഇതോടെ ഡല്‍ഹിക്കാരിയും കേരളതാരങ്ങളും മെഡല്‍ ഉറപ്പിച്ച് പിറ്റില്‍ സ്വര്‍ണത്തിനായുള്ള പോര് തീര്‍ത്തു. ക്രോസ് ബാര്‍ 1.67 ലേക്ക് ഉയര്‍ത്തി. കേരള താരങ്ങള്‍ ആദ്യചാന്‍സില്‍ തന്നെ വിജയം കണ്ടു.
വന്‍ചിക സെജ്‌വാള്‍ രണ്ടാം ചാന്‍സിലും ഉയരെ ചാടി പോര് കനത്തതാക്കി. മല്‍സരം മുറുകി. കാണികളുടെ ആവേശവും. അടുത്ത കടമ്പ താരങ്ങള്‍ക്ക് മീറ്റ് റെക്കോര്‍ഡ് മറികടന്നുള്ള പോരിനാണു ജംബിങ് പിറ്റ് തയ്യാറായത്. 2009ല്‍ കൊച്ചിമീറ്റില്‍ തമിഴ്‌നാടിന്റെ കെ ആനന്ദി സ്ഥാപിച്ച 1.68മീറ്റ് റെക്കോഡ് മറിടകടന്നുവേണം സ്വര്‍ണം നേടാന്‍. ക്രോസ് ബാര്‍ 1.69ലേക്ക് ഉയര്‍ത്തി ചാട്ടം ആരംഭിച്ചപ്പോള്‍ കേരളത്തിന്റെ ചെഷ്മക്ക് ഉയരം മറികടക്കാന്‍ കഴിയാതെ വെങ്കലത്തിന് അവകാശിയായി പോരില്‍ നിന്നും പുറത്തായി. ഇനി പിറ്റില്‍ സംഗീതയും വന്‍ചിക സെജ്‌വാളും മാത്രം. ഇരുവരും മീറ്റ് റെക്കോര്‍ഡ് മറികടന്ന് പോരിന് മൂര്‍ച്ച കൂട്ടി. ക്രോസ് ബാര്‍ 1.71 ലേക്ക ഉയര്‍ത്തി.
പക്ഷേ ഫലം നിരാശയായിരുന്നു. ഇരുവര്‍ക്കും ഉയരം മറികടക്കാനായില്ല. മല്‍സരം സങ്കീര്‍ണതിയിലേക്ക് നീങ്ങി. ഇതേ ഉയരത്തില്‍ ഒരു ചാന്‍സ്‌കൂടി ഇരുവര്‍ക്കും ലഭിച്ചു. എന്നിട്ടും ഉയരം മറികടക്കാന്‍ കഴിഞ്ഞില്ല. സ്വര്‍ണജേതാവിനെ തിരഞ്ഞെടുക്കാന്‍ ഉയരം പഴയതിലേക്കുതന്നെ താഴ്ത്തി. ക്രോസ് ബാര്‍ ജെംബോ ഓഫ് ചെയ്ത ഉയരം 1.69ല്‍. ഇരുവരം ആദ്യ ചാന്‍സ് കളഞ്ഞുകുളിച്ചു. രണ്ടാം ചാന്‍സില്‍ വന്‍ചിക സെജ്‌വാള്‍ വിജയം കണ്ടെത്തി. സംഗീതയും അവസാന അസ്ത്രവും പുറത്തെടുത്ത് സ്വര്‍ണം ലക്ഷ്യമാക്കി കുതിച്ചു.
പക്ഷേ ഭാഗ്യം തുണച്ചില്ല. ഇടതുകാല്‍ തട്ടി ക്രോസ് ബാര്‍ പിറ്റിലേക്ക് പതിക്കുമ്പോള്‍ കാണികളെ നിരാശരാക്കി വെള്ളിക്ക് അവകാശിയായി. എങ്കിലും മീറ്റ് റെക്കോഡ് മറികടന്നു എന്ന ബഹുമതിക്ക് അര്‍ഹയായി. ഡല്‍ഹി ടാഗോര്‍ ഇന്റര്‍ നാഷണല്‍ സ്‌കൂളിലെ 12ാം ക്ലാസ് വിദ്യാര്‍ഥിയായ വന്‍ചിക സെജ്‌വാള്‍ മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം കൈക്കലാക്കി. സെന്റ്‌മേരീസ് എച്ച്എസ്എസ് ഭരണങ്ങാരം പ്ലസ്ടു വിദ്യാര്‍ഥിയാണ് സംഗീത.
Next Story

RELATED STORIES

Share it