മീറ്റര്‍ റീഡര്‍ പരീക്ഷ: തമിഴ് ചോദ്യപേപ്പറില്‍ ഭാഷാപ്രശ്‌നങ്ങള്‍; പരീക്ഷ വീണ്ടും നടത്തണമെന്ന് ഉദ്യോഗാര്‍ഥികള്‍

പാലക്കാട്: പിഎസ്‌സി ഈ മാസം നടത്തിയ 557/2014 കാറ്റഗറി നമ്പരിലെ കെഎസ്ഇബി മീറ്റര്‍ റീഡര്‍ പരീക്ഷയുടെ തമിഴ് ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കായുള്ള ചോദ്യപേപ്പറില്‍ 43ഓളം ഭാഷാ വൈകല്യങ്ങള്‍ ഉണ്ടായിരുന്നതായി കേരള മാനില തമിഴ് വളര്‍ച്ചിപ്പണി ഇയക്കം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തൊട്ടാകെ ഈ മാസം ഏഴിനാണു പരീക്ഷ നടന്നത്. പാലക്കാട് ജില്ലയില്‍ 250ലേറെ ഉദ്യോഗാര്‍ഥികളാണ് ഇത്തരത്തില്‍ പരീക്ഷയെഴുതിയത്. പരീക്ഷയുടെ തമിഴ് ചോദ്യപേപ്പറില്‍ ഇംഗ്ലീഷ് പദങ്ങളെ തമിഴിലേക്കു പരിഭാഷപ്പെടുത്തിയാണു തയ്യാറാക്കിയിരിക്കുന്നത്.
എന്നാല്‍, 43ലേറെ ചോദ്യങ്ങളില്‍ തെറ്റുകള്‍ ആവര്‍ത്തിച്ചിരിക്കുന്നതു കൊണ്ട് 25 ശതമാനം മാര്‍ക്കുപോലും നേടാന്‍ ഉദ്യോഗാര്‍ഥികള്‍ക്കു സാധിക്കില്ലെന്ന് അവര്‍ പറഞ്ഞു. പിഴവുമൂലം ചോദ്യം മനസിലാവാതെ പല ഉദ്യോഗാര്‍ഥികളും പ്രയാസപ്പെടുകയും പലരും തെറ്റായ ഉത്തരങ്ങള്‍ എഴുതുകയും ചെയ്തു. തമിഴ് ഉദ്യോഗാര്‍ഥികളെ പ്രതിസന്ധിയിലാക്കിയ ഈ പരീക്ഷ റദ്ദുചെയ്ത് മലയാള ചോദ്യപേപ്പറില്‍ നല്‍കിയതു പോലെ സാങ്കേതിക പദങ്ങള്‍ ഇംഗ്ലീഷില്‍ നല്‍കി പുനപ്പരീക്ഷ നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it