മീറ്റര്‍ പ്രവര്‍ത്തിക്കുന്നില്ല; ഒരു വര്‍ഷത്തിനിടെ നടപടി നേരിട്ടത് 1844 ഓട്ടോറിക്ഷകള്‍

ശ്രീജിഷ പ്രസന്നന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഭൂരിഭാഗം ഓട്ടോറിക്ഷകളിലും മീറ്റര്‍ ഉപയോഗിക്കുന്നില്ല. വാഹന പരിശോധനകളില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സംസ്ഥാനത്തൊട്ടാകെ 1844 ഓട്ടോറിക്ഷകളാണ് മീറ്ററുകളില്ലാത്തതിന്റെ പേരില്‍ പിഴയടയ്‌ക്കേണ്ടി വന്നത്. ടാക്‌സി സവാരി നടത്തുന്ന ഓട്ടോറിക്ഷകളില്‍ നിയമപ്രകാരമുള്ള ഫെയര്‍ സ്റ്റേജുകള്‍ സെറ്റ് ചെയ്ത മീറ്ററുകള്‍ പ്രവര്‍ത്തിക്കണമെന്നാണു നിയമം.
എന്നാല്‍, നിരക്കുകളില്‍ കൃത്രിമം കാണിക്കാന്‍ സാധിക്കില്ല എന്നതിനാല്‍ പലരും മീറ്ററുകള്‍ ഘടിപ്പിക്കാറില്ല. മീറ്ററുകളുള്ള ഓട്ടോകള്‍ അവ പ്രവര്‍ത്തിക്കാത്തതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരക്കാര്‍ക്കും പിഴിയൊടുക്കേണ്ടി വന്നിട്ടുണ്ട്. ഏറ്റവും അധികം കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ട കണ്ണൂരില്‍ 344 ഡ്രൈവര്‍മാര്‍ക്കെതിരേയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് എറണാകുളമാണ്. ഏറ്റവും കുറവ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് ഇടുക്കി ജില്ലയിലാണ്. 28 പേര്‍. തിരുവനന്തപുരത്ത് 71ഉം കോട്ടയത്ത് 77ഉം കോഴിക്കോട് 32ഉം കേസുകളാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടത്. പരിശോധന കുറയുന്നതിനാലാണ് കേസുകളുടെ എണ്ണം കുറയുന്നത്. നഗരപ്രദേശങ്ങളില്‍ മാത്രമാണ് കൃത്യമായി മീറ്ററുകള്‍ വച്ച് ഓട്ടോറിക്ഷകള്‍ സവാരി നടത്തുന്നത്. ട്രാഫിക് പോലിസ് നടത്തുന്ന പതിവു വാഹന പരിശോധനയ്ക്കപ്പുറം ഓട്ടോറിക്ഷ സ്റ്റാന്റില്‍ ലീഗല്‍ മെട്രോളജി വകുപ്പ് പ്രത്യേക പരിശോധന നടത്തേണ്ടതുണ്ട്. എന്നാല്‍, ഈ പരിശോധന കാര്യക്ഷമമാവാത്തതിനാലാണ് നിയമലംഘനം വര്‍ധിക്കുന്നത്.
Next Story

RELATED STORIES

Share it