palakkad local

മീനാക്ഷിപുരം പോലിസ് സ്റ്റേഷന് സ്വന്തം കെട്ടിടം; തുടര്‍നടപടികള്‍ കടലാസിലൊതുങ്ങുന്നു

കൊഴിഞ്ഞാമ്പാറ: ജില്ലയുടെ കിഴക്കന്‍ അതിര്‍ത്തി മേഖലയായി മീനാക്ഷിപുരം പോലിസ് സ്റ്റേഷന് കാലങ്ങളായി സ്വന്തം കെട്ടിടമില്ല. ആവശ്യത്തിന് പണവും കെട്ടിടം നിര്‍മിക്കാന്‍ സ്ഥലവുമുണ്ടായിട്ടും പോലിസ് സ്റ്റേഷന് സ്വന്തം കെട്ടിട നിര്‍മാണം അനന്തമായി നീളുന്നു.
നിലവില്‍ പ്രദേശത്തെ ക്ഷീര സംഘത്തിന്റെ ഉടമസ്ഥതയിലുള്ള കല്യാണമണ്ഡപമാണ് താല്‍ക്കാലിക പോലിസ് സ്റ്റേഷനായി പ്രവര്‍ത്തിക്കുന്നത്. നേരത്തെയുണ്ടായിരുന്ന പോലിസ് ഔട്ട് പോസ്റ്റ് പൊളിച്ചുമാറ്റി പുതിയ കെട്ടിടം നിര്‍മിക്കാനുള്ള പദ്ധതിയാണ് അനന്തമായി നീളുന്നത്. സ്ഥലത്തെ മണ്ണ് പരിശോധനയും നടത്തി കെട്ടിടത്തിന്റെ രൂപരേഖയും തയ്യാറാക്കി പൊതുമരാമത്ത് വിഭാഗം സുപ്രണ്ട് എന്‍ജിനിയര്‍ക്ക് അയച്ചിട്ട് വര്‍ഷങ്ങള്‍ മൂന്നു കഴിഞ്ഞു. എന്നാല്‍, തുടര്‍നടപടി ഇല്ല. അതിര്‍ത്തി പ്രദേശമായതിനാല്‍ മീനാക്ഷിപുരത്ത് അടിക്കടിയുണ്ടാവുന്ന സംഘര്‍ഷങ്ങളും കള്ളക്കടത്തും നിയന്ത്രിക്കാന്‍ പോലിസ് സ്റ്റേഷന്‍ വേണമെന്ന പ്രദേശവാസികളുടെ ആവശ്യത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.
എന്നാല്‍ നാട്ടുകാരുടെ ആവശ്യം പരിഗണിച്ച് കഴിഞ്ഞ സര്‍ക്കാര്‍ മീനാക്ഷിപുരത്ത് പേലിസ് സ്റ്റേഷന്‍ അനുവദിച്ചിരുന്നു. ഇതിന്റെ ആദ്യപടിയായി പോലിസ് ഔട്ട് പോസ്റ്റിനെ പോലിസ് സ്റ്റേഷനായി ഉയര്‍ത്താനായിരുന്നു തീരൂമാനം.
ഇതിന്റെ ഉദ്ഘാടനം 2013 ല്‍ നടക്കുകയും ചെയ്തു. തകര്‍ച്ചയിലായിരുന്ന ഔട്ട് പോസ്റ്റ് പൊളിച്ച് പുതിയ സ്റ്റേഷന്‍ കെട്ടിടം നിര്‍മിക്കുന്നതിന് അന്നത്തെ എംഎല്‍എയുടെ പ്രാദേശിക ഫണ്ടില്‍ നിന്ന് 1.75 കോടി രൂപയും അനുവദിച്ചിരുന്നു. പോലിസ് സ്‌റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് പ്രതിമാസം 14,000 രൂപ വാടകയാണ് നല്‍കുന്നത്. പ്രതിവര്‍ഷം വാടകയിനത്തില്‍ മാത്രം ഒന്നരലക്ഷത്തോളം രൂപ നല്‍കുന്നുവെങ്കിലും കല്യാണമണ്ഡപം പോലിസ് സ്റ്റേഷനായതോടെ വിവാഹച്ചടങ്ങുകളുള്‍പ്പടെയുള്ള കാര്യങ്ങള്‍ നടത്താന്‍ കഴിയാതെ നാട്ടുകാര്‍ പ്രതിസന്ധിയിലാണ്.
കല്യാണമണ്ഡപം പോലിസ് സ്റ്റേഷനായതോടെ പ്രദേശവാസികള്‍ക്ക കല്യാണവും മറ്റും നടത്താന്‍ പാലക്കാട്, ചിറ്റൂര്‍, കൊഴിഞ്ഞാമ്പാറ മേഖലയെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. മാത്രമല്ല കെട്ടിടത്തില്‍ ഫയലുകള്‍ സൂക്ഷിക്കാനും ഇടമില്ല. വനിതാ ഉദ്യോഗസ്ഥരടക്കമുണ്ടെങ്കിലും പ്രാഥമിക കാര്യങ്ങള്‍ നിറവേറ്റാനുള്ള സൗകര്യം പോലുമില്ല.
Next Story

RELATED STORIES

Share it