Kottayam Local

മീനച്ചിലാറില്‍ വിഷം കലക്കി മീന്‍പ്പിടി ത്തം വ്യാപകം

കുമരകം: മീനച്ചിലാറില്‍ തിരുവാര്‍പ്പ്, ഇല്ലിക്കല്‍, താഴത്തങ്ങാടി ഭാഗങ്ങളില്‍ മാരക വിഷം കലക്കി സാമൂഹിക വിരുദ്ധര്‍ രാത്രി കാലങ്ങളില്‍ നടത്തുന്ന മീന്‍പ്പിടിത്തം വ്യാപകമാവുന്നു. ഇങ്ങനെ മീന്‍പ്പിടിക്കുന്നത് കുമരകം തിരുവാര്‍പ്പ് പഞ്ചായത്തിലെ കുടിവെള്ള വിതരണത്തിനു ഭീഷണിയായിരിക്കുകയാണ്.
കുമരകത്തും തിരുവാര്‍പ്പിലും കുടിവെള്ളമെത്തിക്കുന്ന താഴത്തങ്ങാടി പമ്പ് ഹൗസിനു ഒരു കിലോമീറ്റര്‍ അടുത്തുമാണ് മാരക വിഷം കലക്കി മീന്‍പ്പിടിത്തം നടത്തുന്നത്. തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ തുറന്ന സാഹചര്യത്തില്‍ ശക്തമായി വേലിയേറ്റത്തില്‍ വിഷം കലര്‍ന്ന വെള്ളം താഴത്തങ്ങാടി പമ്പ് ഹൗസില്‍ എത്തിയാല്‍ കുമരകം തിരുവാര്‍പ്പ് കുടിവെള്ള പൈപ്പുകളിലൂടെ എത്തും. രണ്ടുദിവസം മുമ്പ് എന്‍ഡോസല്‍ഫാന് സമാനമായി മാരക വിഷം രാത്രി മീനച്ചിലാറ്റില്‍ കലക്കി നടത്തിയ മീന്‍പ്പിടിത്തമാണ് പ്രശ്‌നമായത്. വിഷം വെള്ളത്തില്‍ കലരുമ്പോള്‍ തളര്‍ന്നുവീഴുന്ന മല്‍സ്യങ്ങളെയും ചത്തുപൊങ്ങുന്നവയെയും വലയിട്ട് പിടിച്ചു വില്‍ക്കുന്നവര്‍ക്കെതിരേ നരഹത്യാശ്രമത്തിനു കേസെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
മല്‍സ്യ സമ്പത്തിനും മനുഷ്യനും ഒരു പോലെ ആപല്‍ക്കരമായ നടപടികളാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. പിടിച്ചെടുക്കാന്‍ കഴിയാത്ത മല്‍സ്യങ്ങള്‍ ചത്തുചീഞ്ഞ് വെള്ളത്തില്‍ കലര്‍ന്ന് പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉണ്ടാവും. രാസ കീടനാശിനി കലര്‍ന്ന വെള്ളം ശുദ്ധീകരിക്കാന്‍ വാട്ടര്‍ അതോറിട്ടിക്ക് സംവിധാനമില്ല.
അതിനാല്‍ വിഷം കലക്കി മീന്‍പ്പിടിച്ച ഭാഗത്തെ ജലം ലാബില്‍ പരിശോധനയ്ക്കു വിധേയമാക്കി ജനത്തിന്റെ ആശങ്ക അകറ്റാന്‍ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. 100 കണക്കിന് ആളുകളാണ് വിവിധ കടവുകളില്‍ അലക്കുകയും കുളിക്കുകയും ചെയ്യുന്നത്. വിഷഭയം മൂലം പലരും ആറ്റില്‍ ഇറങ്ങാതെയായി. ഈ ഭാഗങ്ങളില്‍ കുളിക്കുന്നവര്‍ക്ക് ചൊറിച്ചില്‍ ആനുഭവപ്പെടുന്നതായും പറയുന്നു.
Next Story

RELATED STORIES

Share it