palakkad local

മീങ്കര ഡാമിലേക്ക് രണ്ടു ദിവസത്തിനകം വെള്ളം നല്‍കാമെന്ന് കലക്ടര്‍

മുതലമട: കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് രണ്ടു ദിവസത്തിനകം മീങ്കര ഡാമിലേക്ക് വെള്ളം നല്‍കുമെന്ന് ജില്ലാ കലക്ടര്‍ ഉറപ്പു നല്‍കി. മീങ്കര ചുള്ളിയാര്‍ ജലസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കലക്ടര്‍ക്ക് നിവേദനം നല്‍കി നടത്തിയ ചര്‍ച്ചയിലാണ് ഉറപ്പു നല്‍കിയത്. മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി, വടവന്നൂര്‍ എന്നീ പഞ്ചായത്തുകളിലെ ഒരു ലക്ഷത്തോളം ആളുകള്‍ക്ക് കുടിവെള്ളം ലഭ്യമാക്കേണ്ട മീങ്കര ഡാമില്‍ 17.8 അടി വെള്ളം മാത്രമാണുള്ളത്. ഇതില്‍ 10 അടിയോളം മണ്ണും ചെളിയുമാണ്.
നിലവില്‍ വിതരണം ചെയ്യുന്ന കുടിവെള്ളം നിറം കലര്‍ന്നതും അരുചിയുള്ളതുമാണ്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പറമ്പിക്കുളം വെള്ളം  മീങ്കര ഡാമിലേക്ക് എത്തിച്ച് ജലവിതരണം നടത്തിയിരുന്നു. ഈ ജലവര്‍ഷത്തില്‍ മീങ്കരയിലേക്ക് പറമ്പിക്കുളം വെള്ളം ലഭിച്ചിട്ടില്ല. കുടിവെള്ളത്തിനായി കമ്പാലത്തറ ഏരിയില്‍ നിന്നും ജലം ലഭ്യമാക്കണമെന്ന് സമിതി കലക്ടറോട് ആവശ്യപ്പെട്ടു.
തുടര്‍ന്ന് കലക്ടര്‍ ജലവകുപ്പ് ജോയിന്റ് ഡയറക്ടറുമായും എക്‌സിക്യൂട്ടീവ് എന്‍ജിനിയറുമായും ഫോണില്‍ സംസാരിച്ചാണ് രണ്ടു ദിവസത്തിനകം വെള്ളം നല്‍കാമെന്ന് ഉറപ്പു നല്‍കിയത്. മീങ്കര  ചുള്ളിയാര്‍ ജലസംരക്ഷണ സമിതി രക്ഷാധികാരി ആര്‍ അരവിന്ദാക്ഷന്‍, ചെയര്‍മാന്‍ എ എന്‍ അനുരാഗ്, ജനറല്‍ കണ്‍വീനര്‍ സജേഷ് ചന്ദ്രന്‍, കോ-ഓഡിനേറ്റര്‍ പി സതീഷ്, ഭാരവാഹികളായ എന്‍ ജി കെ പിള്ള, സക്കീര്‍ ഹുസൈന്‍, പി സി വിജയന്‍, അമാനുല്ല, ആര്‍ ബിജോയ്, എ സാദിഖ്, എസ് ദിവാകരന്‍, ബാലകൃഷ്ണന്‍, പി ഗിരിദാസ് എന്നിവരടങ്ങുന്ന സംഘമാണ് കലക്്ടറെ കണ്ട് നിവേദനം നല്‍കിയത്.
Next Story

RELATED STORIES

Share it