മിസ്ഡ് കോള്‍ വിവാദം: ബിജെപിയില്‍ ആഭ്യന്തരകലാപം- ചെന്നിത്തല

തിരുവനന്തപുരം: ബിജെപിയില്‍ മിസ്ഡ് കോള്‍ അംഗത്വവിവാദം മാത്രമാണ് നടക്കുന്നതെന്നും ആഭ്യന്തരകലാപംമൂലം തിരഞ്ഞെടുപ്പ് പ്രചാരണംപോലും ആ പാര്‍ട്ടിയില്‍ നടക്കുന്നില്ലെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മൂന്നാംമുന്നണി സ്വപ്‌നംകണ്ട് കേരളത്തില്‍ ഭരണം നേടാമെന്ന് കരുതിയ ബിജെപിയുടെ നില പരുങ്ങലിലാണ്. ഈ തിരഞ്ഞെടുപ്പോടെ കേരളത്തില്‍ ബിജെപി അസ്തമിക്കുമെന്നും ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരം പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച ജനഹിതം സംവാദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതേതര വിശ്വാസികളുള്ള കേരളത്തില്‍ സംഘ്പരിവാര്‍, ആര്‍എസ്എസ് അജണ്ടകള്‍ നടപ്പാക്കാനാവില്ല. മോദി ഭരണത്തിനു കീഴില്‍ ഭരണഘടന പൗരന് നല്‍കുന്ന അവകാശങ്ങള്‍പോലും ചോദ്യംചെയ്യുന്ന വിധത്തിലേക്ക് വര്‍ഗീയത വളരുന്നത് ആശങ്കാജനകമാണ്.
ഫസല്‍ വധക്കേസില്‍ പ്രതികളായ കാരായി സഹോദരന്മാരെ മല്‍സരിപ്പിക്കാനുള്ള സിപിഎം തീരുമാനം അക്രമരാഷ്ട്രീയത്തെ പ്രോല്‍സാഹിപ്പിക്കുന്നതാണ്. കാരായിമാരുടെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് വിഎസിന് എന്താണു പറയാനുള്ളതെന്നും ചെന്നിത്തല ചോദിച്ചു. എസ്എന്‍ഡിപിയുടെ മൈക്രോഫിനാന്‍സുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ രാഷ്ട്രീയലാഭത്തിനായി ഉപയോഗിക്കില്ല. പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാവും തുടരന്വേഷണമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
അടുത്ത തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെ ആര് നയിക്കുമെന്ന ചര്‍ച്ച നടത്തേണ്ട സാഹചര്യമില്ലെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് പ്രാദേശിക ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് ചില സ്ഥലങ്ങളില്‍ ലീഗും കോണ്‍ഗ്രസ്സും മുഖാമുഖം മല്‍സരിക്കുന്നത്. ഇത് മുന്നണി ബന്ധത്തെ ബാധിക്കില്ല. ലീഗ് മതേതര പാര്‍ട്ടിയാണെന്ന് സിപിഎം തിരിച്ചറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
Next Story

RELATED STORIES

Share it