Flash News

മിസോറാമിനെ വീഴ്ത്തി കേരളം ഫൈനലില്‍; കലാശപ്പോരില്‍ ബംഗാള്‍ എതിരാളി

മിസോറാമിനെ വീഴ്ത്തി കേരളം ഫൈനലില്‍; കലാശപ്പോരില്‍ ബംഗാള്‍ എതിരാളി
X

കൊല്‍ക്കത്ത: 72ാമത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കിരീടം ചൂടാന്‍ കേരളത്തിന് തകര്‍ക്കേണ്ടത് ബംഗാള്‍ കോട്ട. ഇന്നലെ നടന്ന സെമി പോരാട്ടങ്ങളില്‍ കേരളം എതിരില്ലാത്ത ഒരു ഗോളിന് മിസോറാമിനെ തകര്‍ത്ത് ഫൈനലില്‍ സീറ്റുറപ്പിച്ചപ്പോള്‍ മറ്റൊരു മല്‍സരത്തില്‍ കര്‍ണാടകയെ 2-0ന് മുട്ടുകുത്തിച്ചാണ് പശ്ചിമ ബംഗാളിന്റെ ഫൈനല്‍ പ്രവേശനം.

കോഴിക്കോടന്‍ കരുത്തില്‍ കേരളം
സന്തോഷ് ട്രോഫിയില്‍ എതിരാളികളെയെല്ലാം നിഷ്പ്രഭമാക്കി സെമിയില്‍ പ്രവേശിച്ച കേരളത്തെ നന്നായി വെള്ളം കുടിപ്പിച്ചാണ് മിസോറാം കീഴടങ്ങിയത്. കേരളത്തിന്റെ ഗോളടിവീരന്‍മാരെയെല്ലാം പ്രതിരോധത്തില്‍ കോട്ടകെട്ടി മിസോറാം തടുത്തുനിര്‍ത്തിയെങ്കിലും 54ാം മിനിറ്റില്‍ കോഴിക്കോട് യൂനിവേഴ്‌സിറ്റി താരം അഫ്ദാലിന്റെ കരുത്തില്‍ കേരളം വിജയഗോള്‍ കണ്ടെത്തുകയായിരുന്നു.
ഇഞ്ചോടിഞ്ച് പോരാട്ടത്തിനാണ് മൈതാനം സാക്ഷ്യം വഹിച്ചത്. കരുത്തരായ മിസോറാമിനെതിരേ കേരളത്തിന്റെ ടെച്ചോടെയാണ് മല്‍സരം ആരംഭിച്ചത്. മല്‍സരത്തിന്റെ ആദ്യ സമയങ്ങളില്‍ ആധിപത്യം മിസോറാമിനൊപ്പമായിരുന്നു. കളിയുടെ തുടക്കം തന്നെ മിസോറാം താരം ലാല്‍ റൊമാവിയ കേരളത്തിന്റെ ഗോള്‍മുഖം വിറപ്പിച്ചു. റൊമാവിയ തൊടുത്ത മിന്നല്‍ ഷോട്ടിനെ കേരള ഗോള്‍കീപ്പര്‍ വി മിഥുന്‍ മനോഹരമായി സേവ് ചെയ്യുകയായിരുന്നു. പിന്നീടുള്ള സമയത്തും കേരളത്തിന്റെ ഗോള്‍ മുഖത്തേക്ക് നിരന്തരം മിസോറാം പന്തെത്തിച്ചെങ്കിലും കേരളത്തിന്റെ പ്രതിരോധ നിരയുടെ കളിക്കരുത്തിന് മുന്നില്‍ ലക്ഷ്യം കാണാനായില്ല. 20ാം മിനിറ്റില്‍ മിസോറാമിന് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് കേരളത്തിന്റെ പ്രതിരോധത്തില്‍ തട്ടി തകര്‍ന്നു. 25ാം മിനിറ്റില്‍ മിസോറാം താരം ലാല്ഡമല്‍സ്വാമയുടെ നല്‍കിയ മികച്ച ക്രോസിനെ മുതലാക്കാന്‍ മുന്നേറ്റനിരയ്ക്കായില്ല. ആദ്യ പകുതിക്ക് വിസില്‍ ഉയര്‍ന്നപ്പോള്‍ കേരളത്തിനെക്കാള്‍ കൈയടി നേടിയത് മിസോറാമായിരുന്നെങ്കിലും ഇരു കൂട്ടര്‍ക്കും അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞില്ല.
രണ്ടാം പകുതിയുടെ തുടക്കം തന്നെ കേരളം ടീമില്‍ മാറ്റം വരുത്തി. സജിത്തിനെ പിന്‍വലിച്ച് അഫ്ദാലിനെ കളത്തിലിറക്കിയ കേരള പരിശീലകന്‍ സതീവന്‍ ബാലന്റെ തന്ത്രം ശരിയായിരുന്നെന്ന് തെളിയിക്കുന്ന പ്രകടനമാണ് താരം പുറത്തെടുത്തത്. ഒടുവില്‍ കേരളത്തിന്റെ ആരാധകരെ ആവേശക്കടലിലാഴ്ത്തി 54ാം മിനിറ്റില്‍ കേരളം അക്കൗണ്ട് തുറന്നു. എം എസ് ജിതിന്‍ നടത്തിയ മികച്ചൊരു മുന്നേറ്റത്തെ അഫ്ദാല്‍ ലക്ഷ്യം പിഴക്കാതെ വലയിലെത്തിക്കുകയായിരുന്നു. കേരളം 1-0ന് മുന്നില്‍.
ഗോള്‍വഴങ്ങിയതോടെ മിസോറാമിന്റെ കളിക്കരുത്തുണര്‍ന്നു. ഗോള്‍ മടക്കാനായി ആക്രമിച്ച് മുന്നേറിയ മിസോറാം പലതവണ മികച്ച മുന്നേറ്റം നടത്തിയെങ്കിലും കേരളത്തിന്റെ പ്രതിരോധ നിര വെല്ലുവിളി ഉയര്‍ത്തി. ഒടുവില്‍ ഫൈനല്‍ വിസില്‍ ഉയര്‍ന്നപ്പോള്‍ ഏകപക്ഷീയമായ ഒരു ഗോളിന്റെ വിജയത്തോടെ കേരളം ഫൈനലിലേക്ക് പറന്നു.  നാളെയാണ് കേരളവും ബംഗാളും തമ്മിലുള്ള ഫൈനല്‍ മല്‍സരം നടക്കുന്നത്.
Next Story

RELATED STORIES

Share it