മിസൈല്‍ ആക്രമണം കാസ്പിയന്‍ കടലില്‍ നിന്ന്ോ

മോസ്‌കോ: കാസ്പിയന്‍ കടലിലെ തങ്ങളുടെ യുദ്ധക്കപ്പലുകള്‍ സിറിയയിലെ ഐ.എസ്. കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി മിസൈല്‍ ആക്രമണം നടത്തിയെന്നു റഷ്യ. ആസര്‍ബൈജാനും ഇറാനും റഷ്യക്കുമിടയിലാണ് കാസ്പിയന്‍ കടല്‍. 1,500 കിലോമീറ്റര്‍ താണ്ടിയാണു മിസൈലുകള്‍ ശത്രുസങ്കേതങ്ങളില്‍ ആക്രമണം നടത്തിയതെന്നു റഷ്യ ടുഡേ റിപോര്‍ട്ട് ചെയ്തു.ഐ.എസ്. നിയന്ത്രണത്തിലുള്ള സിറിയയിലെ 11 കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി 26 ക്രൂയിസ് മിസൈലുകള്‍ തൊടുത്തതായി റഷ്യന്‍ പ്രതിരോധമന്ത്രി സെര്‍ജി ഷോയ്ഗു അറിയിച്ചു.

നാലു കപ്പലുകളാണ് ഇന്നലെ രാവിലെ നടന്ന ആക്രമണത്തില്‍ പങ്കാളികളായത്. അതേസമയം, റഷ്യയുടെ 57 വ്യോമാക്രമണങ്ങളില്‍ രണ്ടെണ്ണം മാത്രമാണ് ഐ.എസ്. കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയതെന്നും ബാക്കിയുള്ളവ സര്‍ക്കാര്‍ വിമതര്‍ക്കുനേരെയായിരുന്നുവെന്നും തുര്‍ക്കി പ്രധാനമന്ത്രി അഹ്മദ് ദാവൂദൊഗ്‌ലു ആരോപിച്ചതിനു പിന്നാലെയാണ് റഷ്യയുടെ പുതിയ പ്രഖ്യാപനം. തുര്‍ക്കിയുടെ ആരോപണം റഷ്യ നിഷേധിച്ചു. മുഴുവന്‍ സായുധസംഘങ്ങളെയും ലക്ഷ്യമാക്കിയാണ് ആക്രമണമെന്നും ചിലപ്പോള്‍ അതില്‍ സിവിലിയന്‍മാരും പാശ്ചാത്യ പിന്തുണയുള്ള വിമതരും ഉള്‍പ്പെട്ടേക്കാമെന്നും റഷ്യ പ്രതികരിച്ചു.

തുര്‍ക്കിയുടെ നിസ്സഹകരണം നിലനില്‍ക്കെ തന്നെ സിറിയയിലെ 112 കേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ സാധിച്ചതായി ഷോയ്ഗു പറഞ്ഞു. റഷ്യന്‍ വിമാനം തുര്‍ക്കി വ്യോമപരിധി ലംഘിച്ചതുമായി ബന്ധപ്പെട്ട് റഷ്യന്‍ അംബാസഡറെ മൂന്നു തവണ തുര്‍ക്കി വിളിച്ചുവരുത്തിയിരുന്നു. തങ്ങള്‍ക്കു മേലുള്ള കടന്നുകയറ്റം നാറ്റോയെ ആക്രമിക്കുന്നതിനു തുല്യമാണെന്നു തുര്‍ക്കി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതേസമയം, ഇദ്‌ലിബ്, ഹാമ പ്രവിശ്യകളില്‍ ദിവസങ്ങള്‍ക്കിടെ ശക്തമായ ആക്രമണമാണ് നടന്നുവരുന്നതെന്നു സിറിയയിലെ യുദ്ധനിരീക്ഷണ സംഘടനയായ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് റിപോര്‍ട്ട് ചെയ്തു.
Next Story

RELATED STORIES

Share it