kozhikode local

മിഷന്‍ ഇന്ദ്രധനുഷ്‌- രോഗപ്രതിരോധ കുത്തിവയ്പ്പ് : ദ്രുതകര്‍മ സേന രൂപീകരിച്ചു



കോഴിക്കോട്:  ജില്ലയില്‍ രോഗപ്രതിരോധ കുത്തിവയ്പ്പ് നടത്താത്ത അഞ്ച് വയസിന് താഴെ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും പ്രതിരോധ കുത്തിവയ്പ്പ് ലഭ്യമാക്കുന്നതിനായി മിഷന്‍ ഇന്ദ്രധനുഷ് നാലാം ഘട്ടം വിപുലമായി നടപ്പിലാക്കാന്‍ തീരുമാനിച്ചു. പരിപാടിയുടെ അടുത്ത ഘട്ടം മെയ് 7 ന് ആരംഭിക്കും. ഇതിനായി ഡെപ്യൂട്ടി കലക്ടര്‍ പി. അബ്ദുള്‍ നാസറിന്റെ അധ്യക്ഷതയില്‍ ദ്രുതകര്‍മ്മ സേന രൂപീകരിച്ചു.  തുടര്‍ച്ചയായി മൂന്ന് മാസങ്ങളില്‍ 7ാം തിയ്യതി മുതല്‍ ഏഴു ദിവസങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഈ ദിവസങ്ങളില്‍ പ്രത്യേക പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പുകള്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് തലത്തില്‍ സംഘടിപ്പിക്കും. ഇതുവരെ പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്ത കുട്ടികള്‍, ഒരു മാസത്തോളം കുത്തിവെപ്പ് എടുക്കാന്‍ വൈകിയ കുട്ടികള്‍ എന്നിവരെ കണ്ടെത്തി ദേശീയ രോഗ പ്രതിരോധ കുത്തിവെപ്പ് പട്ടിക പ്രകാരം ലഭിക്കേണ്ട വാക്‌സിനുകള്‍ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, അങ്കണവാടി പ്രവര്‍ത്തകര്‍ എന്നിവര്‍ അതതു പ്രദേശത്തെ ഇത്തരം കുട്ടികളെ കണ്ടെത്തി പഞ്ചായത്ത്തലത്തില്‍ ആക്ഷന്‍പ്ലാന്‍ തയ്യാറാക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ അങ്കണവാടികള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ കുട്ടികളെ എത്തിച്ച് പ്രതിരോധ കുത്തിവയ്പ്പ് ലഭ്യമാക്കും. ഇതിനായി വാര്‍ഡ് തലത്തിലും കുടുംബക്ഷേമ ഉപകേന്ദ്രങ്ങളിലും അങ്കണവാടികളിലും ബോധവത്ക്കരണ ക്ലാസുകള്‍, സി.ി പ്രദര്‍ശനം, ലഘുലേഖ വിതരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും ജനപ്രതിനിധികളുടേയും നേതൃത്വത്തിലാണ് പരിപാടി പഞ്ചായത്ത് തലത്തില്‍ നടപ്പിലാക്കുന്നത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ.ആശാദേവി, കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ. ഗോപകുമാര്‍, ഐഎപി പ്രതിനിധി ഡോ. കൃഷ്ണകുമാര്‍, ആര്‍സിഎച്ച് ഓഫീസര്‍ ഡോ. സരളാ നായര്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ. ജീജ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it