Flash News

മിശ്രവിവാഹത്തിനിടെ സംഘപരിവാര അതിക്രമം; നിരവധി പേര്‍ കസ്റ്റഡിയില്‍

സ്വന്തം പ്രതിനിധി

ന്യൂഡല്‍ഹി: ലൗ ജിഹാദ് ആരോപിച്ച് മിശ്രവിവാഹം തടഞ്ഞതിനെത്തുടര്‍ന്ന് ബിജെപി നേതാവടക്കം നിരവധി പേരെ ഗാസിയാബാദ് പോലിസ് കസ്റ്റഡിയിലെടുത്തു. സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം 30കാരനായ മുസ്‌ലിം യുവാവും 28കാരിയായ ഹിന്ദു യുവതിയും വിവാഹം ചെയ്തതിനെത്തുടര്‍ന്നാണ് വിവാഹ സല്‍ക്കാരവേദിയില്‍ അതിക്രമിച്ച് കയറി ബിജെപി, ബജ്‌രംഗ്ദള്‍, ഹിന്ദു രക്ഷാ ദള്‍, ധറം ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്. സൈക്കോളജിസ്റ്റായ നൂപുര്‍ സിംഗാളും എംബിഎ ബിരുദധാരിയായ മന്‍സൂര്‍ ഖാനും തമ്മിലെ വിവാഹത്തിനിടെയായിരുന്നു അക്രമം.അതേസമയം, തന്റെ മകളും പങ്കാളിയായി തിരഞ്ഞെടുത്ത യുവാവും പ്രായപൂര്‍ത്തിയായവരാണെന്നും ശരിതെറ്റുകള്‍ മനസ്സിലാക്കാന്‍ അവര്‍ക്ക് കഴിവുണ്ടെന്നും യുവതിയുടെ പിതാവും ഗാസിയാബാദില്‍ വ്യവസായിയുമായ പുഷ്‌പേന്ദ്രകുമാര്‍ പറഞ്ഞു. വിവാഹത്തില്‍ നിന്ന് പിന്‍മാറണമെന്ന ഭീഷണിയുമായി നിരവധി ഫോണ്‍ കോളുകള്‍ ലഭിച്ചിരുന്നു. ഹിന്ദു ആചാര പ്രകാരം വിവാഹം നടത്താന്‍ വരന്‍ തയ്യാറായിരുന്നു. എന്നാല്‍, സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം  നടത്താന്‍ മകളാണ് ആവശ്യപ്പെട്ടത്. അതെങ്ങനെയാണ് ലൗ ജിഹാദ് ആവുകയെന്നും അദ്ദേഹം ചോദിച്ചു. ബിജെപി ഗാസിയാബാദ് സിറ്റി  പ്രസിഡന്റ് അജയ് ശര്‍മയുടെ നേതൃത്വത്തിലാണ് ഉച്ചയ്ക്ക് 12 മണിയോടെ അക്രമം അരങ്ങേറിയത്. അഞ്ചു മണിക്കൂറോളം നേരം വിവാഹ പന്തലില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘപരിവാര പ്രവര്‍ത്തകരെ പോലിസ് ലാത്തിച്ചാര്‍ജ് നടത്തിയാണ് നേരിട്ടത്. യുവാവിന്റെ പിതാവ് ഡല്‍ഹി സര്‍വകലാശാലയിലെ പ്രഫസറും യുവതിയുടെ മുത്തച്ഛന്‍ റിട്ടയേര്‍ഡ് ഐഎഎസ് ഓഫിസറുമാണ്. ഇരു കുടുംബങ്ങളും തമ്മില്‍ വര്‍ഷങ്ങളായി പരിചയമുള്ളതാണെന്നും ഇരുവരും തങ്ങളുടെ തീരുമാനം ഇരു കുടുംബങ്ങളെയും നേരത്തെ തന്നെ അറിയിച്ചതാണെന്നും തങ്ങള്‍ അവരുടെ തീരുമാനത്തോട് യോജിപ്പ് അറിയിച്ചതാണെന്നും പെണ്‍കുട്ടിയുടെ അമ്മാവന്‍ പറഞ്ഞു.സംഘപരിവാരത്തിന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള ആക്രമണം പ്രതീക്ഷിച്ചിരുന്നു. അത് നേരിടാന്‍ തങ്ങള്‍ നന്നായി തയ്യാറെടുത്തിരുന്നുവെന്നും ആളുകള്‍ എന്തു വിചാരിക്കുന്നുവെന്ന് തങ്ങള്‍ക്ക് വിഷയമല്ലെന്നും ഇത് ഞങ്ങളുടെ തീരുമാനമാണെന്നും യുവതി പ്രതികരിച്ചു.
Next Story

RELATED STORIES

Share it