മിശ്രഭോജനം നൂറാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം

കൊച്ചി: കേരളത്തിന്റെ നവോത്ഥാന ചരിത്രത്തെ സമരോല്‍സുകമാക്കിയ മിശ്രഭോജനത്തിന്റെയും യുക്തിവാദി പ്രസ്ഥാനത്തിന്റെയും 100ാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള ഒരുവര്‍ഷം നീളുന്ന ആഘോഷപരിപാടികള്‍ക്കു ചെറായിയില്‍ തുടക്കമായി. സഹോദരന്‍ അയ്യപ്പന്റെ നേതൃത്വത്തില്‍ ചെറായിയില്‍ 1917 മേയ് 29ന് ഈഴവരെയും പുലയരെയും ഒന്നിച്ചിരുത്തി നടത്തിയ മിശ്രഭോജനത്തിന് 99 വര്‍ഷം തികഞ്ഞ ഞായറാഴ്ചയാണു കേരള യുക്തിവാദി സംഘത്തിന്റെയും കേരള മിശ്ര വിവാഹവേദിയുടെയും സംയുക്താഭിമുഖ്യത്തില്‍ 100ാം വാര്‍ഷികാഘോഷപരിപാടികള്‍ക്കു തുടക്കമായത്. മിശ്രഭോജനത്തോടെ യുക്തിവാദി പ്രസ്ഥാനത്തിനും തുടക്കമായിരുന്നു. യുക്തിവാദികളുമായി അടുപ്പം പുലര്‍ത്തിയ സഹോദരന്‍ അയ്യപ്പന്‍ ചെറായിയില്‍ അത്തരം ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളുമാരംഭിച്ചിരുന്നു. മിശ്രഭോജനം നടന്ന ചെറായി തുണ്ടിടംപറമ്പില്‍ നിന്നാരംഭിച്ച നവോത്ഥാന ജാഥയോടെ വാര്‍ഷികാഘോഷ പരിപാടികള്‍ക്കു തുടക്കമായി.രാവിലെ 10ന് തുണ്ടിടംപറമ്പില്‍ നിന്നാരംഭിച്ച ജാഥ വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ കെ ജോഷി ഉദ്ഘാടനം ചെയ്തു. പി ഇ സുധാകരന്‍ നയിച്ച നവോത്ഥാന ജാഥ ചെറായി, പറവൂര്‍, ചേന്ദമംഗലം കവല, വെടിമറ, മനയ്ക്കപ്പടി, കരുമാലൂര്‍ എന്നീ കേന്ദ്രങ്ങളിലെ സ്വീകരണങ്ങളേറ്റുവാങ്ങി ആലുവ അദൈ്വതാശ്രമത്തില്‍ സമാപിച്ചു. അദൈ്വതാശ്രമത്തില്‍ നടന്ന മതേതര സംഗമം ആലുവ അദൈ്വതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ ഉദ്ഘാടനം ചെയ്തു. ഇരിങ്ങല്‍ കൃഷ്ണന്‍ അധ്യക്ഷനായി.  ഒരുവര്‍ഷം നീളുന്ന വാര്‍ഷികാഘോഷങ്ങള്‍ക്കു തുടക്കംകുറിച്ച് ചേര്‍ന്ന പൊതുസമ്മേളനം വൈകീട്ട് നാലിന് ആലുവ എസ്എന്‍ഡിപി സ്‌കൂള്‍ ഹാളില്‍ ജസ്റ്റിസ് ബി കെമാല്‍ പാഷ ഉദ്ഘാടനം ചെയ്തു.
Next Story

RELATED STORIES

Share it