Flash News

മിശിഹാ ബാഴ്‌സയെ കാത്തു, ചെല്‍സിയെ വീഴ്ത്തി മാഞ്ചസ്റ്റര്‍ സിറ്റി

മിശിഹാ ബാഴ്‌സയെ കാത്തു, ചെല്‍സിയെ വീഴ്ത്തി മാഞ്ചസ്റ്റര്‍ സിറ്റി
X

ലണ്ടന്‍/ മാഡ്രിഡ്: സ്പാനിഷ് ലീഗിലെ വമ്പന്‍ പോരാട്ടത്തില്‍ കരുത്തരായ അത്‌ലറ്റികോ മാഡ്രിഡിനെ എതിരില്ലാത്ത ഒരു ഗോളിന് ബാഴ്‌സലോണ തോല്‍പ്പിച്ചപ്പോള്‍ പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാംപ്യന്‍മാരെ ചെല്‍സിയെ 1-0ന് മാഞ്ചസ്റ്റര്‍ സിറ്റിയും തോല്‍പ്പിച്ചു.

മെസ്സിക്കരുത്തില്‍ ബാഴ്‌സലോണ

ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട ബാഴ്‌സലോണ - അത്‌ലറ്റികോ മാഡ്രിഡ് മല്‍സരത്തില്‍ ലയണല്‍ മെസ്സി നേടിയ ഗോളിലാണ് ബാഴ്‌സലോണ വിജയം പിടിച്ചത്. 26ാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്കിനെ മനോഹരമായി മെസ്സി വലയിലെത്തിക്കുകയായിരുന്നു. ഇതോടെ മെസ്സി കരിയറില്‍ 600 ഗോളുകളും പൂര്‍ത്തിയാക്കി. പിന്നീട് ഗോളകന്നുനിന്നതോടെ ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ച ബാഴ്‌സലോണ പട്ടികയില്‍ എട്ട് പോയിന്റ് വ്യത്യാസത്തോടെ ഒന്നാം സ്ഥാനം നിലനിര്‍ത്തി. 61 പോയിന്റുള്ള അത്‌ലറ്റികോ മാഡ്രിഡാണ് രണ്ടാം സ്ഥാനത്ത്.

ജയം വിടാതെ സിറ്റി

പ്രീമിയര്‍ ലീഗില്‍ ഗോളൊഴിഞ്ഞ് നിന്ന ആദ്യ പകുതിക്ക് ശേഷമാണ് സിറ്റി വിജയം പിടിച്ചത്. 46ാം മിനിറ്റില്‍ ഡേവിഡ് സില്‍വയുടെ അസിസ്റ്റില്‍ ബെര്‍ണാഡോ സില്‍വയാണ് സിറ്റിക്കുവേണ്ടി വലകുലുക്കിയത്. ജയത്തോടെ 78 പോയിന്റുകളോടെ സിറ്റി ഈ സീസണിലെ പ്രീമിയര്‍ ലീഗ് കിരീടം ഉറുപ്പിച്ചു എന്നു തന്നെ പറയാം. രണ്ടാം സ്ഥാനത്തുള്ള ലിവര്‍പൂളിന്റെ അക്കൗണ്ടില്‍ 60 പോയിന്റുകളാണുള്ളത്.

ആഴ്‌സനലിന് അട്ടിമറി തോല്‍വി

ഇന്നലെ നടന്ന മറ്റൊരു മല്‍സരത്തില്‍ ആഴ്‌സനലിനെ 2-1ന് ബ്രൈറ്റന്‍ അട്ടിമറിച്ചു. ഏഴാം മിനിറ്റില്‍ ലെവിസ് ഡങ്കും 26ാം മിനിറ്റില്‍ ഗ്ലെന്‍ മുറേയും ബ്രൈറ്റന് വേണ്ടി വലകുലുക്കിയപ്പോള്‍ 43ാം മിനിറ്റില്‍ പെറി എംറിക് ഔബമെയാങാണ് ആഴ്‌സനലിന് വേണ്ടി ആശ്വാസ ഗോള്‍ നേടിയത്. ആഴ്‌സനലിന്റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്. 45 പോയിന്റുള്ള ആഴ്‌സനല്‍ ആറാം സ്ഥാനത്തും 34 പോയിന്റുള്ള ബ്രൈറ്റന്‍ 10ാം സ്ഥാനത്തുമാണ്.
Next Story

RELATED STORIES

Share it