ernakulam local

മില്‍മ ഭരണത്തില്‍ ഗ്രൂപ്പ് വടംവലി



കളമശ്ശേരി: മില്‍മ ഫെഡറേഷന്‍ ഭരണ സമിതി അംഗത്തിന്റെ തിരഞ്ഞെടുപ്പില്‍ എ ഗ്രൂപ്പ് കാരനായ അംഗത്തിന്റെ വരവ് തടയാന്‍ കെപിസിസി നിര്‍ദേശം അവഗണിച്ച് ആറ് കോണ്‍ഗ്രസ് അംഗങ്ങള്‍ ബോര്‍ഡ് യോഗത്തില്‍ നിന്നും വിട്ടുനിന്നത് വിവാദമാവുന്നു. മുന്‍ എറണാകുളം മേഖലാ ചെയര്‍മാനും എ ഗ്രൂപ്പ് നേതാവുമായ എം ടി ജയന്റെ വരവ് തടയാനാണ് കെപിസിസി നിര്‍ദേശം ഒരു വിഭാഗം അംഗങ്ങള്‍ ലംഘിച്ചത്. കോണ്‍ഗ്രസ് ഭരണം നടത്തുന്ന മില്‍മ എറണാകുളം മേഖലയിലാണ് പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശം നടപ്പാക്കാന്‍ കഴിയാതെ വന്നിരിക്കുന്നത്. എറണാകുളം, ഇടുക്കി, കോട്ടയം, തൃശൂര്‍ ജില്ലകള്‍ വരുന്ന മില്‍മ യുനിയന്‍ എറണാകുളം മേഖല യൂനിയനില്‍ നിന്നുള്ള ഫെഡറേഷന്‍ ഭരണ സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗം അയോഗ്യനായതിനെ തുടര്‍ന്നാണ് പുതിയ തിരഞ്ഞെടുപ്പ് വന്നത്. മാസങ്ങള്‍ക്ക് മുന്‍പ് തിരഞ്ഞെടുപ്പ് നിശ്ചയിച്ചെങ്കിലും പാര്‍ട്ടിയിലെ പടലപിണക്കത്തെത്തുടര്‍ന്ന് നീണ്ട് പോവുകയായിരുന്നു. ഒടുവില്‍ പാര്‍ട്ടി ഇടപെട്ട് മുന്‍ ചെയര്‍മാന്‍ എം ടി ജയനെ തിരഞ്ഞെടുക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കൂടിയ യോഗത്തില്‍ നിന്നും കോണ്‍ഗ്രസിന്റെ ആറ് അംഗങ്ങളും ഒരു കേരള കോണ്‍ഗ്രസ് അംഗവും വിട്ടുനിന്നു. ആകെയുള്ള 15 അംഗങ്ങളില്‍ മുന്‍ ചെയര്‍മാനെ അനുകൂലിക്കുന്ന നാലംഗങ്ങളും മില്‍മ ചെയര്‍മാനും രണ്ട് സര്‍ക്കാര്‍ പ്രതിനിധികളും എംഡിയുമാണ് യോഗത്തില്‍ പങ്കെടുത്തതെന്ന് പറയുന്നു. രണ്ട് മുന്‍ ചെയര്‍മാന്‍മാരെ അനുകൂലിക്കുന്ന അംഗങ്ങളാണ് യോഗത്തില്‍ നിന്നും വിട്ട് നിന്നത് എന്നാണ് ആക്ഷേപം.മില്‍മ എറണാകുളം മേഖല യൂനിയനില്‍ ഭരണം കോണ്‍ഗ്രസിനാണെങ്കിലും മൂന്ന്് മുന്‍ ചെയര്‍മാന്‍മാരും നിലവിലെ ചെയര്‍മാനും നയിക്കുന്ന ഗ്രൂപ്പുകളാണ് ഭരണം നടത്തുന്നത്. കോണ്‍ഗ്രസ് ഭരണം നടത്തി വരുന്ന എറണാകുളം യുനിയന്‍ 22 വര്‍ഷകാലം ഐ ഗ്രുപ്പാണ് ഭരിച്ചിരുന്നത്്. പാലിന്റെ വില പോലും നല്‍കാതെ ക്ഷീരകര്‍ഷകരെ ദുരിതത്തിലാക്കിയതായും മില്‍മ അടച്ചുപൂട്ടലിന്റെ ഭീഷണി നേരിട്ടിരുന്നതായും എ ഗ്രൂപ്പ് പറയുന്നു. ഈ സഹചര്യത്തിലാണ് നേതൃത്വം ഇടപെട്ട് 2008ല്‍ എ ഗ്രൂപ്പുകാരനായ എം ടി ജയനെ ചെയര്‍മാനായി തിരഞ്ഞെടുത്തത്. 2013 വരെ ഭരണം തുടര്‍ന്നു. ഈ കാലയളവില്‍ മില്‍മ ലാഭത്തിലായതായും ക്ഷീര കര്‍ഷകര്‍ക്ക് കൊടുക്കാനുള്ള കുടിശ്ശിഖയടക്കം ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുകയും ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുകയും മില്‍മ ലാഭത്തിലാകുകയും ചെയ്തതായി എ ഗ്രുപ്പ് വിഭാഗം പറയുന്നു.  പാര്‍ട്ടി നിര്‍ദേശത്തെ തുടര്‍ന്ന് എം ടി ജയന്‍ രാജിവയ്ക്കുകയും ബാലന്‍ മാസ്റ്ററെ ചെയര്‍മാനായി തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് 2015ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ എം ടി ജയനെ ചെയര്‍മാനാക്കാന്‍ പാര്‍ട്ടി ഗ്രൂപ്പുകള്‍ ധാരണയില്‍ എത്തി. തുടര്‍ന്ന് ബോര്‍ഡ് തിരഞ്ഞെടുപ്പില്‍ എ ഗ്രൂപ്പ്് മൂന്ന് സീറ്റിലും ബാക്കി സീറ്റുകളില്‍ ഐ ഗ്രൂപ്പും മല്‍സരിച്ചു. എന്നാല്‍ എല്ലാ സീറ്റിലും കോണ്‍ഗ്രസ് വിജയിച്ചതോടെ പാര്‍ട്ടി ഗ്രൂപ്പ് ധാരണ കാറ്റില്‍ പറത്തി ചെയര്‍മാന്‍ സ്ഥാനം ആവശ്യപ്പെട്ട് ഐ ഗ്രൂപ്പ് രംഗത്തെത്തി. തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ ഐ ഗ്രൂപ്പിനെ ഞെട്ടിച്ച് എ ഗ്രൂപ്പ് കോണ്‍ഗ്രസിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിക്ക് 8 വോട്ട് ലഭിച്ചു. ഐ ഗ്രൂപ്പ് സ്ഥാനാര്‍ഥിക്കും 8 വോട്ട് ലഭിച്ചു. 2015ല്‍ മൂന്ന് അംഗങ്ങള്‍ ഉണ്ടായിരുന്ന എ ഗ്രൂപ്പിന് 5 വോട്ട് കുടുതല്‍ ലഭിച്ചത് ഐ ഗ്രുപ്പ് നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. തുടര്‍ന്ന് നറുക്കെടുപ്പിലൂടെയാണ് ചെയര്‍മാനെ തിരഞ്ഞെടുത്തത്്. അന്നുമുതല്‍ മില്‍മയുടെ ഭരണത്തില്‍ ഗ്രൂപ്പിന്റെ അതിപ്രസരം ശക്തമായിരുന്നു. ഇതിനിടയിലാണ് മില്‍മ ഫെഡറേഷനിലേക്ക് തിരഞ്ഞെടുപ്പ് വന്നത്. ഈ അംഗത്തെ തിരഞ്ഞെടുക്കുന്നതാണ് ഐ ഗ്രൂപ്പ് അട്ടിമറിച്ചതെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇതോടെ മില്‍മ ഭരണത്തില്‍ എ, ഐ ഗ്രൂപ്പ് വടംവലി ശക്തമായിരിക്കുകയാണ്.
Next Story

RELATED STORIES

Share it