Alappuzha local

മില്‍മ ജീവനക്കാര്‍ പ്രക്ഷോഭത്തിലേക്ക്

അമ്പലപ്പുഴ: ദീര്‍ഘകാല ശമ്പള കരാര്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് മില്‍മ ജീവനക്കാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. മില്‍മയിലെ ജീവനക്കാരുടെ ശമ്പള കരാര്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ 31ന് അവസാനിച്ചിരുന്നു.
ഇതിനെ തുടര്‍ന്ന് മാനേജ്‌മെന്റും യൂനിയനുകളുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ അഡീഷനല്‍ ലേബര്‍ ഓഫിസര്‍ മെയ് 8ന് ഒപ്പുവച്ചെങ്കിലും മാനേജ്‌മെന്റ് ഇതുവരെ കരാര്‍ നടപ്പാക്കിയില്ലെന്ന് കേരള കോ-ഓപറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് എംപ്ലോയീസ് ഫെഡറേഷന്‍ (സിഐടിയു ) സംസ്ഥാന കമ്മിറ്റി ആരോപിച്ചു.
മില്‍മ സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സ്ഥാപനമായതിനാല്‍ സര്‍ക്കാരില്‍ നിന്നും ജീവനക്കാരുടെ ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ കൊടുക്കുന്നതിനായി സാമ്പത്തിക സഹായം ലഭിക്കുന്നില്ല. സര്‍ക്കാര്‍ അനുമതിയോടെയേ കരാര്‍ നടപ്പാക്കാവൂ എന്ന വ്യവസ്ഥയുള്ളതിനാല്‍ ധനകാര്യ വകുപ്പിലേ പേ റിവിഷന്‍ സെല്ലില്‍ പരിശോധനകള്‍ക്കായി സമര്‍പ്പിച്ചിരിക്കുകയാണ്.
യൂനിയന്‍ ഭാരവാഹികള്‍ ധനകാര്യ മന്ത്രിയെ നേരില്‍ കണ്ട് നിവേദനം നല്‍കിയതിനെ തുടര്‍ന്ന് ഫയല്‍ അടിയന്തരമായി പരിശോധിച്ച് തീര്‍പ്പുകല്‍പ്പിക്കാന്‍ നിര്‍ദേശിച്ചെങ്കിലും സെക്ഷനിലെ ജീവനക്കാരുടെ പരിചയ കുറവും അലംഭാവവും കാരണം ഫയല്‍ മാസങ്ങളായി കെട്ടി കിടക്കുകയാണ്.
മില്‍മയിലെ നിയമനങ്ങള്‍ 1994ല്‍ പി എസ്‌സി വഴിയാക്കി ഗവ. ഉത്തരവായെങ്കിലും ഇത് അട്ടിമറിച്ച് മേഖലാ യൂനിയനുകളിലെ നിയമനങ്ങള്‍ മാനേജ്‌മെന്റ് നേരിട്ടു നടത്തിവരികയാണ്. ഇങ്ങനെ നിയമനങ്ങള്‍ നടത്തുന്നതിനായി പുതിയ റിക്രൂട്ടുമെന്റ് ബോര്‍ഡ് സര്‍ക്കാര്‍ പ്രതിനിധികളെക്കൂടി ഉള്‍പ്പെടുത്തി രൂപീകരിച്ച് നിയമനം നടത്താനായി മാനേജ്‌മെന്റ് ശ്രമിച്ചുവരികയാണ്.
ഇത്തരം നടപടികള്‍ അടിയന്തരമായി നിര്‍ത്തിവച്ച് മേഖലാ യൂനിയനുകള്‍ അടക്കമുള്ള മില്‍മയിലെ ഒഴിവുകളില്‍ പിഎസ്‌സി നിയമനം നടത്തണമെന്നും മില്‍മയിലെ ജീവനക്കാരുടെ പുതുക്കിയ ശമ്പള കരാര്‍ എത്രയും വേഗം നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് ഇതര ട്രേഡ് യൂനിയനുകളുമായി ചേര്‍ന്ന് പണിമുടക്ക് ഉള്‍പ്പെടെയുള്ള പ്രത്യക്ഷ സമരം ആരംഭിക്കാനും യോഗം തീരുമാനിച്ചു.
യൂനിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പികെ ബൈജു അധ്യക്ഷത വഹിച്ചു.സെക്രട്ടറി എന്‍പി വിദ്യാനന്ദന്‍, ട്രഷറര്‍ ജോസ് വി കുര്യന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it