palakkad local

മില്‍മയുടെ ക്രിസ്മസ്, പുതുവല്‍സര സമ്മാനം; ക്ഷീരകര്‍ഷകര്‍ക്ക് അധിക പാല്‍വില

സുനുചന്ദ്രന്‍ ആലത്തൂര്‍

ആലത്തൂര്‍: മില്‍മ മലബാര്‍ മേഖലയിലെ കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട മലപ്പുറം, പാലക്കാട്, ജില്ലകളിലെ ഒരു ലക്ഷത്തോളം ക്ഷീരകര്‍ഷകര്‍ക്ക് ക്രിസ്തുമസ് പുതുവല്‍സര സമ്മാനവും പ്രോല്‍സാഹന വിലയും നല്‍കും. 2015 ഡിസംബര്‍ 11 മുതല്‍ അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെയുള്ള 112 ദിവസങ്ങളില്‍ മില്‍മയില്‍ സ്വീകരിക്കുന്ന ഓരോ ലിറ്റര്‍ പാലിനും 2 രൂപ വീതം അധിക വില ലഭിക്കും.
പ്രതിദിനം ഏകദേശം അഞ്ചര ലക്ഷം ലിറ്റര്‍ പാലാണ് മലബാര്‍ ജില്ലകളിലെ കര്‍ഷകര്‍ മില്‍മക്കു നല്‍കുന്നത്. 112 ദിവസങ്ങളിലെ പാലിന് അധിക വിലയായി പന്ത്രണ്ടര കോടി രൂപയാണ് കര്‍ഷകരിലെത്തുക. ഇതില്‍ 21 ദിവസത്തെ തുകയായി രണ്ടര കോടി രൂപ ക്രിസ്തുമസിനു മുന്നോടിയായി 21 ന് ക്ഷീര സംഘങ്ങളുടെ അക്കൗണ്ടിലിടും. ഇതു കൂടാതെ ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെ നല്‍കുന്ന ഓരോ ലിറ്റര്‍ പാലിനും ഒരു രൂപ പ്രകാരം ക്ഷീര സംഘങ്ങള്‍ക്ക് പ്രവര്‍ത്തന സബ്‌സിഡിയായി നല്‍കും.
ഈ ഇനത്തിലുള്ള 5 കോടി രൂപ മുടങ്ങാതെ പാല്‍ നല്‍കുന്ന ക്ഷീര സംഘങ്ങളുടെ അക്കൗണ്ടിലേക്ക് സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിനു മുമ്പായി നിക്ഷേപിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്. ക്ഷീരസംഘങ്ങള്‍ക്ക് മില്‍മയില്‍ ഓഹരിയാക്കി മാറ്റുന്നതിന് ലിറ്ററിന് രണ്ടു രൂപ പ്രകാരം മറ്റൊരു 10 കോടി രൂപ കൂടി 2016 മാര്‍ച്ച് 31 നു മുമ്പായി നല്‍കും. ഇതോടെ ക്ഷീരസംഘങ്ങള്‍ക്ക് മില്‍മയുടെ മലബാര്‍ മേഖലാ ക്ഷീരോല്‍പാദക യൂനിയനുള്ള ഓഹരി നിക്ഷേപം 45 കോടി രൂപയായി വര്‍ദ്ധിക്കും. ഇത് മിക്കവാറും പൂര്‍ണമായി മില്‍മയുടെ വിഹിതം വര്‍ഷങ്ങളായി ക്ഷീര സംഘങ്ങളിലേക്കു കൈമാറി സൃഷ്ടിച്ചെടുത്തതാണെന്നും നിലവില്‍ 50 കിലോ ചാക്കൊന്നിന് 85 രൂപ പ്രകാരം നല്‍കി വരുന്ന കാലിത്തീറ്റ സബ്‌സിഡിക്കു പുറമെയാണ് മേല്‍പ്പറഞ്ഞ ആനുകൂല്യങ്ങളെന്നും മൂന്നുകോടി രൂപയാണ് ഈ സാമ്പത്തികവര്‍ഷം കാലിത്തീറ്റ സബ്‌സിഡി നല്‍കുവാന്‍ പ്രതീക്ഷിക്കുന്നതെന്നും മില്‍മ മലബാര്‍ മേഖല ചെയര്‍മാന്‍ കെ എന്‍ സുരേന്ദ്രന്‍ നായര്‍, മാനേജിങ് ഡയറക്ടര്‍ കെ ടി തോമസ് അറിയിച്ചു.
Next Story

RELATED STORIES

Share it