kozhikode local

മില്‍ക് സര്‍ബത്ത് കടയുടമ മരിച്ചെന്ന് വാട്ട്‌സ്ആപ്പില്‍ വ്യാജ സന്ദേശം

കോഴിക്കോട്: കോഴിക്കോട്ടങ്ങാടിയിലെ മില്‍ക്ക് സര്‍ബത്തിന്റെ പെരുമ മലബാറിലെങ്ങും പാട്ടാണ്. കോഴിക്കോടിന്റെ രുചിപ്പെരുമ പൂര്‍ത്തിയാവുന്നത് സിഎച്ച് ഓവര്‍ ബ്രിഡ്ജിന് സമീപത്തെ ഭാസ്‌കരേട്ടന്റെ സര്‍ബത്ത് കടയിലെ മില്‍ക്ക് സര്‍ബത്തിനെക്കുറിച്ച് കൂടി പറയുമ്പോഴാണ്. എന്നാല്‍,  ഇന്നലെ രാവിലെ മുതലിറങ്ങിയ വാട്ട്‌സ്ആപ്പ് സന്ദേശങ്ങള്‍ ആളുകളെ ശരിക്കും ഞെട്ടിച്ചു.
മകന്‍ കെ പി മുരളീധരന്റെ പടത്തിന് താഴെ ഭാസ്‌കരേട്ടന്‍ മരിച്ചെന്നു പറഞ്ഞാണ് വാര്‍ത്ത പ്രചരിച്ചത്.  വിവരമറിയാന്‍ രാവിലെ മുതല്‍ ബന്ധുക്കളും സുഹൃത്തുക്കളും മുരളീധരന്റെ ഫോണിലേക്ക് വിളിക്കാന്‍ തുടങ്ങിയിരുന്നു. മിനിറ്റുകള്‍ക്കകം സോഷ്യല്‍ മീഡിയയില്‍ ഇത് വൈറലായി.
തുടര്‍ന്ന് മുരളീധരന്‍ തന്നെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടാണ് പ്രശ്‌നം പരിഹരിച്ചത്. ഞാന്‍ മരണപ്പെട്ടു എന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഞാന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. ഭാസ്‌കരന്‍ എന്നയാള്‍ എന്റെ അച്ഛനാണ്. അദ്ദേഹം മരിച്ചിട്ട് 14 വര്‍ഷമായി’’ എന്ന പോസ്റ്റാണ് മുരളീധരന്‍ ഇട്ടത്. സഹോദരങ്ങളായ ഭാസ്‌കരനും കുമാരനുമാണ് അറുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് സര്‍ബത്ത് കട ആരംഭിച്ചത്. 14 വര്‍ഷം മുമ്പ് ഭാസ്‌കരന്‍ മരണപ്പെട്ടത് മുതല്‍ കട നടത്തുന്നത് അദ്ദേഹത്തിന്റെ മക്കളായ കെ പി മുരളീധരനും കെ പി മനോജുമാണ്. വ്യാജ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തണമെന്നാവശ്യപ്പെട്ട് മുരളീധരന്‍ നടക്കാവ് പോലിസില്‍ പരാതി നല്‍കി.
Next Story

RELATED STORIES

Share it