thrissur local

മില്ലുടമകള്‍ സമരം പിന്‍വലിച്ചിട്ടും നെല്ല് സംഭരണത്തില്‍ നടപടിയായില്ല

തൃശൂര്‍: ജില്ലയില്‍ നെല്ല് സംഭരണത്തിലെ അനിശ്ചിതത്വത്തിന് അറുതിയായില്ല. മില്ലുടമകള്‍ സമരം പിന്‍വലിച്ചുവെങ്കിലും നെല്ല് സംഭരണത്തില്‍ കര്‍ഷകരുടെ ആശങ്ക തുടരുകയാണ്. സപ്ലൈകോ എംഡി അസോസിയേഷന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് മില്ലുടമകള്‍ സമരം പിന്‍വലിച്ചത്.
അതേസമയം മില്ലുടമകളുടെ ചൂഷണത്തിനെതിരേ കോള്‍ കര്‍ഷകര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ കാലതാമസം നേരിടുന്നതാണ് ജില്ലയില്‍ അനിശ്ചിതത്വം തുടരാനിടയാക്കിയിരിക്കുന്നത്. അതേസമയം, തൃപ്രയാറിലെ പഴുവില്‍ ജയന്തിപടവ് പാടശേഖരത്തില്‍ നെല്ല് സംഭരണത്തിന് നടപടിയായി. പാടശേഖരത്തില്‍ സൂക്ഷിച്ചിരുന്ന നെല്ല് ഇന്നലെ രാവിലെ മുതല്‍ മില്ലുകാര്‍ കൊണ്ടുപോയി തുടങ്ങി. അഞ്ചുദിവസം മുന്‍പാണ് ജയന്തിപടവ് പാടശേഖരത്തില്‍ കൊയ്ത്ത് ആരംഭിച്ചത്.
തുടക്കത്തില്‍ കൊയ്‌തെടുത്ത നെല്ലില്‍ ഏതാനും ലോഡ് മില്ലുകാര്‍ കൊണ്ടുപോയിരുന്നെങ്കിലും പിന്നീട് അതുനിലച്ചു. കൊയ്‌തെടുത്ത നെല്ല് ചാക്കുകളിലായി പാടശേഖരത്ത് തന്നെയാണ് സൂക്ഷിച്ചിരുന്നത്. ചിലയിടങ്ങളില്‍ സ്വകാര്യവ്യക്തികളുടെ പുരയിടങ്ങളിലും നെല്ല് സൂക്ഷിച്ചിരുന്നു. കൊയ്ത്ത് ഏറെക്കുറെ പൂര്‍ത്തിയാകാറായിട്ടും മില്ലുകാര്‍ എത്താത്തത് കര്‍ഷകരെ ആശങ്കയിലാക്കി. കൊയ്ത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് ചിലയിടങ്ങളില്‍ മഴ പെയ്തത് ആശങ്ക വര്‍ധിപ്പിക്കുന്നതിനും കാരണമായി. ഇതിനിടെ പാടശേഖരത്തില്‍ ചാക്കുകളായി അട്ടിയിട്ട നെല്ല് ചൂടേറ്റ് പുഴുകിയും, മഞ്ഞ് വീണും ഈര്‍പ്പം ബാധിക്കാനും തുടങ്ങി. എല്ലാ വര്‍ഷവും നെല്ലിന്റെ വില കുറയ്ക്കാന്‍ മില്ലുടമകളുമായി ഒത്തുകളി നടക്കുന്നതായ ആരോപണം നേരത്തേ കര്‍ഷകര്‍ക്കിടയിലുണ്ട്. നിലവില്‍ ജയന്തിപടവ് പാടശേഖരത്തില്‍ ഏതാനും ഭാഗങ്ങളില്‍ കൂടി കൊയ്ത്ത് നടന്നുവരികയാണ്.
നെല്ല് സംഭരണ വില ഉയര്‍ത്തുക, കരാര്‍ വ്യവസ്ഥകള്‍ക്ക് വ്യത്യസ്തമായി കൊയ്ത നെല്ല് കൃഷിക്കാര്‍ മില്ലുടമകള്‍ നിര്‍ദ്ദേശിക്കുന്ന സ്ഥലത്ത് എത്തിക്കണമെന്ന വ്യവസ്ഥ പിന്‍വലിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളില്‍ പരിഹാരം കാണാത്തതാണ് ആശങ്കയ്ക്കിടയാക്കിയിരിക്കുന്നത്. കോള്‍ കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ക്ക് ജില്ലാ ഭരണകൂടം നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് തുടര്‍ സമരപരിപാടികള്‍ക്കായി കോള്‍കര്‍ഷകരുടെ യോഗം ചേരുമെന്ന് കോള്‍കര്‍ഷക സംഘം ജില്ലാ പ്രസിഡന്റ് കെ കെ കൊച്ചുമുഹമ്മദ് അറിയിച്ചു.
കൊയ്ത്ത് കഴിഞ്ഞ് വിവിധ കോള്‍പാടങ്ങളില്‍ രണ്ടായിരത്തോളം ചാക്ക് നെല്ലാണ് കെട്ടിക്കിടക്കുന്നത്. ശക്തമായ വെയിലില്‍് നെല്ല് ഉണങ്ങി തൂക്കം കുറവ് വരുന്നതിനാല്‍ വിലയിലുണ്ടാകുന്ന നഷടം സഹിച്ചും ചുരുങ്ങിയ വിലയ്ക്ക് നെല്ല് കൊടുക്കാന്‍ നിര്‍ബന്ധിതരാവുന്ന സ്ഥിതിയിലാണ് കര്‍ഷകര്‍.
പൊണ്ണമുത, ചേര്‍പ്പ്, കാഞ്ഞാണി, മധുക്കര, തെക്കുപുറം കോള്‍പാടം എന്നിവിടങ്ങളിലാണ് കൊയ്ത്ത് നടക്കുന്നത്. വരും ദിവസങ്ങളില്‍ കരിമ്പാടം, ഏലമുത, അരിമ്പൂര്‍, അടാട്ട്, ചേറ്റുപുഴ കോള്‍പാടങ്ങളിലാണ് കൊയ്ത്ത് നടക്കാനുള്ളത്. ഇതിന് മുമ്പ് തന്നെ കോള്‍ കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ കൃഷിവകുപ്പ് മന്ത്രിയുടെയും, ജില്ലാ ഭരണകൂടത്തിന്റെയും ഭാഗത്ത് നിന്ന് പരിഹാര നടപടികള്‍ ഉണ്ടാകണമെന്ന നിലപാടിലാണ് കര്‍ഷകര്‍.
Next Story

RELATED STORIES

Share it