World

മില്ലി മുസ്‌ലിംലീഗ് യുഎസ് ഭീകരപ്പട്ടികയില്‍

വാഷിങ്ടണ്‍: ജമാഅത്തുദ്ദഅ്‌വ നേതാവ് ഹാഫിസ് സഈദ് രൂപീകരിച്ച രാഷ്ട്രീയപ്പാര്‍ട്ടിയായ മില്ലി മുസ്‌ലിംലീഗിനെ (എംഎംഎല്‍) യുഎസ് ഭീകരപ്പട്ടികയിലുള്‍പ്പെടുത്തി. മില്ലി മുസ്‌ലിംലീഗിന്റെ കേന്ദ്ര നേതൃത്വത്തിലുള്ള ഏഴുപേരെ വിദേശ ഭീകരവാദികളായും യുഎസ് പ്രഖ്യാപിച്ചു.
തെഹ്‌രീകെ ആസാദി കശ്മീര്‍ (ടിഎജെകെ) സംഘടനയെയും യുഎസ് പട്ടികയിലുള്‍പ്പെടുത്തിയിട്ടുണ്ട്. മില്ലി മുസ്‌ലിംലീഗും ടിഎജെകെയും ലശ്കറെ ത്വയ്യിബയുടെ മുന്നണി സംഘടനയാണെന്നു യുഎസ് വിദേശകാര്യ വകുപ്പ് ആരോപിക്കുന്നു. ഈ സംഘടനകള്‍ പാകിസ്താനില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നുണ്ട്. ലശ്കറെ ത്വയ്യിബയ്‌ക്കെതിരായ ഉപരോധത്തെ മറികടക്കുന്നതിനായാണ് അവര്‍ മറ്റു സംഘടനകളുടെ പേരില്‍ പ്രവര്‍ത്തിക്കുന്നതെന്നും യുഎസ് അഭിപ്രായപ്പെട്ടു.
പാകിസ്താനില്‍ പൊതു തിരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് എംഎംഎല്ലിനെതിരായ യുഎസ് നീക്കം. രാഷ്ട്രീയപ്പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്യുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നു പാകിസ്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മില്ലി മുസ്‌ലിംലീഗ് നേതൃത്വത്തോട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. അംഗീകാരം ആശ്യപ്പെട്ടുള്ള എംഎംഎല്ലിന്റെ അപേക്ഷ തിരഞ്ഞെടുപ്പു കമ്മീഷന്‍ മുമ്പ് തള്ളിയിരുന്നു. പാര്‍ട്ടിക്ക് നിരോധിത  സംഘടനയുമായുള്ള ബന്ധം ചൂണ്ടിക്കാട്ടി ആഭ്യന്തര മന്ത്രാലയം എതിര്‍പ്പു പ്രകടിപ്പിച്ചതിനെത്തുടര്‍ന്നായിരുന്നു അത്.
Next Story

RELATED STORIES

Share it