kannur local

മിന്നുംതാരമായി ബാലശ്രീ ജേതാവ്

കണ്ണൂര്‍: കേരളത്തില്‍ നിന്നുള്ള 2015ലെ ബാലശ്രീ താരമായി രാഷ്ട്രപതിയുടെ മെഡല്‍ നേടിയ നിഹാരിക എസ് മോഹന്‍ മേളയുടെ മിന്നുംതാരമായി. ഹൈസ്‌കൂള്‍ വിഭാഗം നങ്ങ്യാര്‍കൂത്ത്, ഓട്ടംതുള്ളല്‍ എന്നിവയ്ക്കു പുറമേ ഇന്നലെ നടന്ന മോണോആക്ടിലും നിഹാരിക എസ് മോഹന്‍ ഒന്നാംസ്ഥാനം നേടി. കഴിഞ്ഞ വര്‍ഷവും ഇതേ ഇനങ്ങളില്‍ ഒന്നാം സ്ഥാനം നിഹാരികയ്ക്കായിരുന്നു.
കഴിഞ്ഞ തവണ ജില്ലയിലെ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇത്തവണ കീരികീരി കിണ്ണംതാ എന്ന സ്‌കൂളിന്റെ നാടകത്തിലും മുഖ്യവേഷം ചെയ്യുന്നുണ്ട്. ചൊക്ലി രാമവിലാസം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം തരം വിദ്യാര്‍ഥിയായ നിഹാരിക ആറാംവയസ്സു മുതല്‍ അഭിനയ രംഗത്തു സജീവമാണ്.
ആകാശവാണിയുടെ ബി ഗ്രേഡ് ആര്‍ട്ടിസ്റ്റ് കൂടിയായ നിഹാരിക കഴിഞ്ഞ വര്‍ഷം നടന്ന സംസ്ഥാന കലോല്‍സവത്തില്‍ നങ്ങ്യാര്‍കൂത്തില്‍ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. മലാല യൂസുഫ് സായിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള 'മലാല അക്ഷരങ്ങളുടെ മാലാഖ' എന്ന ഏകപാത്ര നാടകം കേരളത്തിനകത്തും പുറത്തും അവതരിപ്പിച്ചു വരികയാണ്.
സിനിമ, സീരിയല്‍ രംഗത്തും സജീവമായ നിഹാരിക ഇതിനകം അഞ്ച് സിനിമയിലും രണ്ട് സീരിയലിലും ഒട്ടേറെ ഹ്രസ്വചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
അഭിനയത്തിനു പുറമേ നൃത്തം, മൃദംഗം, സംഗീതം, സിത്താര്‍ എന്നിവയിലും പരിശീലനം നേടുന്നുണ്ട്. ചൊക്ലി മേനപ്രത്തെ ടി ടി മോഹനന്റെയും ഷൈനിയുടെയും മകളാണ്.
Next Story

RELATED STORIES

Share it