wayanad local

മിന്നല്‍പ്പണിമുടക്ക് നടത്തിയിട്ടില്ലെന്ന് സ്വകാര്യ ബസ് ജീവനക്കാര്‍

കല്‍പ്പറ്റ: കഴിഞ്ഞ ദിവസം കല്‍പ്പറ്റയില്‍ സ്വകാര്യബസ് ജീവനക്കാര്‍ മിന്നല്‍പ്പണിമുടക്ക് നടത്തിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നു മോട്ടോര്‍ത്തൊഴിലാളി സംയുക്ത യൂനിയന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജീവനക്കാര്‍ക്കെതിരേ ആക്രമണമുണ്ടാവുമ്പോള്‍ ഷെഡ്യൂളുകള്‍ തെറ്റുന്നതോടെ സര്‍വീസ് മുടങ്ങുകയാണ്. ഇതു പലപ്പോഴും മിന്നല്‍പ്പണിമുടക്കായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്യുന്നു. കഴിഞ്ഞ ദിവസം പിണങ്ങോടും കല്‍പ്പറ്റയിലും ഇതാണ് സംഭവിച്ചത്. കല്‍പ്പറ്റയില്‍ നാട്ടുകാര്‍ അകാരണമായി ബസ് തടഞ്ഞപ്പോള്‍ ഉടന്‍ ഇതു സംബന്ധിച്ച് കല്‍പ്പറ്റ പോലിസില്‍ പരാതി നല്‍കിയതാണ്.
എന്നാല്‍, പ്രിന്‍സിപ്പല്‍ എസ്‌ഐയുടെ അനാസ്ഥയാണ് സര്‍വീസ് വൈകാനിടയാക്കിയത്. ബസ് തടഞ്ഞവര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ എസ്‌ഐ തയ്യാറായില്ല. പിന്നീട് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. സ്വകാര്യബസ് ജീവനക്കാര്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ സാഹചര്യമൊരുക്കണം. സ്വകാര്യ ബസ് ജീവനക്കാരെ വിദ്യാര്‍ഥികളുള്‍പ്പെടെ മര്‍ദ്ദിക്കുന്നതു പതിവായിരിക്കുകയാണ്. മര്‍ദ്ദിച്ച വിദ്യാര്‍ഥികള്‍ക്കെതിരേയും കല്‍പ്പറ്റയില്‍ ബസ്സുകള്‍ തടഞ്ഞിട്ടവര്‍ക്കെതിരേയും കര്‍ശന നടപടി സ്വീകരിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. എം ഷാജി, എം ജെ ജെയിംസ്, സി കെ സുരേന്ദ്രന്‍, കെ ബഷീര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it