മിന്നലോട്ടക്കാരായി പ്രണവും ജിസ്‌നയും

കോഴിക്കോട്: 59ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ഗ്ലാമര്‍ ഇനമായ സീനിയര്‍ ആണ്‍-പെണ്‍ വിഭാഗങ്ങളിലെ 100 മീറ്റര്‍ അവസാനിച്ചപ്പോള്‍ ജേതാക്കളായത് കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂളിലെ കെ എസ് പ്രണവും കോഴിക്കോട് ഉഷ സ്‌കൂളിലെ ജിസ്‌ന മാത്യുവും. സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ 10.84 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് പ്രണവ് മീറ്റിലെ ഏറ്റവും വേഗമേറിയ ആണ്‍കുട്ടിയായത്.
മലപ്പുറം ഐഡിയല്‍ സ്‌കൂളിലെ അശ്വിന്‍ സണ്ണി (10.87 സെ) വെള്ളിയും തിരുവനന്തപുരം ജി വി രാജയിലെ പി എസ് സന്ദീപ് (11.18 സെ) വെങ്കലവും നേടി. 12.08 സെക്കന്‍ഡില്‍ ഓടിയെത്തി മീറ്റ് റെക്കോഡ് തിരുത്തിയാണ് സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ ജിസ്‌ന പൊന്നണിഞ്ഞത്. ഉഷ സ്‌കൂളിലെ തന്നെ ശില്‍പയുടെ റെക്കോഡാണ് ജിസ്‌ന പഴങ്കഥയാക്കിയത്. 12.46 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ഷഹര്‍ബാന വെള്ളിയും 12.6 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത സയാന വെങ്കലവും നേടി.
ഇന്നലെ ആറ് മീറ്റ് റെക്കോഡുകളാണ് പിറന്നത്. ഇതില്‍ രണ്ടെണ്ണം ദേശീയ റെക്കോഡിനെ മറികടന്ന പ്രകടനമായിരുന്നു. 105 പോയിന്റുമായി നിലവിലെ ചാംപ്യന്‍മാരായ എറണാകുളമാണ് രണ്ടാംദിനവും തലപ്പത്ത് നില്‍ക്കുന്നത്. 76 പോയിന്റുള്ള പാലക്കാടാണ് രണ്ടാംസ്ഥാനത്ത്. ആതിഥേയരായ കോഴിക്കോട് 48 പോയിന്റുമായി മൂന്നാംസ്ഥാനത്തുണ്ട്. സ്‌കൂളുകളില്‍ 50 പോയിന്റുള്ള എറണാകുളം മാര്‍ബേസിലാണ് ഒന്നാംസ്ഥാനത്ത്.
Next Story

RELATED STORIES

Share it