Azhchavattam

മിനിസ്‌ക്രീനില്‍ ഒരു കര്‍ഷകബാലന്‍

മിനിസ്‌ക്രീനില്‍ ഒരു കര്‍ഷകബാലന്‍
X
bollywood

മുഹമ്മദ് പടന്ന
താ ഛത്തീസ്ഗഡില്‍നിന്ന് ബോളിവുഡിലേക്ക് കണ്ണുംനട്ട് ഒരു കൊച്ചു ഖാന്‍. ഇല്ലായ്മകളോടൊപ്പം വളര്‍ന്ന കര്‍ഷകനായ ഇസ്മയില്‍ ഖാന്റെ പുത്രനായ പന്ത്രണ്ടുകാരനായ ശുഹൈബ് ഖാന്‍ ഇന്ന് ഹിന്ദി സീരിയല്‍ രംഗത്തെ മിന്നുംതാരമാണ്. പ്രശസ്തമായ നിരവധി സീരിയലുകളില്‍ അവന്‍ അഭിനയിച്ചുകഴിഞ്ഞു. ബോളിവുഡാണ് ശുഹൈബിന്റെ അടുത്ത സ്വപ്‌നം. ധാന്യങ്ങള്‍ കൃഷി ചെയ്തു ജീവിക്കുന്ന ഇസ്മയില്‍ ഖാന് കൃഷി വമ്പിച്ച നഷ്ടമാണു വരുത്തിവച്ചത്. അതോടെ ജീവിക്കാന്‍ മറ്റു വഴികള്‍ തേടാന്‍ കുടുംബം നിര്‍ബന്ധിതരായി. 'ജോധ അക്ബര്‍' എന്ന സീരിയലിലേക്ക് ബാലതാരത്തെ തിരഞ്ഞെടുക്കുന്നു എന്ന വിവരം ആരോ പറഞ്ഞാണ് അറിഞ്ഞത്. അതവര്‍ക്കൊരു പിടിവള്ളിയായി തോന്നി. മകന്റെ കഴിവില്‍ വിശ്വാസമര്‍പ്പിച്ച് ആ പിതാവും പുത്രനും ബാലാജി ടെലിഫിലിം കമ്പനിയുടെ മുംബൈ ഓഫിസിലേക്കു പുറപ്പെട്ടു.

അന്നത്തെ ഓഡിഷനില്‍ രണ്ടായിരത്തോളം കുട്ടികള്‍ പങ്കെടുത്തു. ഒടുവില്‍ 'ജോധ അക്ബറി'ലെ ഹൈദറിന്റെ കുട്ടിക്കാലം അവതരിപ്പിക്കാന്‍ നറുക്കുവീണത് ശുഹൈബിന്. 2013ലാണ് ശുഹൈബിന്റെ അഭിനയജീവിതത്തിന്റെ തുടക്കം. ഇന്നവന്‍ ഇന്ത്യയിലെ ഏറ്റവും അറിയപ്പെടുന്ന ബാലതാരമാണ്. 'ജോധ അക്ബറി'നു ശേഷം ശുഹൈബിന് തിരക്കൊഴിഞ്ഞിട്ടില്ല. 'ചിഡിയ ഘര്‍', 'ഡിഐഡി സൂപ്പര്‍മാന്‍', 'ബാല്‍ ഗോപാല്‍', 'മഹാരക്ഷക് ദേവി', 'സൂര്യ പുതര്‍കണ്‍', 'യമ് ഹെ ഹം', 'പോലിസ് ഫാക്ടറി' തുടങ്ങിയ സീരിയലുകളില്‍ ശുഹൈബ് വേഷമിട്ടു. ഇപ്പോള്‍ ദൂരദര്‍ശനിലെ 'പ്രഗതി' എന്ന സീരിയലിലാണ് അഭിനയിക്കുന്നത്. 'ദില്‍മെ ആഗത് തമന്നാ ഹൊ തൂ' എന്ന സീരിയലില്‍ നായകനായിരുന്നു. മറാഠി സീരിയലായ 'കറെ ദ്വരക', 'ലാല്‍ച്ച്' തുടങ്ങിയവയിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു.

bollywood-2ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ധോണിയുമൊത്ത് പരസ്യചിത്രം ചെയ്യാന്‍ കരാറായിട്ടുണ്ടെന്ന് ശുഹൈബ് പറയുന്നു. സല്‍മാന്‍ഖാന്‍, ഷാരൂഖ് ഖാന്‍ തുടങ്ങിയ ഹിന്ദിയിലെ ഖാന്‍മാര്‍ പല വേദികളിലായി നേരിട്ടഭിനന്ദിച്ചത് ഒരു ഭാഗ്യമായാണ് ശുഹൈബ് കരുതുന്നത്. സീരിയലിന്റെ തിരക്കുമൂലം ഒട്ടേറെ ക്ഷണമുണ്ടായിട്ടും റിയാലിറ്റി ഷോകളില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ ശുഹൈബിന് വിഷമമുണ്ട്. സീരിയലില്‍ സജീവമാണെങ്കിലും ശുഹൈബിന് ബോളിവുഡിലേക്ക് ഇതുവരെയും കാലെടുത്തുവയ്ക്കാനായിട്ടില്ല. ഉടന്‍ സാധിക്കുമെന്നു തന്നെയാണ് പ്രതീക്ഷ. അഭിനയത്തിനു പുറമേ നന്നായി നൃത്തം ചെയ്യുകയും പാട്ടു പാടുകയും വരയ്ക്കുകയും കഥയെഴുതുകയും ചെയ്യും ഈ ബാലന്‍. സീരിയല്‍ അഭിനയത്തിന് 2014ലെ സീ റിഷ്ത അവാര്‍ഡ് ശുഹൈബിനായിരുന്നു. മലയാളം ഉള്‍പ്പെടെ ഏതു ഭാഷയില്‍ നിന്നു ക്ഷണം വന്നാലും താന്‍ അഭിനയിക്കുമെന്ന് ശുഹൈബ് പറയുന്നു.വീട്ടിലെ ദാരിദ്ര്യം മൂലം ആറാംക്ലാസു വരെയേ പഠിക്കാന്‍ സാധിച്ചിട്ടുള്ളൂ. എന്തു തിരക്കുണ്ടെങ്കിലും തുടര്‍പഠനം നടത്തണമെന്നാണ് ഈ പിതാവിന്റെയും മകന്റെയും ആഗ്രഹം. ഛത്തീസ്ഗഡിലെ ബിലാസ്പൂര്‍ ജില്ലയിലെ താലപ്പാറയാണ് ശുഹൈബിന്റെ ജന്മനാട്. ശാഹിര്‍ഖാന്‍ ആണ് മാതാവ്. നൗഷിന്‍ ഖാന്‍ ഒരേയൊരു സഹോദരിയും.
Next Story

RELATED STORIES

Share it