മിനിമം വേതനം 20,000 രൂപനഴ്‌സുമാരുടെ വേതനം: അന്തിമ വിജ്ഞാപനം ഉടന്‍

കൊച്ചി: സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ക്ക് വേതനം പുതുക്കുന്നതിനുള്ള അന്തിമ വിജ്ഞാപനം ഉടന്‍ പ്രസിദ്ധീകരിച്ചേക്കും. സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ രൂപീകരിച്ച കേന്ദ്ര സെക്രട്ടറിതല കമ്മിറ്റി നഴ്‌സുമാര്‍ക്ക് നല്‍കേണ്ട ഏറ്റവും കുറഞ്ഞ വേതനം 20,000 രൂപയാണെന്ന് ശുപാര്‍ശ ചെയ്തിരുന്നു. മിനിമം വേതനം അഡൈ്വസറി കമ്മിറ്റി സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ള ശുപാര്‍ശയിലും കുറഞ്ഞ വേതനം 20,000 രൂപയാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഈ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയ സാഹചര്യത്തില്‍ അന്തിമ വിജ്ഞാപനം ഉടന്‍ ഉണ്ടായേക്കുമെന്നാണ് സൂചന.
2013ലെ വിജ്ഞാപനപ്രകാരം സ്റ്റാഫ് നഴ്‌സിന് അടിസ്ഥാന ശമ്പളം 8,975 രൂപയാണ്. എന്നാല്‍ പുതിയ വിജ്ഞാപനം വരുന്നതോടെ ഇത് 20,000 രൂപയാവും. ഇതുപ്രകാരം സംസ്ഥാനത്ത് സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ക്ക് അടിസ്ഥാന ശമ്പളത്തില്‍ ഇരട്ടിയിലധികം വര്‍ധനയും ആകെ ശമ്പളത്തില്‍ 50 ശതമാനത്തിലധികം വര്‍ധനയും ലഭിക്കും. ആശുപത്രിക്കിടക്കകളുടെ എണ്ണം വര്‍ധിക്കുന്നതിന് ആനുപാതികമായി ശമ്പളവും വര്‍ധിക്കും. മിനിമം വേതന വര്‍ധന സംബന്ധിച്ച പ്രാഥമിക വിജ്ഞാപനത്തില്‍ 400ഓളം ആക്ഷേപങ്ങളാണ് ആകെ ലഭിച്ചത്. ഇക്കാര്യത്തിലുള്ള നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ച് സര്‍ക്കാരാണ് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കേണ്ടത്.
മാര്‍ച്ച് 31നകം അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയിരുന്നെങ്കിലും ഹൈക്കോടതിയില്‍ കേസ് നിലവിലുണ്ടായിരുന്നതിനാല്‍  അതിന് സാധിച്ചില്ല. മിനിമം വേതന ഉപദേശക സമിതിയുടെ ശുപാര്‍ശ ലഭിക്കുകയും ഹൈക്കോടതി വിലക്ക് നീക്കുകയും ചെയ്ത സാഹചര്യത്തില്‍ അന്തിമ വിജ്ഞാപനത്തിന് കാലതാമസം ഉണ്ടാവില്ലെന്നാണു സൂചന.
Next Story

RELATED STORIES

Share it